സൈക്കിളിലെ കുഞ്ഞു സിംഹാസനം! സോഷ്യൽ മീഡിയയിൽ താരമായി അമ്മയും കുഞ്ഞും
Friday, September 30, 2022 3:40 PM IST
രാജ്യത്തു സർഗാത്മക പരിഹാരങ്ങൾക്കും നിർമാണത്തിനും ക്ഷാമമില്ല. നിത്യേന സോഷ്യൽ മീഡിയകളിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്.

ആർപിജി എന്‍റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്ക കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം. പഴയ വസ്തുക്കൾ നൂതനമായ രീതിയിൽ പുനരുപയോഗിക്കുന്നതിന്‍റെ (ജുഗദ് ടെക്നോളജി) ഉത്തമ ഉദാഹരണമാണ് വീഡിയോ.

കുഞ്ഞു മകൾക്കു വേണ്ടി അമ്മ സൈക്കിളിനു പിന്നിലെ കാരിയറിൽ ഒരുക്കിയ സീറ്റാണ് വീഡിയോ കണ്ടവർക്കു കൗതുകകരമായത്. പഴയ പ്ലാസ്റ്റിക് കസേരയിൽ ചില മിനുക്കുപണികൾ നടത്തി കാരിയറിൽ ഘടിപ്പിച്ചിരിക്കുന്നു. കുഞ്ഞിനു സുഖമായി ഇരിക്കാൻ കുഷ്യനുമുണ്ട് സീറ്റിൽ.

ജോലി സ്ഥലത്തേക്കു കുഞ്ഞിനെയും സീറ്റിലിരുത്തി അമ്മ സൈക്കിളിൽ പോകുന്നു. തനിക്കായി അമ്മയൊരുക്കിയ സീറ്റിലിരുന്ന് കുഞ്ഞ് സുഖമായി യാത്ര ചെയ്യുന്നു. അമ്മയുടെ മുഖത്തും ടെൻഷനൊന്നുമില്ല.



ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയ്ക്ക് ശ്രദ്ധേയമായ കമന്‍റുകളുമേറെ ലഭിച്ചിട്ടുണ്ട്. എത്ര മനോഹരമായ കാഴ്ച, അമ്മ തന്‍റെ കുഞ്ഞിനായി ഒരു സിംഹാസനം തന്നെ ഒരുക്കിയിരിക്കുന്നുവെന്നാണ് ഒരു കമന്‍റ്. പുതുമയുള്ള നിർമാണം. യൂറോപ്യൻ അമ്മമാർ ഇത്തരത്തിള്ള ബ്രാൻഡഡ് സീറ്റിന് 15000 രൂപ വരെ ചെലവാക്കുന്നുവെന്നാണ് മറ്റൊരു കമന്‍റ്. ഉദാഹരണത്തിനു വിദേശ വനിത കുഞ്ഞുമായി സൈക്കിളിൽ യാത്ര ചെയ്യുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഹർഷ് ഗോയങ്ക ഇതുപോലെയുള്ള വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. നേരത്തെ, ജപ്പാനിൽ ഒരു കുട്ടി റോഡ് ക്രോസ് ചെയ്യാൻ സീബ്രാലൈനിൽ നിൽക്കുന്നതും വാഹനങ്ങൾ കുട്ടിക്കു വേണ്ടി നിർത്തിക്കൊടുക്കുന്നതും റോഡ് ക്രോസ് ചെയ്തതിനുശേഷം കുട്ടി നന്ദി അറിയിച്ചുകൊണ്ട് ജപ്പാൻ രീതിയിൽ ആംഗ്യം കാണിക്കുന്നതുമായ വീഡിയോ ഗോയങ്ക പോസ്റ്റ് ചെയ്തതും സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.