നിയുക്ത രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് വേറിട്ട ആശംസയുമായി മണല്‍ ചിത്രകാരന്
Friday, July 22, 2022 3:58 PM IST
കഴിഞ്ഞ ദിവസമാണല്ലൊ ഒഡീഷയില്‍ നിന്നുള്ള ദ്രൗപദി മുര്‍മു ഭാരതത്തിന്‍റെ 15 മത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് അവര്‍ക്ക് ആശംസകള്‍ നേരുന്നത്.
തദവസരത്തില്‍ അല്പം വേറിട്ട രീതിയില്‍ നിയുക്ത രാഷ്ട്രപതിക്ക് ആശംസയറിയിച്ചിരിക്കുകയാണ് ഒഡീഷയില്‍ നിന്നുള്ളൊരു കലാകാരന്‍. ഒഡീഷയിലെ മണല്‍ ചിത്രകാരനായ സുദര്‍ശന്‍ പട്നായിക്കാണ് ഇത്തരത്തിലൊരു വേറിട്ട അഭിനന്ദനമൊരുക്കിയിരിക്കുന്നത്.
ഒഡീഷയിലെ പുരി ബീച്ചില്‍ മണലില്‍ ദ്രൗപദി മുര്‍മുവിന്‍റെ ഒരു ശില്പം ഒരുക്കിയിരിക്കുകയാണ് ഇദ്ദേഹം. മന്ദ സ്മിതയായ ദ്രൗപദി മുര്‍മുവും അവര്‍ക്ക് പിന്നിലായി രാഷ്ട്രപതി ഭവനും അതിനോട് ചേര്‍ന്ന് ദേശീയ പതാകയുടെ നിറങ്ങളും ഇതില്‍ കാണാം.
"ജനങ്ങളുടെ പ്രസിഡന്‍റിന് ആശംസ’ എന്നെഴുതിയിട്ടുമുണ്ട്.
തന്‍റെ ട്വിറ്റര്‍ പേജില്‍ സുദര്‍ശന്‍ പട്നായിക് പങ്കുവച്ചിരിക്കുന്ന ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്. നിരവധി പേരാണ് രാഷ്ട്രപതിക്ക് ആശംസയും സുദര്‍ശന് അഭിനന്ദനവും രേഖപ്പെടുത്തുന്നത്.