നീലക്കുറിഞ്ഞി കാണാന്‍ കള്ളിപ്പാറയിൽ പോകാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ..
Thursday, October 20, 2022 3:57 PM IST
ഇടുക്കി മലനിരകളുടെ സൗന്ദര്യറാണി നീലക്കുറിഞ്ഞി പൂത്തതു കാണാന്‍ കിഴക്കന്‍ മൂന്നാര്‍ മേഖലയിലെ കള്ളിപ്പാറയിലേക്കു സഞ്ചാരികളുടെ ഒഴുക്കാണ്. കഴിഞ്ഞ ദിവസം 80 വയസു പ്രായമുള്ള അമ്മയെ തോളത്തെടുത്തു മക്കള്‍ നീലക്കുറിഞ്ഞി പൂത്തതു കാണാന്‍ മല കയറിയ വാര്‍ത്ത പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ അമ്മയുടെയും മക്കളുടെയും വീഡിയോയും ചിത്രങ്ങളും വൈറലാകുകയും ചെയ്തു. നിയന്ത്രിക്കാനാകാത്ത വിധം സഞ്ചാരികളെത്തുന്നതു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇടുക്കിയില്‍ പ്രത്യേകിച്ചും കള്ളിപ്പാറ മേഖലയില്‍ ശക്തിയായി മഴ തുടരുന്ന സാഹചര്യത്തില്‍ സഞ്ചാരികള്‍ക്കു സുരക്ഷാനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് പോലീസ്.

കുട്ടികളെയും കൂട്ടി നീലക്കുറിഞ്ഞി കാണാന്‍ വരുന്നവര്‍ രാവിലെ വരുന്നതാണ് ഉചിതം. ഉച്ച കഴിഞ്ഞാല്‍ മേഖലയില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യത കൂടുതലാണ്. പ്രധാന പാതയില്‍ നിന്ന് രണ്ടു കിലോമീറ്റർ മല കയറണം നീലക്കുറിഞ്ഞി കാണാന്‍. മണ്‍വഴിയിലൂടെയാണ് പോകേണ്ടത്. കുത്തനെയുള്ള കയറ്റവും വഴക്കലും സഞ്ചാരികള്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കും.
മഴയാണെങ്കില്‍ മുകളിലെത്തുക പ്രയാസകരവുമാണ്. കൊച്ചി, തൃശൂര്‍, മലബാര്‍ മേഖലകളില്‍ നിന്നു വരുന്നവര്‍ പൂപ്പാറയില്‍ വാഹനം പാര്‍ക്ക് ചെയ്യണം. അവിടെ ലൈന്‍ ബസ്, നീലക്കുറിഞ്ഞി ട്രിപ്പ് ജീപ്പ് ലഭിക്കും. കോട്ടയം മേഖലകളില്‍ വരുന്നവര്‍ കുട്ടിക്കാനം, ഏലപ്പാറ, കട്ടപ്പന, നെടുങ്കണ്ടം വഴി വരാം.
സഞ്ചാരികളെ വരൂ, നീലമലനിരകള്‍ കണ്ടു സുരക്ഷിതരായി മടങ്ങാം. കള്ളിപ്പാറയില്‍ സഞ്ചാരികള്‍ക്കായി പ്രത്യേക ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.
ശാന്തന്‍പാറ പോലീസ്
9497980385
ഹെല്‍പ്പ് ഡസ്ക്
9497146690,
9539362593
ആംബുലന്‍സ്
9497795348.