ഡ്രൈവർ കുഴഞ്ഞുവീണു; നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി സാഹസികമായി നിര്‍ത്തിയ പോലീസുകാരന് അഭിനന്ദനപ്രവാഹം, പാരിതോഷികം
Sunday, June 28, 2020 8:44 PM IST
ലോഡുമായി വന്ന കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ കുഴഞ്ഞ് വീണതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തിലേക്ക് ചാടിക്കയറി വാഹനം നിർത്തി വൻദുരന്തം ഒഴിവാക്കിയ പോലീസ് ഉദ്യോഗസ്ഥന് പാരിതോഷികം. പാലക്കാട് ആലത്തൂർ ഹൈവേ പോലീസിൽ ഡ്രൈവറായ സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ. വിനോദിനാണ് 3000 രൂപ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദന സർട്ടിഫിക്കറ്റും നൽകാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്.
വെള്ളിയാഴ്ച രാവിലെ ആലത്തൂർ സ്വാതി ജംഗ്ഷനിലായിരുന്നു സംഭവം. ഇടറോഡിൽ സ്വന്തം ബൈക്കിന് സിഗ്നൽ കാത്തുനിൽക്കവെയാണ് ഹൈവേയിലൂടെ വന്ന കണ്ടെയിനർ ലോറി അപകടകരമായി റോഡരികിലേക്ക് നീങ്ങുന്നത് വിനോദിന്റെ ശ്രദ്ധയിൽപ്പെട്ടത്. ലോറിക്ക് മുന്നിലായി ധാരാളം വാഹനങ്ങളുമുണ്ടായിരുന്നു. ലോറിഡ്രൈവർ സ്റ്റിയറിങ്ങിൽ തളർന്നുകിടക്കുന്നത് കണ്ട വിനോദ് അസാമാന്യ മനസാന്നിധ്യത്തോടെ ഡ്രൈവറുടെ കാബിൻ തുറന്ന് ലോറിയ്ക്കകത്തു കയറി സ്റ്റിയറിംഗ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിർത്തുകയായിരുന്നു.
ഇതിനിടെ അപസ്മാരം വന്ന് കുഴഞ്ഞുപോയ ഡ്രൈവർ വിനോദിന്റെ ദേഹത്തേക്ക് വീണു. ഉത്തർപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.