വീട്ടിലിരുന്ന് പാട്ടുപാടി സമ്മാനം നേടാം: യുവവൈദികരുടെ ഓൺലൈൻ മത്സരം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Saturday, May 2, 2020 5:49 PM IST
ലോക്ക്ഡൗൺ കാലം ക്രിയാത്മകമായി ചെലവഴിക്കുന്നതിനായി ദിവ്യകാരുണ്യ മിഷണറി സന്യാസസഭയിലെ (എംസിബിഎസ്) യുവവൈദികർ സംഘടിപ്പിച്ച ഓൺലൈൻ പാട്ടുമത്സരത്തിന് സോഷ്യൽ മീഡിയയിൽ വൻവരവേല്‍പ്പ്. വീട്ടിലിരുന്ന് പാട്ടുപാടി സമ്മാനം നേടാനാകുന്ന ഈ ന്യൂജെൻ മത്സരത്തിന്റെ അണിയറയിൽ എംസിബിഎസ് സഭയിലെ യുവവൈദികരായ ഫാ. എൽവിസ് കോച്ചേരിയും ഫാ. നിതിൻ ജോർജുമാണ്.
എംസിബിഎസ് സഭയുടെ കീഴിലുള്ള സിയോൺ ഇന്നവേറ്റീവ് മീഡിയയാണ് ’സ്റ്റേ ഹോം സിംഗ് ആൻഡ് വിൻ’ എന്ന പേരിൽ മത്സരം സംഘടിപ്പിച്ചത്. രണ്ടുമിനിറ്റിൽ കുറയാതെ ഒരു ക്രിസ്തീയ ഭക്തിഗാനം പാടി അതിന്റെ വീഡിയോ വാട്സ്ആപ്പ് വഴിയോ ഇമെയിൽ ആയോ അയച്ചാണ് മത്സരത്തിൽ പങ്കാളികളാകേണ്ടത്. അയച്ചുകൊടുക്കുന്ന വീഡിയോകള്‍ സിയോന്‍ ഇന്നവേറ്റീവ് മീഡിയയുടെ എന്ന ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യും.
പേജിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്ക് കിട്ടുന്ന ലൈക്ക് അനുസരിച്ചാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്. വീഡിയോ പേജിൽ പോസ്റ്റ് ചെയ്യുന്ന സമയം മുതൽ 48 മണിക്കൂർ നേരത്തേക്ക് കിട്ടുന്ന ലൈക്ക് ആണ് കണക്കാക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത ഉടനെ അതിന്റെ ഫേസ്ബുക്ക് ലിങ്ക് ഗായകർക്ക് അയച്ചുനല്‍കും. പാട്ടിന് പരമാവധി ലൈക്ക് സ്വരൂപിക്കേണ്ട ഉത്തരവാദിത്തം പിന്നെ അവർക്കാണ്. ഏപ്രിൽ 30 വരെയാണ് മത്സരത്തിനായി സമയം നല്‍കിയത്. വിജയിയെ ഞായറാഴ്ച വൈകുന്നേരം ഏഴിന് ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിക്കും. ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ ക്യാഷ് അവാര്‍ഡാണ് സമ്മാനമായി നല്‍കുക.
മത്സരത്തിന്റെ ആദ്യ അറിയിപ്പ് പുറത്തുവന്നതിനു പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഫാ. എൽവിസ് കോച്ചേരി ദീപിക ഡോട്ട്കോമിനോട് പറഞ്ഞു. മത്സരം അവസാനിച്ചപ്പോഴേക്കും ആകെ 803 വീഡിയോകൾ ലഭിച്ചു. മൂന്നര വയസുള്ള കുട്ടി മുതൽ 98 വയസുള്ള മുത്തശ്ശി വരെ മത്സരത്തിന്റെ ഭാഗമായി. ഒപ്പം വൈദികരും സന്യാസിനികളും പങ്കെടുത്തു.