ആളെ കൊന്ന ആടിന് മൂന്ന് വര്‍ഷം തടവ്‌
Tuesday, May 24, 2022 3:20 PM IST
സ്ത്രീയെ കൊന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ ഒരു ആടിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. സുഡാനിലെ ഐ റേഡിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മേയ് മാസം ആദ്യവാരം ദക്ഷിണ സുഡാനില്‍ 45കാരിയായ ആദിയു ചാപ്പിംഗ് എന്ന സ്ത്രീയെ കുത്തിപരിക്കേല്‍പിച്ച് കൊലപെടുത്തിയ ആടിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആട് ചാപ്പിംഗിന്‍റെ തലയില്‍ ആഴത്തില്‍ കുത്തി. വാരിയെല്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ യുവതി ഉടന്‍ തന്നെ മരിക്കുകയും ചെയ്തു. റംബെകിലെ അകുവല്‍ യോള്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്.

മാലെംഗ് അഗോക്ക് പായത്തിലെ പോലീസ് സ്റ്റേഷനില്‍ ആടിനെ പിടികൂടി എത്തിക്കുകയും ചെയ്തു. ഉടമ നിരപരാധിയാണ്, കുറ്റം ചെയ്തത് ആടാണ്. അതിനാല്‍ ആടിനെ അറസ്റ്റ് ചെയ്യണമെന്ന് മേജര്‍ എലിജ മബോര്‍ പറഞ്ഞിരുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ആടിനെ സുഡാനിലെ ലേക്ക്സ് സ്റ്റേറ്റിലെ അഡ്യൂവല്‍ കൗണ്ടിയിലെ സൈനിക ക്യാമ്പിലേക്ക് വിടും. ആടിന്‍റെ ഉടമസ്ഥനായ ഡുവോണി മന്യാംഗ് ധാല്‍ ഇരയുടെ കുടുംബത്തിന് അഞ്ച് പശുക്കളെ കൈമാറണമെന്ന് പ്രാദേശിക കോടതി വിധിച്ചു.

ശിക്ഷയുടെ രീതിയനുസരിച്ച് ആടിന്‍റെ ഉടമക്ക് ആടിനെ വിട്ടുകൊടുക്കുകയുമില്ല. ആടിന്‍റെ ഉടമയും ഇരയുടെ കുടുംബവും ബന്ധുക്കളും അയല്‍ക്കാരുമാണെന്ന് കൗണ്ടി അഡ്മിനിസ്ട്രേറ്റര്‍ പോള്‍ അഡോങ് മജാക്ക് അറിയിച്ചതായി ലാഡ്ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.