ഓണം ഡിജിറ്റലായി; സദ്യവട്ടങ്ങൾ യുട്യൂബിൽ
Wednesday, August 26, 2020 12:30 PM IST
കോട്ടയം: കോവിഡ് ജാഗ്രതയിൽ ഓണാഘോഷം ഡിജിറ്റലായിരിക്കുകയാണ്. ഓണാഘോഷത്തിൽ പ്രധാനം ഓണസദ്യയാണ്. പതിനാറുകൂട്ടം കറികളും പായസവും കൂട്ടിയുള്ള തിരുവോണ സദ്യയില്ലാതെ ഓണമില്ല.
കോവിഡ് മഹാമാരി മൂലം ഓണാഘോഷത്തിനു മങ്ങലേറ്റെങ്കിലും ഏവരും ചെറിയ സദ്യവട്ടങ്ങളുമായി ഓണസദ്യ ഒരുക്കാനുള്ള തിരക്കിലാണ്. വലിയ ഹോട്ടലുകളും മറ്റും ഓണ്‍ലൈനിൽ ഓണസദ്യയുടെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. പാഴ്സലിനെയാണു പ്രോത്സാഹിപ്പിക്കുന്നതെങ്കിലും സാമൂഹ്യ അകലം പാലിച്ച് ഇരുന്ന് ഓണസദ്യ കഴിക്കാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. കേറ്ററിംഗ് സ്ഥാപനങ്ങൾക്കാണെങ്കിൽ മുൻവർഷങ്ങളിൽ കിട്ടിയ സദ്യയുടെ പകുതിപോലും ഓർഡർ ഇത്തവണയില്ല.
വീടുകളിലെ ഓണസദ്യയും ഡിജിറ്റലായി. ഫേസ് ബുക്കും യുട്യൂബും നോക്കി പാചകക്കുറിപ്പുകൾ നോക്കി സദ്യഒരുക്കുന്നവരുടെ എണ്ണം വർധിച്ചു. കിച്ചടി, പച്ചടി, അവിയൽ, സാന്പാർ, കൂട്ടുകറി, മധുരക്കറി, പുളിയിഞ്ചി എന്നുവേണ്ട, എല്ലാ സദ്യവട്ടക്കൂട്ടുകളുടെയും പാചകവിധികൾ ഒന്നു പരതിയാൽ ലഭിക്കും.
പാചക വിദഗ്ധൻ പഴയിടം മോഹനൻ നന്പൂതിരിയുടെ മകൻ യദുകൃഷ്ണൻ അച്ഛനിൽനിന്നും കിട്ടിയ കൈപ്പുണ്യവുമായി രൂചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന യുട്യൂബ് ചാനലാണ് ഈ ഓണക്കാലത്ത് തുടങ്ങിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് കല്യാണ സദ്യകൾ മുടങ്ങിയപ്പോഴാണ് യദു പഴയിടം രുചി എന്ന പേരിൽ ചാനൽ തുടങ്ങിയത്. ആയിരക്കണക്കിനാളുകൾ ചാനൽ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു.
നോണ്‍വെജ് പാചകം പരിചയപ്പെടുത്തുന്ന നിരവധി ചാനലുകളുടെ ഇടയിലാണ് യദുവിന്റെ വെജിറ്റേറിയൻ പാചക കുറിപ്പുകൾ മാത്രം അവതരിപ്പിക്കുന്ന പുതിയ ചാനൽ. സ്വന്തം രുചിപ്പെരുമയ്ക്കൊപ്പം പ്രമുഖരുടെ പാചകക്കുറിപ്പുകളും ചാനലിലുണ്ട്.
വീട്ടമ്മമാർ സദ്യവട്ടം ഒരുക്കാൻ ഏറ്റവും കൂടുതൽ തിരയുന്ന മറ്റൊരു യുട്യൂബ് ചാനലാണ് കുക്കിംഗ് വിത്ത് സുമ ടീച്ചർ എന്ന ചാനൽ. സിഎംഎസ് കോളജിലെ മുൻ രസതന്ത്ര വിഭാഗം അധ്യാപകൻ പ്രഫ. ശിവദാസിന്റെ ഭാര്യയും കുമാരനല്ലൂർ ദേവീവിലാസം സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസുമായിരുന്ന സുമ ശിവദാസിന്റെ ഈ ചാനൽ ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഓണസദ്യയുടെ എല്ലാ വിഭവങ്ങളും സുമ ഈ ചാനലിൽ അവതരിപ്പിക്കുന്നുണ്ട്. കിച്ചടി, ഇഞ്ചിക്കറി, അടപ്രഥമൻ തുടങ്ങി സുമയുടെ സ്പെഷൽ ഓണവിഭവങ്ങൾ ഇന്നു മുതൽ ചാനലിലുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി പാചക സംബന്ധമായ 12ലധികം പുസ്തകങ്ങളും സുമ തയാറാക്കിയിട്ടുണ്ട്.
ജിബിൻ കുര്യൻ