45 മിനിറ്റിനുള്ളില്‍ കോവിഡ് കണ്ടെത്താന്‍ സംവിധാനം; യുഎസ് സംഘത്തില്‍ മലയാളി യുവതിയും
Monday, March 30, 2020 6:59 PM IST
കൊറോണ വൈറസ് വ്യാപനത്തിന്റെ വിഷമസ്ഥിതിയില്‍ നില്ക്കുന്നതിനിടയില് രോഗപ്രതിരോധമാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന കാര്യത്തിലും കാസര്‍ഗോഡ് നിന്നൊരു അഭിമാനത്തിളക്കം. കഴിഞ്ഞദിവസം യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അംഗീകാരം നല്കിയ 45 മിനിറ്റിനകം കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചെടുത്ത സംഘത്തില്‍ ഉള്‍പ്പെട്ട കാസര്‍ഗോഡ് പെരിയ സ്വദേശിനിയായ ചൈത്ര സതീശനാണ് ജില്ലയ്ക്ക് അഭിമാനമായത്.
കാലിഫോര്‍ണിയ ആസ്ഥാനമായ സെഫിഡ് എന്ന സ്ഥാപനത്തില്‍ ബയോ മെഡിക്കല്‍ എന്‍ജിനിയറായി പ്രവര്‍ത്തിക്കുകയാണ് ചൈത്ര. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ഗംഗാധരന് നായരുടെ കൊച്ചുമകളും യുഎസില്‍ ബാങ്ക് ഉദ്യോഗസ്ഥയുമായ പെരിയ സ്വദേശിനി ഷീജയുടെയും അവിടെ തന്നെ എന്‍ജിനിയറായ പയ്യന്നൂര്‍ സ്വദേശി സതീശന്റെയും മകളാണ്. വിദ്യാഭ്യാസരംഗത്തെ മികവിന് യുഎസ് പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയിട്ടുള്ള ചൈത്ര കാലിഫോര്‍ണിയയിലെ യുസി ഡേവിസ് എന്‍ജിനിയറിംഗ് കോളജില്‍ നിന്നാണ് ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയത്.
നിലവില്‍ അമേരിക്കയില്‍ കോവിഡ്-19 വൈറസ് രോഗം സ്ഥിരീകരിക്കാന്‍ ഒരു ദിവസത്തിലേറെ എടുക്കുന്നുണ്ട്. പുതിയ സംവിധാനത്തിലൂടെ രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താനും തുടക്കത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കാനും കഴിയുമെന്ന് അധികൃതര്‍ പറയുന്നു.
ഈ സംവിധാനമുപയോഗിച്ചു പരിശോധന നടത്താന്‍ പ്രത്യേക പരിശീലനമൊന്നും വേണ്ടെന്നും ഏതു സമയത്തും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും സെഫിഡ് കമ്പനി പ്രസിഡന്റ് വാറന്‍ കോക്മോണ്ട് പറയുന്നു. സാഹചര്യങ്ങളും സാമ്പത്തികഘടകങ്ങളും അനുകൂലമാണെങ്കില്‍ കേരളത്തിനും ഈ സംവിധാനം പ്രയോജനപ്പെടുത്താനാകും.