നിൽക്കണോ, പോകണോ! റോഡ് മാർക്കിംഗുകൾ നമ്മോടു പറയുന്നതെന്ത്..?
Thursday, December 2, 2021 2:29 PM IST
കോടികൾ മുടക്കി പണിത നിരവധി റോഡുകളുണ്ട് നമ്മുടെ നാട്ടിൽ. ചില റോഡുകളുടെ അവസ്ഥ കാണുന്പോൾ, കണക്കുകളിൽ മാത്രമാണോ ഇൗ കോടികൾ എന്നുതോന്നും. അതെന്തുമാകട്ടെ, അതല്ല നമ്മുടെ വിഷയം...
ഇത്തരത്തിൽ മുതൽമുടക്കി പണിയുന്ന റോഡുകളിൽ പിന്നെയും കുറേ പണം മുടക്കി വരകളും മറ്റ് അടയാളങ്ങളും ഇട്ടിട്ടുണ്ട്. ഇതൊന്നും അലങ്കാരത്തിനല്ല കേട്ടോ. പിന്നെ എന്തിനാണ്? നമ്മളിൽ എത്ര പേർക്കറിയാം...
ഈ വരകൾ അല്ലെങ്കിൽ മാർക്കിംഗുകൾ റോഡിന്റെ ഭാഷയാണ്. റോഡിനു നമ്മളോടു കമ്യൂണിക്കേറ്റ് ചെയ്യാനുള്ള ഭാഷ. അതെന്താണെന്നു നോക്കാം...
ബ്രോക്കൺ ലെെൻ

നാം സാധാരണയായി കാണുന്ന ഡോട്ടഡ് ലെെൻ. റോഡിന്റെ സെന്റർ മാർക്ക് ചെയ്യുകയാണ് ഈ ലെെനിന്റെ ഉദ്ദേശ്യം. ടൂ വേ ട്രാഫിക്കുള്ള റോഡുകളിൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങളെ ലെെൻ വേർതിരിക്കുന്നു.
ഈ ലെെൻ ക്രോസ് ചെയ്തു മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനു തടസമില്ല. നാലുവരി അല്ലെങ്കിൽ ആറുവരിപ്പാതകളിൽ ഒരേവശത്തേക്കുതന്നെയുള്ള ലെെനുകളെ വേർതിരിക്കുന്ന ലെെനുകളുമാകാം ഇത്.
ഹസാഡ് ലെെൻ
ബ്രോക്കൺ ലെെനിനു നീളം കൂടുകയോ തമ്മിൽ അടുത്തുവരികയോ ചെയ്യുന്പോൾ ഹസാഡ് ലെെനാകുന്നു. ഒരു വളവിനു മുന്പോ, അല്ലെങ്കിൽ ഇത്തരത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മുന്നിലുണ്ട് എന്നോ നമുക്കു സൂചന തരുന്ന ലെെനാണിത്.
ഡോട്ടഡ് പ്ലസ് സോളിഡ് ലെെൻ

ഒരു സോളിഡ് ലെെനും ഒരു ഡോട്ടഡ് ലെെനും വരുന്നു. അതിൽ ഡോട്ടഡ് ലെെൻ നമ്മുടെ വശത്തു വരുന്നതും പിന്നീട് മറുവശത്തു വരുന്നതും കാണാം. ലൈൻ കടന്ന് ഓവർടേക്ക് ചെയ്യാവുന്ന സ്ഥലം എന്നാണ് ഈ ലെെൻ അർഥമാക്കുന്നത്. അതിലും ശ്രദ്ധിക്കേണ്ടതുണ്ട്.
നമ്മുടെ വശത്ത് ഡോട്ടഡ് ലെെനും മറുവശത്ത് സോളിഡ് ലെെനുമാണെങ്കിൽ നമുക്ക് ലെെൻ പാസ് ചെയ്യാം, ഓവർടേക്ക് ചെയ്യാം. മറുവശത്ത് സോളിഡ് ലെെൻ കാണുന്നതിന്റെ അർഥം ആ വശത്തുകൂടി വരുന്ന വാഹനത്തിനു ലെെൻ മറികടന്ന് ഇങ്ങോട്ടുപ്രവേശിക്കാൻ പാടില്ല, ഓവർടേക്ക് ചെയ്യാൻ പാടില്ല.
സിംഗിൾ സോളിഡ് ലെെൻ

ഇടവിടാതെ ഒറ്റനീളത്തിലുള്ള ലെെൻ. ഹസാഡ് ലെെനിന്റെ അടുത്ത ഘട്ടം. ലെെൻ ക്രോസ് ചെയ്യരുത്, ഓവർടേക്ക് ചെയ്യരുത് എന്ന സൂചന. വീതികുറഞ്ഞ, തിരക്കുള്ള റോഡുകളിലാണിതു മാർക്ക് ചെയ്യുക. തിരക്ക് അല്പം കുറഞ്ഞ റോഡാണെങ്കിൽ വളവുകളിലായിരിക്കും ഈ മാർക്കിംഗ്. വളവു കഴിയുന്പോൾ ഇതു ബ്രോക്കൺ ലെെനാവുകയും ചെയ്യും.
ഡബിൾ സോളിഡ് ലെെൻ

സിംഗിൾ സോളിഡ് ലെെനിന്റെ അടുത്തഘട്ടം. ലെെൻ പാസ് ചെയ്ത് ഓവർടേക്ക് ചെയ്യരുതെന്നു കർശനമായി പറയുകയാണിവിടെ. ഓവർടേക്ക് ചെയ്യുന്പോൾ സിംഗിൾ സോളിഡ് ലെെനിന്റെ ഇരട്ടി അപകടസാധ്യത എന്നു സൂചിപ്പിക്കുന്നു.
ടൂ വേ ഹെെവേകളിലാണു കൂടുതലായി കാണുക. പ്രത്യേകിച്ചും വളവുകളിൽ. ഒരു ഡബിൾ സോളിഡ് ലെെൻ കണ്ടാൽ ഒരു വളവോ തിരക്കുള്ള ജംഗ്ഷനോ മുന്നിലുണ്ട് എന്ന് ഓർക്കുക.
സ്ട്രൈപ്ഡ് മീഡിയൻ

ഏണി പോലെയിരിക്കുന്ന സെന്റർ ലെെൻ. ഡിവെെഡറിനു തുല്യം. അപകടസാധ്യത കൂടുതലായതിനാൽ രണ്ടു വശത്തേക്കുമുള്ള വാഹനങ്ങൾ കൂടുതൽ അകലം പാലിക്കാൻ വേണ്ടിയാണ് സ്ട്രൈപ്ഡ് മീഡിയൻ. ഇവിടെ ഒാവർടേക്കിംഗ് ചിന്തിക്കുകപോലും വേണ്ട.
പലപ്പോഴും സ്ട്രൈപ്ഡ് മീഡിയൻ ചെന്നുകയറുക ഒരു റിയൽ മീഡിയനിലേക്കായിരിക്കും. ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചാൽ അപകടമാവാം.
യെല്ലോ സ്ട്രൈപ്ഡ് മീഡിയൻ

ചിലയിടങ്ങളിൽ വെള്ളയ്ക്കു പകരം മഞ്ഞ സ്ട്രൈപ്ഡ് മീഡിയൻ കാണാം. വെള്ളയേക്കാൾ നിയന്ത്രണങ്ങളുണ്ടെന്നു മുന്നറിയിപ്പു നല്കുന്നതിനാണ് മഞ്ഞ ഉപയോഗിക്കുന്നത്. മഞ്ഞ സ്ട്രെെപ്ഡ് മീഡിയൻ കണ്ടാൽ വാഹനത്തിന്റെ വേഗത കുറയ്ക്കുക, മീഡിയനിൽനിന്നും മുന്പിലെ വണ്ടിയിൽനിന്നും അകലം പാലിക്കുക.
സ്ട്രെെപ്ഡ് മീഡിയനിൽ കൂടി ഓടിക്കരുത്. ചിലപ്പോൾ ചെന്നുകയറുന്നതു നിർത്തിയിട്ടിരിക്കുന്ന വണ്ടിയുടെ പിന്നിലേക്കാവാം.
ഒരു പ്രധാന റോഡ് തിരിയുന്നിടത്തു വാഹനങ്ങൾക്കു നിന്നുതിരിയാനുള്ള സുരക്ഷിതമായ സ്ഥലത്തിനായി ഇത്തരം മീഡിയൻ ഉപയോഗിക്കും. ഇതു സാധാരണയിൽ കൂടുതൽ വീതിയുള്ളതായിരിക്കും.
സിഗ്സാഗ് ലെെൻ

സീബ്രാക്രോസ് ലെെൻ പോലെ ആളുകൾക്കു റോഡ് ക്രോസ് ചെയ്യാനുള്ള ഭാഗം അടുത്തുതന്നെ ഉണ്ടെന്നു മുന്നറിയിപ്പു നല്കുന്ന മാർക്കിംഗ്. ഓവർടേക്കിംഗ് പാടില്ല. സ്പീഡ് കുറയ്ക്കുക.
റോഡിനു നടുവിലും സെെഡിലും സിഗ്സാഗ് ലെെനുകൾ ഉണ്ടാകാം. ഇതു നമ്മുടെ റോഡുകളിൽ പുതുതായി ഉപയോഗിച്ചു തുടങ്ങിയതാണ്. അതുകൊണ്ട് ഇതില്ലാത്ത സീബ്രാക്രോസിംഗുകളാകും കൂടുതലും.
ലെഫ്റ്റ് ആരോ ബ്രോക്കൺ ലെെൻ

ഇടത്തേക്കു നീങ്ങുക എന്നാണ് ഈ മാർക്കിംഗ് അർഥമാക്കുന്നത്. ഓവർടേക്ക് ചെയ്തുവരുന്ന വണ്ടികൾക്കുള്ള മുന്നറിയിപ്പ്. തിരികെ ലെെനിനുള്ളിൽ കയറുകയെന്ന സൂചന. ബ്രോക്കൺ ലെെൻ അവസാനിക്കാറാവുന്പോഴാണ് ഇതു കാണുക.
ഒരു ഡബിൾ സോളിഡ് ലെെനിലേക്കോ അത്തരത്തിലുള്ള നിയന്ത്രണങ്ങളുള്ള ഭാഗത്തേക്കോ എത്തിയിരിക്കുന്നു എന്ന് അർഥമാക്കാം. ഇടതുവശത്തേക്കു നീങ്ങി ലെെൻ ക്ലിയർ ചെയ്യുക.
ക്രോസ് ലെെൻ

റോഡിനു കുറുകെ നീണ്ട ലെെൻ വന്നാൽ വണ്ടി നിർത്താനുള്ള സൂചനയാണ്. സ്റ്റോപ്പ് മാർക്കിംഗ് അവിടെ എഴുതിയിട്ടുമുണ്ടാകും.
കാൽനടയാത്രക്കാർക്കു ക്രോസ് ചെയ്യാനുള്ള ക്രോസ് വാക്കിന്റെ ഭാഗത്താണ് ഇതു വരിക. ഒരാളെങ്കിലും ആ ക്രോസ് വാക്കിലേക്കിറങ്ങിയാൽ വണ്ടി സ്റ്റോപ്പ് ചെയ്യണമെന്നാണു നിയമം.
സെെഡ് വെെറ്റ് ലെെൻ, യെല്ലോ ലെെൻ

റോഡിന്റെ സെെഡിലുള്ള വെള്ള ലെെൻ റോഡിന്റെ അരികുഭാഗം തിരിച്ചറിയാനുള്ളതാണ്. പ്രത്യേകിച്ച് രാത്രിയാത്രയിൽ റോഡ് വിട്ടു വെളിയിൽ പോകാതിരിക്കാൻ ലെെൻ സഹായകരമാണ്. വീതിയുള്ള റോഡിൽ അരികിൽനിന്നും അല്പം ഗ്യാപ്പ് ഇട്ടായിരിക്കും ഈ ലെെൻ.
ആ ഭാഗം ആളുകൾക്കു നടക്കാൻ ഉപയോഗിക്കാം, സെെക്കിൾ ലെെനായും പതുക്കെ ഓടിക്കുന്നവർക്കു ടുവീലർ ലെെനായും ഉപയോഗിക്കാം.
ലെെനിന്റെ കളർ മഞ്ഞയായി കഴിഞ്ഞാൽ അത് നോ പാർക്കിംഗ് എന്നായി മാറും. ഇത്തരത്തിലുള്ള ഹെെസ്പീഡ് ടേണിംഗിൽ വണ്ടി പാർക്ക് ചെയ്യുന്നതു വളരെ അപകടകരമാണ്.
തയാറാക്കിയത്: അമൽ പി. അരുൺ