ഗിന്നസ് റിക്കാര്‍ഡ് തിരുത്താന്‍ 388 മത്സ്യകന്യകമാരുടെ ഒത്തുകൂടല്‍
Friday, June 3, 2022 4:08 PM IST
മനുഷ്യ ഭാവനയില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന ഒന്നാണ് കടല്‍ കന്യകമാര്‍. കടലിന്‍റെ അടിത്തട്ടുകളിലുള്ള അതീവ സുന്ദരിമാരായ ഈ ജല കന്യകമാര്‍ കരയുമ്പോള്‍ മുത്ത് പൊഴിയുമെന്നൊക്കെയാണ് കഥകളില്‍ പറയുന്നത്.
ഇപ്പോളിതാ മത്സ്യകന്യകമാരായി എത്തി റിക്കാര്‍ഡ് തീര്‍ത്തിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഒരുകൂട്ടം ആളുകള്‍. ഇംഗ്ലണ്ടിലെ ഡെവോണ്‍ നഗരത്തിലെ പ്ലൈമൂത്തിലാണ് 388 മത്സ്യകന്യകമാര്‍ ഒത്തുകൂടിയത്. ഡെവോണ്‍ ആന്‍റ് കോണ്‍വാള്‍ വൈള്‍ഡ് സ്വിമ്മിംഗ് ഗ്രൂപ്പ് സ്ഥാപകനായ പോളിന്‍ ബര്‍ക്കര്‍ ആണ് ഇത്തരമൊരു ഒത്തുകൂടലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും കുട്ടികളും മത്സ്യകന്യകമാരായി വേഷം ധരിച്ചെത്തിയിരുന്നു. അരയ്ക്കു പാതിതൊട്ട് മത്സ്യം എന്നു തോന്നിക്കുന്ന വേഷമാണ് അവര്‍ ധരിച്ചത്. വിവിധ വര്‍ണങ്ങളില്‍ വെട്ടിത്തിളങ്ങുന്ന വസ്ത്രം ധരിച്ചെത്തിയ ആളുകള്‍ കാഴ്ചക്കാര്‍ക്കും വലിയ കൗതുകകരമായി മാറി.
300 മത്സ്യകന്യകമാര്‍ ഒത്തുകൂടിയതാണ് നിലവില്‍ ഗിന്നസ് ബുക്കിലിടം നേടിയ സംഭവം. ഏതായാലും തങ്ങളുടെ ഒത്തുകൂടല്‍ ഗിന്നസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷം ഔദ്യോഗികമായ പ്രഖ്യാപനത്തിനായി കാത്തിരിക്കയാണിവര്‍.