ലങ്കക്കായി 50 മത്സരങ്ങൾ കളിച്ച താരം; ഇന്ന് ബസ് ഡ്രൈവർ
Monday, July 25, 2022 3:38 PM IST
ലോകകപ്പ് ഫൈനൽ അടക്കം ശ്രീലങ്കക്കായി 50 അന്താരാഷ്ട്ര മത്സരങ്ങൾ, കോടികൾ ഒഴുകുന്ന ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരം; ശ്രീലങ്കയുടെ മുൻ സ്പിന്നർ
സൂരജ് രണ്‍ദീവിന്‍റെ ജീവിതത്തിന്‍റെ ആദ്യ പകുതി സംഭവബഹുലമായിരുന്നു. എന്നാൽ പെട്ടന്ന് മാറിമറിയുന്ന ഒരു ട്വന്‍റി-20 മത്സരം പോലെ രണ്‍ദീവിന്‍റെ ജീവിതവും മാറിമറിഞ്ഞു.
പല ബാറ്റർമാരെയും ബുദ്ധിമുട്ടിച്ച ലങ്കൻ സ്പിന്നറുടെ ആ കൈകൾ ഇന്ന് വളയം പിടിക്കുകയാണ്. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓസ്ട്രേലിയയിൽ ഒരു ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് രണ്‍ദീവ്.
മുരളീധരൻ, മെൻഡിസ് തുടങ്ങിയ നിരവധി ഇതിഹാസ സ്പിന്നർമാരെ സംഭാവന ചെയ്തിട്ടുള്ള ശ്രീലങ്കൻ ടീമിൽ രണ്‍ദീവ് 2009ലാണ് അരങ്ങേറിയത്.രണ്‍ദീവ് രാജ്യത്തിനായി വളരെക്കാലം കളിക്കുമെന്നും ധാരാളം വിക്കറ്റുകൾ വീഴ്ത്തുമെന്നും പലരും കരുതി. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും അയാൾക്ക് മികച്ച പിന്തുണ നൽക്കി. 2011 ലോകകപ്പ് ഫൈനലിൽ വരെ അവസരം കൊടുത്തു.
തുടക്കത്തിൽ ചില മികച്ച സ്പിൻ ബൗളിംങ് പ്രകടനങ്ങൾ നടത്തിയെങ്കിലും പതിയെ താരം ടീമിന് ഒരു ബാധ്യതയായി മാറി. 2011 ഐപിഎലിൽ ചെന്നൈക്ക് വേണ്ടി എട്ടു മത്സരങ്ങൾ കളിച്ചെങ്കിലും അവിടെയും വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല.
തുടർന്ന് ടീമിൽ നിന്ന് പുറത്തായ താരം ജീവിതം പതിയെ ഓസ്ട്രലിയയിലേക്ക് പറിച്ചു നടുകയായിരുന്നു. മെൽബണിൽ ഒരു ബസ് ഡ്രൈവറായി ജോലി ചെയുകയാണ് ഇപ്പോൾ ഈ മുൻ സ്പിന്നർ.
കളിക്കളത്തിൽ നല്ല ഓർമകൾ ഒരുപാട് ഇല്ലെങ്കിലും ഇന്ത്യൻ ആരാധകർക്ക് ഒരു വേദന സമ്മാനിച്ച താരമാണ് സൂരജ് രണ്‍ദീവ്. വീരേന്ദർ സെവാഗ് 99 ൽ നിൽക്കേ ഇന്ത്യക്ക് വിജയിക്കാൻ വേണ്ടത് ഒരു റണ്‍സായിരുന്നു. രണ്‍ദീവിന്‍റെ പന്ത് സേവാഗ് സിക്സറിന് പറത്തിയെങ്കിലും നോബോളായതിനാൽ സേവാഗിന് സെഞ്ചുറി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അങ്ങനെ മനപൂർവം നോബോൾ എറിഞ്ഞു വീരേന്ദർ സേവാഗിന്‍റെ അർഹിച്ച സെഞ്ച്വറി നിഷേധിച്ച ശ്രീലങ്കൻ സ്പിന്നർ രണ്‍ദീവ് ഇന്ത്യൻ ആരാധകർക്ക് അന്ന് വില്ലനായി മാറിയിരുന്നു.