മംഗള ആശംസാകാർഡിനൊപ്പം മാസ്കും! വ്യത്യസ്തമായി ഒരു വിവാഹം
Saturday, September 18, 2021 5:34 PM IST
വധൂവരൻമാരുടെ ചിത്രത്തിനൊപ്പം ആശംസകാർഡുകളിൽ സംഘടനയുടെ പേരും അതിനൊപ്പം മിഠായിയും നൽകിയിരുന്നത് പഴയ കാലത്ത്. പിന്നീട് ആശംസയ്ക്കൊപ്പം വിവിധങ്ങളായ ആശയങ്ങൾ പങ്ക് വയ്ക്കലായി.
ആശംസയ്ക്കൊപ്പം പച്ചക്കറി വിത്തുകൾ, പുസ്തകങ്ങൾ ,വൃക്ഷ തൈകൾ ,ലോട്ടറികൾ എന്നിവ നൽകി വിവിധ സംഘടനകൾ വ്യത്യസ്തത പുലർത്തി. തെരഞ്ഞെടുപ്പ് കാല ഘട്ടങ്ങളിൽ സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർഥിച്ച് കൊണ്ടും വിവാഹമംഗളാശംസ കാർഡുകൾ വിവാഹ വേദികളിൽ എത്തി.
കോവിഡ് നിയന്ത്രണത്തിൽ നടന്ന വിവാഹ ആശംസയ്ക്കും പ്രത്യേകതയുണ്ടായി.ആശംസ കാർഡിനൊപ്പം മാസ്കും സാനിറ്റൈസറും നൽകിയാണ് മാന്നാർ ടൗൺ ക്ലബ് മാതൃകയായത്.
കഴിഞ്ഞ ദിവസം കുന്നത്തൂർ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്കാണ് എൻ 95 പ്രൊട്ടക്ടീവ് മാസ്കുകൾ നൽകിയാണ് മാന്നാർ ടൗൺ ക്ലബ് ശ്രദ്ധ നേടിയത്. ക്ലബ് അംഗം മധുകുമാറിന്റെ മകൾ ആതിര ലക്ഷ്മിയുടെയും അഖിൽ സുരേഷ്കുമാറിന്റെയും വിവാഹത്തിനായിരുന്നു കോവിഡ് പ്രതിരോധത്തിന്റെ സന്ദേശം കൂടി ഉണർത്തി മാസ്കുകൾ വിതരണം ചെയ്തത്.