കളിമണ്ണഴകില് എംവിഎസിന്റെ മലയാളി മങ്ക
Monday, November 1, 2021 9:54 AM IST
വേറിട്ട ശില്പങ്ങളും കലാനിര്‍മിതികളും ഏറെയൊരുക്കിയ എ.വി. സുബ്രഹ്മണ്യന് എന്ന എംവിഎസ് കണ്ണമംഗലം കേരളപ്പിറവി ദിനത്തിലേക്കായി കരുതിവച്ചത് അഴകുള്ളൊരു മലയാളി മങ്കയെ. കളിമണ്ണില്‍ ഒരുക്കിയ മലയാളി മങ്കയുടെ ശില്പം മലപ്പുറത്തെ കണ്ണിമംഗലം ഗ്രാമത്തില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ തരംഗമാണ്.
വൈലോപ്പിള്ളിയുടെ മാമ്പഴം കവിതയ്ക്കു ശില്പാവിഷ്കാരം ഒരുക്കി ശ്രദ്ധ നേടിയിട്ടുള്ള എംവിഎസിന്റെ ഏറ്റവും പുതിയ നിര്‍മിതിയാണു മലയാളി മങ്ക. എട്ട് ഇഞ്ച് ഉയരത്തിലുള്ള ശില്പം ഒരുക്കാന്‍ രണ്ടു ദിവസമെടുത്തു.
കേരളീയത്തനിമയുള്ള വസ്ത്രവും മുല്ലപ്പൂവുമെല്ലാം നിറങ്ങള്‍ ചായിച്ചൊരുക്കിയപ്പോള് മലയാളി മങ്ക കൂടുതല്‍ സുന്ദരിയായി. കേരളപ്പിറവി സ്മൃതിദിനത്തില്‍ കേരളീയ സ്ത്രീത്വത്തിനുള്ള ആദരമായാണു മലയാളിമങ്കയുടെ ശില്പം ഒരുക്കിയതെന്ന് എംവിഎസ് പറഞ്ഞു.
എട്ടുവര്‍ഷമായി വിവിധ സ്വകാര്യ സ്കൂളുകളില്‍ ചിത്രകലാ അധ്യാപകനായി ജോലി ചെയ്യുന്ന എംവിഎസ് വര്ണനൂലുകളിലും ചെമ്പുകമ്പികളിലും ഗാന്ധിജിയുടെ ശില്പങ്ങള് ഒരുക്കിയും കൈയടി നേടിയിരുന്നു. ഓണക്കാലത്തു മാസ്കു ധരിച്ച മാവേലിയും, കോവിഡ്കാലത്തു സേവനം ചെയ്യുന്ന നഴ്സുമാര്‍ക്ക് ആദമറിയിച്ചുള്ള ശില്പവും ഇദ്ദേഹം ഒരുക്കി.
മനുഷ്യരൂപങ്ങളുടെ ശില്പങ്ങള്ക്കു പുറമേ, വിവിധ പഴം, പച്ചക്കറികള്‍ എന്നിവയും കളിമണ്ണുകുഴച്ച് മനോഹരമായി ഇദ്ദേഹം നിര്‍മിക്കും. ജലഛായത്തിലും പെയിന്റിംഗിലും മികവറിയിച്ചിട്ടുള്ള ഇദ്ദേഹം, കവിതകളും എഴുതിയിട്ടുണ്ട്.
മലപ്പുറം വേങ്ങരയ്ക്കടുത്തു കണ്ണമംഗലം പരേതനായ രാമചന്ദ്ര കുറുപ്പിന്റെ മകനാണ് എംവിഎസ് കണ്ണമംഗലം.
സിജോ പൈനാടത്ത്