സന്തോഷം പങ്കുവക്കാന്‍ പലപ്പോഴും മധുരപലഹാരങ്ങള്‍ വാങ്ങുന്നവരുണ്ട്. ഇപ്പോള്‍ കടകളില്‍ പോയി മേടിക്കുന്നതിലും എളുപ്പത്തില്‍ വീട്ടില്‍ തന്നെ കൊണ്ടുവന്ന് തരാന്‍ ഓണ്‍ലൈന്‍ വിതരണക്കാരുള്ളതിനാല്‍ എല്ലാവര്‍ക്കും എളുപ്പമാണ്.

വീട്ടിലിരുന്നു കൊണ്ട് തന്നെ ഓര്‍ഡര്‍ ചെയ്യാം. നിമിഷങ്ങള്‍ക്കുള്ളില്‍ സാധനം കൈയ്യിലെത്തും. അങ്ങനെ കാര്യങ്ങള്‍ എളുപ്പമാകുമ്പോള്‍ ചില അബദ്ധങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തില്‍ സംഭവിച്ച ഒരു കാര്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി കറങ്ങിനടക്കുന്നത്.

കപില്‍ വാസ്നിക്ക് എന്ന മഹാരാഷ്ട്രക്കാരന്‍ നാഗ്പൂരിലെ പ്രശസ്തമായ ഒരു ബേക്കറിയില്‍ നിന്നും കേക്ക് ഓര്‍ഡര്‍ ചെയ്യുന്നു. സ്വിഗ്ഗി വഴിയാണ് കേക്ക് ഓര്‍ഡര്‍ ചെയ്തത്. ചോക്ലേറ്റ് കേക്കാണ് വേണ്ടതെന്ന് അയാള്‍ പറയുന്നു. ഒപ്പം ഒരു കാര്യം കൂടി അദ്ദേഹം പ്രത്യേകം എഴുതിയിരുന്നു. കേക്കില്‍ മുട്ട ചേര്‍ക്കുന്നുണ്ടോ എന്ന് അറിയണം എന്നായിരുന്നു അത്.

കൃത്യസമയത്ത് തന്നെ കേക്ക് കൈയ്യില്‍ കിട്ടി. എന്നാൽ അത് തുറന്നു നോക്കിയപ്പോഴാണ് യഥാര്‍ഥത്തില്‍ സ്തബ്ധനായി പോയതെന്ന് അദ്ദേഹം പറയുന്നു. കേക്കില്‍ മുട്ട ചേര്‍ത്തിട്ടുണ്ട് എന്നത് ഉപഭോക്താവിന് വ്യക്തമായി മനസിലാക്കാന്‍ പാകത്തിന് തന്നെ ബേക്കറിക്കാര്‍ ചെയ്തു കൊടുത്തു.


കേക്കിന്‍റെ മുകള്‍ ഭാഗത്ത് ഇതില്‍ മുട്ട ചേര്‍ത്തിരിക്കുന്നു എന്ന് എഴുതികൊടുത്തു. ഇതിലും സുതാര്യമായി ചെയ്യാന്‍ വേറെ ആര്‍ക്ക് കഴിയും എന്നതാണ് രസകരം. നിരവധി കമന്‍റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

ഇതേ അനുഭവം തനിക്കുമുണ്ടായന്ന് മറ്റൊരാള്‍ ചിത്രം സഹിതം നല്കികൊണ്ട് പറയുന്നു. അരുണ്‍ നായര്‍ എന്നൊരാളാണ് കഴിഞ്ഞ ഡിസംബറില്‍ താന്‍ ഓര്‍ഡര്‍ ചെയ്ത കേക്കിന്‍റെ അവസ്ഥ കാണിക്കുന്നത്. കേക്കിന്‍റെ കൂടെ മുറിക്കാനുള്ള കത്തി കൊടുത്തുവിടരുത് എന്നാണ് അദ്ദേഹം ഓര്‍ഡര്‍ ചെയ്തപ്പോള്‍ വ്യക്തമാക്കിയത്. അവര്‍ അത് കൃത്യമായി പാലിക്കുകയും ചെയ്തു. കേക്കിന് മുകളില്‍ ഡോണ്ട് സെന്‍റ് കട്‌ലറി എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്.