കാട്ടുതീ തടയാൻ ആട്ടിൻകൂട്ടങ്ങൾ; നമുക്കും ഒന്നു പരീക്ഷിച്ചാലോ..?
Tuesday, April 16, 2019 11:27 AM IST
അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽനിന്നും 147 മൈൽ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് നെവാഡ. 19-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട തടികൊണ്ടുള്ള വീടുകൾ ഈ നഗരത്തിന്റെ പ്രത്യേകതയാണ്. പുൽമേടുകളോടും വനത്തിനോടും അതിർത്തി പങ്കിടുന്ന ഈ നഗരത്തിന്റെ ഏറ്റവും വലിയ പേടിസ്വപ്നമാണ് കാട്ടുതീ.
31,00 ആളുകൾ താമസിക്കുന്ന ഇവിടെ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ 15 പ്രധാന തീപിടിത്തങ്ങളുണ്ടായി. നൂറുകണക്കിന് ആളുകൾക്ക് ഇതിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ആഗോളതാപനം നിമിത്തം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് കാട്ടുതീയ്ക്കുള്ള സാധ്യത ഇനിയും വർധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇത്തരത്തിൽ കാട്ടുതീ ഉണ്ടാകാതിരിക്കാൻ പുതിയൊരു മാർഗവുമായി എത്തിയിരിക്കുകയാണ് നെവാഡക്കാർ- ആടിനെ വളർത്തൽ. ഇവിടത്തെ മുനിസിപ്പാലിറ്റിക്കാണ് ആടുകളുടെ ചുമതല. നഗരത്തോട് ചേർന്നുകിടക്കുന്ന വനപ്രദേശങ്ങളിലും പുൽമേട്ടുകളിലുമൊക്കെ ഈ ആടുകളെ മേയാൻ വിടും.
ഇവ ഈ പ്രദേശങ്ങളിലെ പുല്ലെല്ലാം തിന്നു തീർക്കും. കാട്ടുതീ പടരാനുള്ള പ്രധാന ഇന്ധനമെന്ന് വിശേഷിപ്പിക്കുന്നത് നിലംപറ്റി വളരുന്ന പുല്ലുകളും ചെടികളുമൊക്കെയാണ്. ഇവ ആടുകൾ തിന്നുതീർക്കുന്നതോടെ കാട്ടുതീ പടർന്നുപിടിക്കാനുള്ള സാധ്യതയാണ് മങ്ങുന്നത്.
മുന്പ് കാട്ടുതീ പടർന്നുപിടിക്കാതിരിക്കാൻ മനുഷ്യർതന്നെ ഉണങ്ങിയ പുല്ലുകൾക്ക് തീ ഇടുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇത് പലപ്പോഴും തീപിടിത്തത്തിന് കാരണമായി. ഇത്തരത്തിൽ തീ ഇടുന്നത് പ്രദേശത്തെ ജൈവവൈവിധ്യത്തെയും മണ്ണിന്റെ ഘടനയെയുമൊക്കെ സാരമായി ബാധിച്ചു.
ആടുകളെ വളർത്തി അവ പുല്ലുതിന്നുന്നതോടെ ഇത്തരം പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ കഴിയും. ആടുകളെ കാട്ടുമൃഗങ്ങളൊന്നും ആക്രമിക്കാതിരിക്കാൻ അവയ്ക്കൊപ്പം പരിശീലനം സിദ്ധിച്ച നായ്ക്കളെയും അയയ്ക്കുന്നുണ്ട്.