കടുവകളിലെ കിടുവ; കാമറയിൽ പതിഞ്ഞത് അത്യപൂർവയിനം കറുത്ത കടുവ
Wednesday, November 11, 2020 8:16 PM IST
കടുവകളിലെ ഒരു കിടുവ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. സൗമെൻ ബാജ്പേയി എന്ന വന്യജീവി ഫോട്ടോഗ്രാഫർ തന്റെ കാമറയിൽ പകർത്തിയ കറുത്ത നിറമുള്ള കടുവയുടെ ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചയാകുന്നത്. ലോകത്തുതന്നെ അത്യപൂർവമായി മാത്രം കാണാറുള്ള കടുവകളിൽ ഒന്നാണിത്.
സൗമെൻ ബാജ്പേയി ഈ ചിത്രം എടുത്തത്ത് കഴിഞ്ഞ വർഷമാണെങ്കിലും ഇപ്പോഴാണ് ഇത് തരംഗമായി മാറിയത്. കിഴക്കൻ ഒഡീഷയിലെ സിംലിപാൽ റിസർവിലും നന്ദങ്കനൻ സങ്കേതത്തിലും നടത്തിയ സന്ദർശനത്തിനിടെയാണ് മെലാനിസ്റ്റിക് (കറുത്ത നിറമുള്ള കടുവകൾക്കു പറയുന്നത്) കടുവയെ സൗമെൻ കാണുന്നതും ഫോട്ടോയെടുക്കുന്നതും ഇത് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തത്. ഇത്രയും നാൾ ഇത് ഇന്റർനെറ്റിൽ ഉണ്ടായിരുന്നെങ്കിലും ഈ അടുത്ത കാലത്താണ് വൈറലായത്.
വൈറലായത് 2019ലെ കടുവ
സൗമെൻ ബാജ്പേയി 2019ലാണ് ഇൻസ്റ്റഗ്രാമിൽ അപൂർവ കറുത്ത കടുവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. "മെലാനിസ്റ്റിക് കടുവകൾക്ക് ജനിതകമാറ്റങ്ങളുണ്ട്, അവ സാധാരണ കടുവകളിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു. മെലാനിസ്റ്റിക് കടുവകളെ കാട്ടിലും കൂട്ടിലടച്ച നിലയിലുമൊക്കെ കാണാം, പക്ഷേ ഇത് വളരെ അപൂർവമാണ്.' ചിത്രം പങ്കുവച്ച് സൗമെൻ അന്ന് കുറിച്ച വരികളാണിത്.
"കുരങ്ങുകളെയും കടുവകളെയും കാണായാണ് ഞാൻ നന്ദങ്കനൻ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ എത്തിയത്. മെലാനിസ്റ്റിക് കടുവകൾ അവിടെയുണ്ടാകും എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. പെട്ടെന്ന് അത് കാട്ടിൽനിന്ന് പ്രത്യക്ഷപ്പെടുകയും കുറച്ച് നിമിഷങ്ങൾ കാടിന്റെ ഒരു പ്രദേശത്ത് ചുറ്റിക്കറങ്ങുകയും തുടർന്നു മരങ്ങളുടെ പുറകിലേക്ക് നടന്നകലുകയും ചെയ്തു. തുടക്കത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കടുവയെ കണ്ടതിനാൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. സൗമെൻ പറഞ്ഞു.
"ഞാൻ മുമ്പ് നിരവധി കടുവകളെ കാട്ടിലും മൃഗശാലയിലുമൊക്കെ കണ്ടിട്ടുണ്ട്, എന്നാൽ ഇത് തികച്ചും വ്യത്യസ്തമായ കാഴ്ചയായിരുന്നു. ഇത് കാണാൻ സാധിച്ച ഞാൻ ഭാഗ്യമുള്ള ഒരാളാണ്. സൗമെൻ കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽനിന്നുള്ള ടെക്നോളജി ബിരുദാനന്തര ബിരുദധാരിയാണ് സൗമെൻ.

നന്ദങ്കൻ റിസർവിലെ കറുത്ത കടുവകളെ ഇതുവരെ കാമറ കണ്ണിലൂടെ മാത്രമെ ആളുകൾ കണ്ടിട്ടുള്ളു എന്ന് സൗമെൻ പറയുന്നു. "മെലാനിസ്റ്റിക് കടുവയുടെ ആദ്യത്തെ സങ്കേതമാണ് നന്ദങ്കൻ, പക്ഷേ ഇനിയാണെങ്കിലും ഈ കടുവകളെ എല്ലാവർക്കും കാണാൻ കഴിയുമെന്ന് ഉറപ്പില്ല, രണ്ട് കടുവകളെ മാത്രമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. അവ അവരുടെ സ്വാഭാവിക അന്തരീക്ഷത്തിലാണ് വസിക്കുന്നത്. വല്ലപ്പോഴും മാത്രമാണ് ഇവയെ പുറത്തുകാണാറുള്ളത്.
സിംലിപാൽ റിസർവിലും നന്ദങ്കനൻ വന്യജീവി സങ്കേതത്തിലുമായി മറ്റ് ആറ് സാധാരണ കടുവകൾ കൂടി ഉണ്ടെന്നാണ് കണക്കാക്കുന്നത്. "കറുത്ത കടുവകൾ ഈ കടുവകളുമായി ഇണചേർന്നാൽ, കൂടുതൽ മെലാനിസ്റ്റിക് കടുവകൾ ഉണ്ടായേക്കാം.
കടുവയ്ക്കു കറുത്ത നിറം എങ്ങനെ
സാധാരണ കടുവകൾക്ക് ഓറഞ്ച് നിറവും അതോടൊപ്പം വരയുടെ രൂപത്തിൽ കറുത്ത രോമങ്ങളുമാണ്. എന്നാൽ മെലാനിസ്റ്റിക് കടുവകൾക്ക് കറുത്ത നിറവും വരയുടെ രൂപത്തിൽ ഓറഞ്ച് പാടുകളുമാണ് രോമങ്ങളുമാണുള്ളത്. കടുവകൾക്ക് ജനിതകമാറ്റം വന്നാണ് ഇത്തരത്തിൽ അവയുടെ ശരീരത്തിൽ കറുത്ത രോമങ്ങൾ വളരുന്നത്.
ലോകത്തിൽ തന്നെ ആറ് കറുത്ത കടുവകളെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. കറുത്ത കടുവകൾ ഒരു പ്രത്യേക ഇനമല്ല, മറിച്ച് സാധാരണയായി ഓറഞ്ച് നിറത്തിലുള്ള കടുവയുടെ വർണ വകഭേദമാണ്. മെലാനിസ്റ്റിക് കടുവകൾ എന്നാണ് ഇവയെ വിളിക്കുന്നത്. ചില സന്ദർഭങ്ങളിൽ അവ പൂർണമായും കറുത്തതായി കാണപ്പെടുന്നു. അപൂർവമായ ജനിതക മാറ്റമാണ് ഇതിന് കാരണമായി കണക്കാക്കുന്നത്.