"തല്ലിക്കോ' എന്ന് യുവതി; അനുസരിച്ചവര്‍ക്ക് സംഭവിച്ച അമളി കാണാം
Wednesday, October 30, 2024 10:53 AM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി രസകരമായ കാഴ്ചകള്‍ നമുക്ക് മുന്നില്‍ എത്താറുണ്ട്. പലരും റീല്സുകളായിട്ടായിരിക്കും നമുക്ക് മുന്നില്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുക. ഇത്തരത്തിലെ പല വീഡിയോകളും നമ്മളെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യും.
അത്തരമൊന്നിന്റെ കാര്യമാണിത്. ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ ഡല്‍ഹിയിലെ ഒരു കാഴ്ചയാണുള്ളത്. ദൃശ്യങ്ങളില്‍ ഒരു യുവതി ഒരു പ്ലക്കാര്‍ഡുമായി വഴിവക്കില്‍ നില്ക്കുന്നു. അതില്‍ "സ്ലാപ്പ് മി' എന്നെഴുതിയിട്ടുണ്ട്.
ഇത് കണ്ട് ആളുകളില്‍ പലരും കൗതുകത്തോടെ അവളെ നോക്കുന്നു. പലരും യുവതിയെ അടിക്കുന്നുണ്ട്. എല്ലാവരും തന്നെ വളരെ പതുക്കെയാണ് അവളെ തല്ലുന്നത്. കുഞ്ഞുകുട്ടി പോലും ഒരടി കൊടുക്കുന്നു.
എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. അടിച്ചു കഴിയുമ്പോള്‍ യുവതി പ്ലക്കാര്‍ഡ് തിരിച്ചു കാട്ടുന്നു. അതിന്റെ പിറകിലായി 100 രൂപ തരാന്‍ ആവശ്യപ്പെടുന്നു. തന്നെ തല്ലിയവരോട് അവരുടെ പ്രവൃത്തികള്‍ക്ക് 100 രൂപ നല്‍കണമെന്ന് അവള് തമാശയായി ആവശ്യപ്പെടുമ്പോള്‍ ആളുകള്‍ ഒന്ന് അമ്പരക്കുന്നു. പിന്നീട് ചിലര്‍ പണം നല്കുന്നു. മറ്റു ചിലര്‍ അതിന് തയാറാകുന്നില്ല.
ഈ യുവതി പണം തട്ടാനാണ് ഇത്തരം രീതി ചെയ്തതെന്ന് പറയാന്‍ വരട്ടെ. കാരണം തനിക്ക് തല്ലുവഴി കിട്ടിയ പണംകൊണ്ട് യുവതി പ്രദേശത്തെ ഭവനരഹിതരായ ആളുകള്‍ക്ക് ബിസ്ക്കറ്റുകളും ഭക്ഷണസാധനങ്ങളും വാങ്ങി നല്കുമത്രെ. യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഈ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അടികൊടുക്കേണ്ട മനോഹരമായ ഐഡിയ' എന്നാെണാരാള് കുറിച്ചത്.