മുടി നീട്ടിയത് ഗിന്നസ് റിക്കാർഡിലേക്ക്; നീളൻമുടിയുടെ രഹസ്യം വെളിപ്പെടുത്തി 17കാരി നിലാൻഷി
Tuesday, January 21, 2020 1:46 PM IST
ഏറ്റവും നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരിയെന്ന ഗിന്നസ് ലോക റിക്കാർഡ് ഇനി ഗുജറാത്ത് സ്വദേശിനിയുടെ പേരിൽ. 17കാരിയായ ഇവരുടെ പേര് നിലാൻഷി പട്ടേൽ എന്നാണ്. ആറ് അടി നീളത്തിലാണ് ഇവരുടെ തലമുടി പടർന്ന് പന്തലിച്ച് കിടക്കുന്നത്. 2018ൽ 170.5 സെന്റീമീറ്റിർ നീളമുള്ള തലമുടിയുമായി നിലാൻഷി റിക്കാർഡ് സ്വന്തമാക്കിയിരുന്നു.
വീട്ടിൽ തന്നെ അമ്മ തയാറാക്കുന്ന പ്രത്യേകതരം വെളിച്ചെണ്ണയാണ് തന്റെ മുടിയുടെ ആരോഗ്യമെന്ന് നിലാൻഷി പറയുന്നു. ഒരു പ്രാവശ്യം പോലും താൻ മുടി മുറിച്ചിട്ടില്ലെന്നും ഗിന്നസ് വേൾഡ് റിക്കാർഡിൽ തന്റെ പേര് എഴുതി ചേർക്കുക എന്നത് അമ്മയുടെ അതിയായ ആഗ്രഹമായിരുന്നുവെന്നും നിലാൻഷി പറയുന്നു.
ആഴ്ചയിൽ ഒരു പ്രാവശ്യമാണ് നിലാൻഷി മുടി കഴുകുന്നത്. മുടി കഴുകുവാൻ മാത്രം അരമണിക്കൂർ ആവശ്യമാണ്. മുടി ഉണങ്ങുവാനും ചീകിയൊതുക്കുവാനും ധാരാളം സമയം ആവശ്യമാണെന്ന് നിലാൻഷി പറയുന്നു.
പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ നിലാൻഷിക്ക് സോഫ്റ്റ്വെയർ എൻജിനിയറാകണമെന്നാണ് ആഗ്രഹം.