ഒരു ദിവസത്തേക്ക് ഒരു നായയെപോലെ പെരുമാറാന്‍ പറഞ്ഞാല്‍ നമുക്ക് സാധിക്കുമോ. പറ്റുമെന്നും ഇല്ലെന്നുമുള്ള ഉത്തരങ്ങള്‍ വന്നേക്കാം.എന്നാല്‍ ജപ്പാനില്‍ നിന്നുള്ള ഒരു മനുഷ്യന്‍ തന്‍റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചതിന്‍റെ സന്തോഷത്തിലാണ്.

ഒരു ദിവസമെങ്കിലും മൃഗത്തെപ്പോലെ ആകണമെന്ന ആഗ്രമാണ് അയാൾ പ്രാവര്‍ത്തികമാക്കിയത്. ടോക്കോ ഈവ് എന്നയാളാണ് തന്‍റെ ആഗ്രഹത്തിന്‍റെ സാക്ഷാത്കാരം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചത്.

കോളി ഇനത്തില്‍പെട്ട നായയുടെ രൂപത്തിലേക്കെത്താന്‍ ഈവിനെ സഹായിച്ചത് സെപ്പറ്റ് എന്ന പ്രഫഷണല്‍ ഏജന്‍സിയാണ്. പ്രാദേശിക ജാപ്പനീസ് വാര്‍ത്ത വിതരണക്കാരായ ന്യൂസ് മൈനവിയുടെ റിപ്പോര്‍ട്ടനുസരിച്ച് സിനിമകള്‍, പരസ്യങ്ങള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയ്ക്കായി സെപ്പറ്റ് ധാരാളം ശില്‍പങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ടി.വി.ഷോകള്‍ക്കായും മറ്റും വസ്ത്രങ്ങളും ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്.

നായയിലേക്കുള്ള രൂപമാറ്റത്തിനുള്ള വസ്ത്രം ഒരുക്കിയെടുക്കാന്‍ 12 ലക്ഷത്തിലധികം (2 മില്യൺ യെന്‍) ചിലവ് വരുമെന്നും 40 ദിവസമെടുത്താണ് നിര്‍മ്മിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.യഥാര്‍ഥമായി തോന്നുക കോളിയായി മാറിയാലാണ് എന്നു തോന്നിയതിനലാണ് താന്‍ അത്തരമൊരു വേഷം സ്വീകരിച്ചതെന്ന് ടോക്കോ പറയുന്നു.

ഭംഗിയുള്ള ചതുര്‍ഭുജ മൃഗങ്ങളോടാണ് എനിക്ക് കൂടുതല്‍ പ്രിയം. ഒരു വലിയ മൃഗം ആകുന്നതാണ് നല്ലതെന്നും തോന്നി. അത് കുറച്ചുകൂടി യഥാര്‍ഥത്തിലേക്ക് എത്തുമെന്ന് തോന്നി.അങ്ങനെയാണ് ഞാന്‍ ഒരു നായ ആകാന്‍ തീരുമാനിച്ചത്.

നീണ്ട മുടിയുള്ള നായ്ക്കള്‍ക്ക് മനുഷ്യരൂപത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും. ഞാന്‍ അത്തരമൊരു രൂപം സ്വീകരിച്ച് എന്‍റെ പ്രിയപ്പെട്ട നായയായ കോളിയായി മാറാന്‍ ശ്രമിച്ചു.

കൈകാലുകള്‍ സ്വതന്ത്രമായി ചലിപ്പിക്കാനാകുമോ എന്ന ചോദ്യത്തിനും ടോക്കോ ഉത്തരം നല്‍കി. നിയന്ത്രണങ്ങളുണ്ട്, പക്ഷേ എനിക്ക് കുറച്ചൊക്കെ ചലിപ്പിക്കാന്‍ സാധിക്കും. കൂടുതല്‍ കാണിച്ചാല്‍ നായയെപോലെ ആകില്ല. ഏതായാലും ടോക്കോയുടെ വീഡിയോക്ക് നിരവധി ആരാധകരാണുള്ളത്.