കലാകാരന്മാർക്ക് ഐക്യദാർഢ്യം; മാന്ത്രിക ചിതയിൽ ഉപവസിച്ച് മജീഷ്യൻ സാമ്രാജ്
Thursday, September 16, 2021 7:41 PM IST
കോവിഡിന്റെ അവസാനമില്ലാത്ത നിയന്ത്രണത്തിൽ പെട്ട് ഉപജീവന മാർഗം വഴിമുട്ടി മരണത്തിന്റെ വക്കിൽ എത്തിനിൽക്കു ന്ന മാന്ത്രികരുടേയും സ്റ്റേജ് കലാകാരന്മാരുടേയും ദയനീയ അവസ്ഥ സൂചിപ്പിച്ചു കൊണ്ട് മജീഷ്യൻ സാമ്രാജ് മാന്ത്രിക ചിതയിൽ ഉപവസിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ ദഹന പേടകത്തിനുള്ളിലെ ചിതയിൽ ഇരുന്നുകൊണ്ടാണ് സാമ്രാജ് തന്റെ പ്രകടനം നടത്തിയത്.
കോവിഡ് മഹാമാരിയിൽ പെട്ട് ജീവൻ വെടിഞ്ഞതും ഉപജീവന മാർഗ്ഗം മുടങ്ങി ആത്മഹത്യ ചെയ്തതും ആയ മുപ്പതോളം സ്റ്റേജ് കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മാന്ത്രികർ സെക്രട്ടറിയേറ്റിനു മുന്നിൽ " സ്മൃതി ദീപം " ജ്വലിപ്പിച്ചു. തുടർന്ന് അതിൽ നിന്നും പകർന്ന തീ കൊണ്ട് സാമ്രാജ് ഉപവസിക്കുന്ന മാന്ത്രിക ചിതക്ക് തീ കൊളുത്തി.
ഇനിയുള്ള കാലം സ്റ്റേജ് കലാകാരന്മാർ ജീവിക്കണോ മരിക്കണോ എന്ന ചോദ്യം സമൂഹത്തിനു മുന്നിൽ ഉന്നയിച്ചു കൊണ്ട് നടത്തിയ ഈ മാന്ത്രിക ആവിഷ്കാരം ഒരു സമരമോ പ്രതിഷേധമോ അല്ല എന്നും ജീവിക്കാനും നിലനിൽക്കാനും വേണ്ടി കലാകാരന്മാരുടെ യാചന ആണ് എന്നും സാമ്രാജ് പറഞ്ഞു.
ജ്വല്ലറികളും ബാറുകളും തീയേറ്ററുകളും ഉൾപ്പെടെ തുറന്നിട്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 പേരെ പങ്കെടുപ്പിച്ച് പോലും കലാപരിപാടി നടത്താൻ കഴിഞ്ഞ രണ്ട് വർഷമായി സാധിക്കാത്തത് കലാകാരന്മാരെ മരണത്തിന്റെ വക്കിലേക്ക് എത്തിച്ചിരിക്കുക ആണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ മാന്ത്രികരുടെ കൂട്ടായ്മ ആയ മലയാളി മജീഷ്യൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ആണ് സെക്രട്ടറിയേറ്റിന് മുന്നിൽ പരിപാടി സംഘടിപ്പിച്ചത്. 14 ജില്ലകളിലും കളക്ടറേറ്റുകൾക്ക് മുന്നിൽ മാന്ത്രികർ കോവിഡ് ബോധവൽക്കരണ മാജിക്ക് സംഘടിപ്പിക്കും എന്ന് സംഘാടകർ അറിയിച്ചു..തുടർന്ന് സ്വന്തം തലയിൽ തീ കത്തിച്ച് തങ്ങളുടെ ദയനീയ അവസ്ഥ സർക്കാരിന്റെയും സമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിച്ചു.
പരിപാടിക്ക് ശേഷം മലയാളി മജീഷ്യൻസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും തങ്ങളുടെ ദയനീയ അവസ്ഥ ചൂണ്ടി കാണിച്ച് കൊണ്ടും ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും നിവേദനം നൽകി.