കാണാതായ പിക്കാസൊ ചിത്രം ടിവി അഭിമുഖത്തിനിടയില്‍ അപ്രതീക്ഷിതമായി കണ്ടെത്തി
Monday, May 16, 2022 3:31 PM IST
കാണാതായ 125 മില്ല്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന പാബ്ലോ പിക്കാസൊ ചിത്രം ഫെമ്മി കൗച്ച് ("Reclining Woman VI’) അപ്രതീക്ഷിതമായി കണ്ടെത്തി.
ഫിലിപ്പീന്‍സിലെ മുന്‍ ഏകാധിപതി ഫെര്‍ഡിനാന്‍റ് മാര്‍ക്കോസിന്‍റെ ഭാര്യയും പുതിയ പ്രസിഡന്‍റ് ഫെര്‍ഡിനാന്‍റ് മാര്‍ക്കോസ് ജൂനിയറിന്‍റെ മാതാവുമായ ഇമെല്‍ഡ മാര്‍ക്കോസിന്‍റെ വീട്ടില്‍ നിന്നാണ് ഈ പിക്കാസൊ ചിത്രം കണ്ടെത്തിയത്.
ഇമെല്‍ഡയുമായുള്ള ഒരു ടിവി അഭിമുഖത്തിനിടയില്‍ ഭിത്തിയിലുള്ള ഫെമ്മി കൗച്ച് ("Reclining Woman VI’) ചിത്രവും പതിയുകയായിരുന്നു. ഇമെല്‍ഡ ഇരിക്കുന്ന സോഫയ്ക്ക് പിന്നിലെ ഭിത്തിയിലാണ് ചിത്രം കാണപ്പെട്ടത്.
2019ല്‍ മാര്‍ക്കോസ് കുടുംബത്തെക്കുറിച്ചുണ്ടായ "ദി കിം മേക്കര്‍' എന്ന ഡോക്യുമെന്‍ററിയില്‍ ഈ ചിത്രം കാണപ്പെട്ടിരുന്നു. അതിന് ശേഷം ഈ കലാസൃഷ്ടി കണാതാവുകയായിരുന്നു.
എന്നാല്‍ ചിത്രത്തിന്‍റെ ആധികാരികതയില്‍ നിരവധിപേര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇത് പകര്‍പ്പാകാനാണ് സാധ്യതയെന്ന് സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായപ്പെട്ടു.
വ്യാജ പെയ്ന്‍റിംഗുകള്‍ വാങ്ങുന്ന ശീലം ഇമെല്‍ഡയ്ക്കുണ്ടെന്ന് പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ ഓണ്‍ ഗുഡ് ഗവണ്‍മെന്‍റ് മുന്‍ അധികാരി റൂബന്‍ കരന്‍സയെ ആരോപിക്കുന്നു.