പറന്നിറങ്ങിയ വിമാനത്തെ പിടിച്ചുനിർത്തി ഇന്ത്യ; "അറസ്റ്റഡ് ലാൻഡിംഗ്’വിജയകരം
Friday, September 13, 2019 6:38 PM IST
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസിന്റെ ആദ്യ അറസ്റ്റഡ് ലാൻഡിംഗ് പരീക്ഷണം വിജയകരം. ഗോവയിലെ ഐഎൻഎസ് ഹൻസയിൽ ഷോർ ബേസ്ഡ് ടെസ്റ്റ് ഫസിലിറ്റി (എസ്ബിടിഎഫ്) യിലാണ് അറസ്റ്റർ വയറുകൾ ഉപയോഗിച്ചു വിമാനത്തെ ലാൻഡിംഗിനു വിധേയമാക്കിയത്.
ലാൻഡിംഗിനു തൊട്ടുപിന്നാലെ വിമാനം പിടിച്ചുനിർത്തുന്ന പ്രക്രിയയാണ് അറസ്റ്റഡ് ലാൻഡിംഗ്. വിമാനം പറന്നിറങ്ങുന്ന വേളയിൽ ശക്തമായ വടങ്ങൾ വിമാനത്തിൽ കുടുക്കുകയും ഇതുപയോഗിച്ചു വിമാനത്തെ പെട്ടെന്നുതന്നെ പിടിച്ചുനിർത്തുകയും ചെയ്യും. വിമാനവാഹിനി കപ്പലുകളിലെ ലാൻഡിംഗിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.
ഇപ്പോൾ കരയിലാണ് ഇറക്കിയതെങ്കിലും വൈകാതെ വിമാനവാഹിനികളിലും അറസ്റ്റർ ലാൻഡിംഗ് സാധ്യമാകും. യുഎസ്, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്.
രണ്ടു പേർക്കിരിക്കാവുന്ന വിമാനമാണ് അറസ്റ്റഡ് ലാൻഡിംഗ് പരീക്ഷണത്തിന് ഉപയോഗിച്ചതെന്നു പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 2012 ഏപ്രിലിലാണ് ഇത്തരം വിമാനങ്ങൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നത്. പല തവണ പരീക്ഷണങ്ങൾ നടത്തി വിജയിച്ച ശേഷം യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിലും വിമാനം ഇറക്കാൻ ശ്രമം നടത്തുമെന്നാണു റിപ്പോർട്ടുകൾ.