സൂപ്പറാ രാമച്ചവേലി! ഒടുവിൽ ടാറ്റയും കൈകൊടുത്തു
Sunday, October 24, 2021 2:50 PM IST
കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ രാമച്ചംകൊണ്ട് ജൈവവേലി. ടാറ്റയുടെ കണ്ണൻദേവൻ കന്പനിയാണ് ജൈവവേലി നിർമിച്ചിരിക്കുന്നത്. ആനയിറങ്കൽ മുതൽ ഗ്യാപ് റോഡ് വരെയുള്ള ഭാഗത്താണ് രാമച്ചം നട്ടുപിടിപ്പിച്ചിരിക്കുന്നത്.
പുല്ല് വർഗത്തിൽപെടുമെങ്കിലും വെറും പുല്ലല്ല രാമച്ചം. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചൽ തടയുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൻ ദേവൻ കന്പനി ദേശീയപാതയിൽ ഏഴു കിലോമിറ്ററോളം രാമച്ചം നട്ടുപിടിപ്പിച്ചിരിക്കുന്നത്.
കൊങ്കണ്‍ റെയിൽവേയുടെ നിർമാണത്തിൽ മണ്ണിടിച്ചിൽ തടയാൻ ഫലപ്രദമായി രാമച്ചം ഉപയോഗിച്ചിരുന്നു. ഇതോടെയാണ് രാജ്യവ്യാപകമായി മണ്ണിടിച്ചൽ തടയാൻ രാമച്ചം ഉപയോഗിച്ചുതുടങ്ങിയത്. വെട്ടിവേർ എന്ന് തമിഴിൽ അറിയപ്പെടുന്ന രാമച്ചത്തിന്റെ വേരുകൾ കൂട്ടമായി നാൽപത് അടി ആഴത്തിൽ പടരുമെന്നതിനാലാണ് മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയാൻ ഉപയോഗിക്കുന്നത്.
അതിജീവനത്തിന്റെ കാര്യത്തിൽ മറ്റു സസ്യങ്ങളിൽനിന്നും വേറിട്ടുനിൽക്കുന്ന ചെടിയാണ് രാമച്ചം. വെള്ളപൊക്കം, ശക്തമായ തണുപ്പ്, വരൾച്ച എന്നിവയെല്ലാം അതിജീവിക്കാൻ രാമച്ചംകൊണ്ട് സാധിക്കും. രണ്ടുമാസത്തോളം വെള്ളത്തിനടിയിൽ കിടന്നാലും മൃഗങ്ങൾ തിന്നുനശിപ്പിച്ചാലും വീണ്ടും മുളച്ചുപൊങ്ങും. ഭൂകാണ്ഡം ആഴത്തിൽ വളരുന്നതിനാലാണ് ഇവയ്ക്ക് പെട്ടന്ന് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കുന്നത്.
ജന്മദേശമായ ഭാരതത്തിൽ ഇവ വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. ദേശീയ പാതയോരത്ത് കിലോമിറ്ററോളം തലയുയർത്തി നിൽക്കുന്ന ഈ പുൽച്ചെടികൾ മണ്ണിടിച്ചലിനെ തടഞ്ഞുനിർത്തി സുഗമമായ യാത്ര ഒരുക്കുകയാണ്.