ചിറകുള്ള പെൺകുട്ടി! താങ്ങാകേണ്ടവർ തഴഞ്ഞപ്പോഴും അവൾ പറന്നു; കുഞ്ഞിപ്പാത്തു ഡോ. ഫാത്തിമ അസ്ലയായ കഥ
Saturday, November 28, 2020 6:38 PM IST
എല്ലാ മുറിവുകളും ഉണങ്ങും...
തഴഞ്ഞു മാറിയവര്‍ ചേര്‍ത്തു നിര്‍ത്തും...
ഇരുട്ടു മാറി വീണ്ടും നിലാവു പരക്കും
....................................................
ചിറകുകള് വീശി ഉയരങ്ങള്‍ കീഴടക്കും
ലോകം നിനക്കുവേണ്ടി കാത്തിരിക്കും....
കാതോര്‍ത്തിരിക്കും...’
വെള്ളക്കടലാസില്‍ വടിവൊത്ത അക്ഷരത്തില്‍ ആ ഇരുപത്തിനാലുകാരി കുറിച്ചത് വെറും വാക്കുകളായിരുന്നില്ല, മറിച്ചു സ്വന്തം ജീവിതമായിരുന്നു. താങ്ങും തണലുമാകേണ്ടവര്‍ തഴഞ്ഞപ്പോഴും അവള് പൊരുതി. കുഞ്ഞിപ്പാത്തു കണ്ട സ്വപ്നത്തില്‍ നിന്ന് ഡോ. ഫാത്തിമാ അസ്ല എന്ന പേരിലേക്ക് എത്തിപ്പെടുമ്പോള്‍ കണ്ണീരിന്റെ ഉപ്പും വിജയത്തിന്റെ മാധുര്യവും ഫാത്തിമയ്ക്കു നന്നായി അറിയാം.
പിറന്നുവീണ് മൂന്നാമത്തെ ദിവസമാണ് കുഞ്ഞിപ്പാത്തുവിന്റെ കാലിലെ വളവ് അമ്മൂമ്മയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയതോടെ ഡോക്ടര്‍മാര്‍ പറഞ്ഞു, വാപ്പയുടെ അതേ രോഗമാണ് കുഞ്ഞിനെയും ബാധിച്ചിരിക്കുന്നത് ഓസ്റ്റിയോജെനസിസ് ഇംപെർഫെക്ട. ശരീരത്തിലെ എല്ലുകളെല്ലാം പൊട്ടുന്ന ജനിതകരോഗമാണിത്. ഒന്നുറക്കെ തുമ്മുകയോ ചുമയ്ക്കുകയോ എന്തിന് ചിരിച്ചാൽപ്പോലും എല്ലു പൊട്ടിയേക്കാം.
"ചെറുപ്പത്തിലെ കാര്യങ്ങള്‍ അപ്പ പറഞ്ഞറിയാം. കാലിന്റെ വളവു മാറാന്‍ എത്രയോ ദിവസം എന്നെ തലകീഴായി കെട്ടിത്തൂക്കിയിട്ടിരുന്നു. അന്നു മുതല്‍ കഴിഞ്ഞ ഒരു വര്‍ഷം മുന്‍പുവരെ ഒടിവും പൊട്ടലുമൊക്കെ എന്റെ ജീവിതത്തിലെ നിത്യസംഭവങ്ങളായി മാറി. കഴിഞ്ഞ വര്‍ഷം മൂന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ വാക്കറിന്റെ സഹായത്തോടെ മെല്ലെ നടക്കാം എന്നായിട്ടുണ്ട്. ഇപ്പോള്‍ ആരുടെയും സഹായമില്ലാതെ കുറച്ചുനേരമൊക്കെ നില്‍ക്കാനും സാധിക്കും.’
ഒരു ദിവസം പോലും മെഡിക്കൽ വിദ്യാർഥിനിയാകാൻ കഴിയില്ലെന്ന് പരിഹസിച്ചവർക്കു മുന്നിലാണ് ഈ പെൺകുട്ടി ഇന്ന് ചിരിച്ചു നിൽക്കുന്നത്. ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ ഫാത്തിമ അസ്ല ഡോക്ടറാണ്. ഫാത്തിമയുടെ കവിതാ സമാഹാരമായ നിലാവുപോലെ ചിരിക്കുന്ന പെൺകുട്ടിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കോട്ടയം കുറിച്ചി എഎൻഎസ്എസ് ഹോമിയോ മെഡിക്കൽ കോളജ് മുറ്റത്ത്, തന്റെ വീൽചെയറിലിരുന്ന് ഫാത്തിമ അസ്ല എന്ന നാലാം വർഷ ബിഎച്ച്എംഎസ് വിദ്യാർഥിനി സംസാരിച്ചു തുടങ്ങി.

സ്വപ്നങ്ങളെ മുറുകെ പിടിക്കണം
"മുറിവുകളില്‍ മരുന്നാവാം, സ്നേഹമാവാം, മറ്റുള്ളവര്‍ക്കു തണലാവാം’- സ്വന്തം സ്വപ്നത്തെക്കുറിച്ചു ഫാത്തിമ കുറിച്ചത് ഇങ്ങനെയാണ്.
ചെറുപ്പം മുതല്‍ ആശുപത്രി വാര്‍ഡിന്റെ ചുവരുകള്‍ക്കുള്ളില്‍, മരുന്നിന്റെ മണമറിഞ്ഞ് വളര്‍ന്ന കുഞ്ഞിപ്പെണ്ണ് കണ്ട വലിയ സ്വപ്നമാണ് വളര്‍ന്നുവലുതാകുമ്പോള്‍ ഡോക്ടറാകണമെന്നത്. എന്നാല്‍, കണ്ട സ്വപ്നങ്ങളെ കൈയെത്തിപ്പിടിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കാലിടറി വീണു. അവിടെനിന്നു വീണ്ടും പിടഞ്ഞെഴുന്നേറ്റ് ഫാത്തിമ ആവേശത്തോടെ പറഞ്ഞു: "എനിക്കു ഡോക്ടറാകണം’.
"കുട്ടിക്കാലത്ത് അധ്യാപകരേക്കാള്‍ കൂടുതല്‍ ഞാന്‍ ഇടപഴകിയിട്ടുള്ളതു ഡോക്ടര്‍മാരോടാണ്.' എഴുതിയ പരീക്ഷകളിലെല്ലാം മികച്ച മാര്‍ക്ക് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നു പറയുമ്പോള്‍ ഫാത്തിമയുടെ ചിരിയില്‍ ആത്മവിശ്വാസത്തിന്റെ നറുനിലാവു പടരുന്നു.
താങ്ങാകേണ്ടവര്‍ തളര്‍ത്തുമ്പോള്‍
"വളരെ സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ഒടിവുകള്‍ സംഭവിക്കുന്നതുമൂലം എനിക്കു തുടര്‍ച്ചയായി ക്ലാസുകള്‍ നഷ്ടമായി. ട്യൂഷനു പോയി പഠിക്കാനുള്ള സാമ്പത്തികസ്ഥിതി വീട്ടില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്‍ട്രന്‍സിനുള്ള തയാറെടുപ്പുപോലും സ്വയമായിരുന്നു. എങ്കിലും മെഡിക്കല്‍ എന്‍ട്രന്‍സിന് എനിക്കു താരതമ്യേന ഭേദപ്പെട്ട റാങ്ക് ഉണ്ടായിരുന്നു.
ഹോമിയോപ്പതിയോ ആയുര്‍വേദമോ കിട്ടുമായിരുന്നു. പക്ഷേ, എനിക്കവിടെ നേരിടേണ്ടിവന്നത് വളരെ വിഷമകരമായ അനുഭവങ്ങളാണ്. പ്രോത്സാഹിപ്പിക്കേണ്ടവര്തന്നെ പരിഹസിക്കുമ്പോള്‍ ആത്മവിശ്വാസം ചോര്‍ന്നു പോകില്ലേ? ഭിന്നശേഷിക്കാരായവര്‍ക്ക് അഡ്മിഷന് നല്‍കാനുള്ള മെഡിക്കൽ ബോർഡിലെ പലരുടെയും മനോഭാവം "നീയൊക്കെ ഡോക്ടറായിട്ട് എന്തു ചെയ്യാന്‍?’ എന്നായിരുന്നു.
അന്ന് അവിടെനിന്നിറങ്ങുമ്പോള്‍ എനിക്കു വല്ലാതെ പൊള്ളുന്നുണ്ടായിരുന്നു. എന്റെ സ്വപ്നങ്ങളെയും ആത്മവിശ്വാസത്തെയുമാണ് അവര്‍ പരിഹസിച്ചു തള്ളിയത്’ ഫാത്തിമയുടെ കണ്ണുകളില്‍ പടരുന്ന നനവ് വാക്കുകളെ ഉള്ളിലേക്കു വലിച്ചു.
"ആ ഹാളില്‍നിന്നു പുറത്തുവന്ന എന്നെ കാത്തിരുന്നതും വളരെ വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. അഡ്മിഷന് തരില്ലെന്നു ബോര്‍ഡ് പറഞ്ഞതോടെ സ്പോണ്സര് ചെയ്യാമെന്ന് ഏറ്റിരുന്നവര്‍ കൈയൊഴിഞ്ഞു. അപ്പയും ഉമ്മയും സഹോദരങ്ങളുമല്ലാതെ ആരുമില്ലെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളാണത്.’ ഫാത്തിമ പറയുന്നു.

പ്രതീക്ഷകള്‍ക്കു ചിറകു മുളയ്ക്കുമ്പോള്‍
തന്റെ സ്വപ്നങ്ങളെല്ലാം സ്വപ്നങ്ങളായിത്തന്നെ ഒടുങ്ങുമോ എന്നു ഭയന്നിരുന്ന ഫാത്തിമയ്ക്കു മുന്നിലേക്ക് സഹായവുമായി അയാളെത്തി, സ്പോൺസർ. പഠനച്ചെലവു മുഴുവന്‍ വഹിക്കാമെന്നുറപ്പു നല്കി. അതോടെ ഫാത്തിമയുടെ സ്വപ്നങ്ങള്‍ക്കു വീണ്ടും ചിറകു മുളയ്ക്കുകയായിരുന്നു.
"ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ കരഞ്ഞുതീര്‍ത്ത കണ്ണീരിനു പടച്ചവൻ തന്നെ മറുപടിയായിട്ടാണ് ഞാന്‍ ആ തുടക്കത്തെ കണ്ടത്. വീണ്ടും എന്‍ട്രന്‍സ് എഴുതാന്‍ തീരുമാനിച്ചു. കോഴിക്കോട് പ്രൈം എന്ന സ്ഥാപനത്തില്‍ ചേര്‍ന്നു. തളര്‍ന്നു പോയപ്പോഴൊക്കെ പ്രൈമിലെ അധ്യാപകരും ജീവനക്കാരുമെല്ലാം ഒപ്പംനിന്നു. ’ ഫാത്തിമ പറഞ്ഞു.
വിജയത്തിലേക്കുള്ള ചവിട്ടുപടികൾ
രണ്ടാംവട്ടം എന്‍ട്രന്‍സ് ക്വാളിഫൈഡ് ആയശേഷം ഫാത്തിമ പാനലിനു മുന്നിലേക്കു ചെന്നതു നടന്നാണ്. ആ വിശേഷങ്ങള്‍ പങ്കുവച്ചു തുടങ്ങിയപ്പോള്‍തന്നെ ഫാത്തിമയുടെ മുഖം സന്തോഷം കൊണ്ടു ചുവന്നു.
"താന്‍ വീണ്ടും വന്നോടോ’ എന്ന ചോദ്യത്തോടെയാണ് എന്നെ പാനല്‍ സ്വീകരിച്ചത്. ഇക്കുറി സന്തോഷത്തോടെയായിരുന്നു ചോദ്യം. ’വരാണ്ട് പറ്റൂലല്ലോ സാര്‍’ എന്നു ഞാൻ പറഞ്ഞു. അവര്‍ ഇരിക്കാനായി കസേര നീട്ടിയെങ്കിലും ഇരിക്കാനുള്ള ധൈര്യം ഉണ്ടായില്ല.
ആദ്യത്തെ പ്രാവശ്യം വീല്‍ചെയറില്‍ പോയ ആള് തൊട്ടടുത്ത വര്‍ഷം നടന്നുചെല്ലുന്നത് കണ്ടപ്പോള്‍ അവര്‍ക്കും എന്നില്‍ വിശ്വാസം തോന്നിക്കാണും. എന്‍ട്രന്‍സ് കോച്ചിംഗിനൊപ്പം നടക്കാനും ഞാൻ പഠിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വലിയ ഹാള്‍ നടന്നു പുറത്തേക്കിറങ്ങുമ്പോള്‍ ലോകംതന്നെ കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്.
ഞാനേറ്റവും അഭിമാനിക്കുന്ന നിമിഷങ്ങളിൽ ഒന്നാണത്. പലപ്പോഴും എനിക്കുതന്നെ അദ്ഭുതം തോന്നാറുണ്ട്. എനിക്കിതൊക്കെ സാധിച്ചല്ലോ എന്ന്.’ ഇക്കുറി സംസാരിച്ചു നിർത്തിയപ്പോൾ ഫാത്തിമയുടെ മുഖത്തു വിരിഞ്ഞത് ആശ്ചര്യമാണ്.
ചിരികൊണ്ടു നേരിട്ട വെല്ലുവിളികള്‍
കുറിച്ചിയിലെ ഹോമിയോ മെഡിക്കല്‍ കോളജിലേക്ക് വരുമ്പോള്‍ ഫാത്തിമയെ നോക്കി കണ്ണുരുട്ടിയത് മുകളിലേക്കു തലയെടുപ്പോടെ നിന്ന പടിക്കെട്ടുകളാണ്. എന്നാല്‍ കണ്ണുരുട്ടി പേടിപ്പിച്ച പടിക്കെട്ടുകളെ ഫാത്തിമ കണ്ണിറുക്കി കാണിച്ചു.
"കോളജിലെത്തി സ്റ്റെപ് കണ്ടപ്പോൾ എന്തു ചെയ്യുമെന്നറിയാതെ നിന്നു. പക്ഷേ ആദ്യ ദിവസം തന്നെ ക്ലാസിലെ കുട്ടികൾ എനിക്ക് തുണയായി. ആൺകുട്ടികൾ ഓടിവന്ന് വീൽചെയറോടെ എന്നെ എടുത്ത് ക്ലാസ് മുറിയിലേക്കു കൊണ്ടുപോയി. വീൽചെയർ ഇല്ലാതെ എവിടെയെങ്കിലും പോകേണ്ടതായി വന്നാൽ പെൺകുട്ടികൾ തോളിലേറ്റും.
അവസാന വർഷത്തെ കോളജ് ടൂറിനും അവർ എന്നെ എടുത്തുകൊണ്ടാണ് പോയത്. വഴിമുട്ടി നിൽക്കുന്പോഴെല്ലാം എന്റെ ജീവിതത്തിലേക്ക് ഒരു വെളിച്ചം കടന്നു വരാറുണ്ട്. കോളജിൽ അതെന്റെ സുഹൃത്തുക്കളായിരുന്നു. അവരുണ്ടായിരുന്നതുകൊണ്ട് പിടിച്ചുനിൽക്കുക എന്നത് വലിയ ബുദ്ധിമുട്ടായിരുന്നില്ല.’ കൂട്ടുകാർ ഒപ്പം കൂടിയതോടെ കോളജിലെ നാലു വര്‍ഷം തനിക്കു സ്വര്ഗമായിരുന്നുവെന്ന് ഫാത്തിമ പറയുന്നു.
പ്രചോദനമാകാം, പ്രകാശം പരത്താം
"സ്വകാര്യ നേട്ടത്തിനപ്പുറം ഈ വിജയത്തെ ഞാൻ കാണുന്നത് എന്നെപ്പോലുള്ള ഒരുപാടുപേർക്കുള്ള സന്ദേശമായാണ്. ജീവിതത്തിൽ പലപ്പോഴും പലയിടങ്ങളിലും ഞാൻ മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. അതുപോലെ എത്രയെത്ര കുട്ടികളുണ്ടാകും. എന്റെ ജീവിതംകൊണ്ട് ഞാൻ അവരോടു പറയുന്നത് ഇത്രയേ ഉള്ളൂ, "ഫാത്തിമയ്ക്കു കഴിഞ്ഞെങ്കിൽ നിങ്ങൾക്കും സാധിക്കും’.
ഭിന്നശേഷിക്കാരായ കുട്ടികളെ മുൻവിധിയോടെ മാറ്റിനിർത്തുന്ന ഒരുപാടുപേരുണ്ട്. അതു മാറണം. എന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരാളെങ്കിലും അയാളുടെ സ്വപ്നങ്ങൾ നേടിയെടുത്താൽ വലിയ സന്തോഷം തോന്നും. എന്റെയുള്ളിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും ആശയങ്ങളും പങ്കുവയ്ക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് സോഷ്യൽമീഡിയ അക്കൗണ്ടുകൾ തുടങ്ങിയത്. ഡ്രീം ബിയോണ്ട് ഇൻഫിനിറ്റി എന്ന യൂട്യൂബ് ചാനൽ ഫാത്തിമ ആരംഭിച്ചതും അങ്ങനെ തന്നെ.
എന്നാൽ ഇതൊക്കെ പലർക്കും പ്രചോദനമാകാറുണ്ടെന്നു പറയുന്നു. പലരും ഇൻബോക്സിൽ വന്ന് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർവരെ അവർ മുന്നോട്ടു വരാൻ ശ്രമിക്കുന്നുണ്ട് എന്നു പറയുന്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം തോന്നും’ ഫാത്തിമയുടെ വാക്കുകളിൽ അഭിമാനം നിറഞ്ഞു.

നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി
ചെറുപ്പം മുതൽ പുസ്തകങ്ങൾ മാത്രം കൂട്ടിനുണ്ടായിരുന്ന പാത്തുമ്മ അവളുടെ മനസിലെ തോന്നലുകളും ചിന്തകളുമെല്ലാം പുസ്തകങ്ങളിലും കടലാസു കഷ്ണങ്ങളിലും കുറിച്ചിട്ടു. മറ്റു കുട്ടികളെപ്പോലെ പുറത്തിറങ്ങി കളിച്ചാൽ ഒടിവുണ്ടാകുമോ എന്ന ഭയം അവളെ പുസ്തകങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയാക്കി.
വളരുംതോറും പാത്തുവിന്റെയുള്ളിലെ ആശയങ്ങളും വളർന്നു. പലപ്പോഴും വിഷയമായത് സ്വന്തം നോവുകളും അനുഭവങ്ങളും തന്നെയാണ്. അങ്ങനെ എഴുതിയ കവിതകളുടെ ശേഖരമാണ് പെൻഡുലം ബുക്സ് പുറത്തിറക്കിയിരിക്കുന്ന നിലാവു പോലെ ചിരിക്കുന്ന പെൺകുട്ടി എന്ന പുസ്തകം.
"നിലാവിനെക്കുറിച്ചു പറയാൻ വാക്കുകളില്ല. ഒരുപാടു സ്നേഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പുസ്തകം വായിച്ചശേഷം ഓരോരുത്തരും പറയുന്ന നല്ല വാക്കുകൾ കണ്ണു നിറയ്ക്കും. വായനയ്ക്കും പങ്കുവയ്ക്കലിനും എല്ലാവരും തരുന്ന സ്നേഹത്തിനും എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. എനിക്ക് ചുറ്റുമുള്ള മനുഷ്യരെല്ലാം എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.’
വാക്കുകൾക്കിടയിൽ ഫാത്തിമ അറിയാതെ തന്നെ കൈകൂപ്പുന്പോൾ ആ കണ്ണുകളിൽ കാണാം ഒപ്പമുള്ളവരോടുള്ള സ്നേഹവും നന്ദിയും.
പ്രിൻസസ് ഓൺ വീൽസ്
ഫാത്തിമയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പതിവായി കാണുന്ന ഹാഷ്ടാഗ് ആണ് പ്രിൻസസ് ഓൺ വീൽസ്. എന്താണത് എന്ന ചോദ്യത്തിനു ഫാത്തിമയുടെ ഉത്തരം ഇങ്ങനെ: "എന്റെ നേർക്ക് ഏറ്റവും കൂടുതൽ വന്നിട്ടുള്ളത് സഹതാപം നിറഞ്ഞ നോട്ടങ്ങളാണ്. പലപ്പോഴും അത് എന്നോടല്ല, ഞാനിരിക്കുന്ന ഈ വീൽചെയർ കാണുന്പോഴുള്ള അസ്വസ്ഥതയാണ്.
ഞാൻ ഇങ്ങനെയാണ്. അപ്പോൾ പിന്നെ എന്താണ് എനിക്കൊപ്പം എന്റെ വീൽചെയറിനേയും അംഗീകരിച്ചാൽ? ഇങ്ങനെയായതിൽ ഞാൻ സന്തുഷ്ടയാണ്. അതു സൂചിപ്പിക്കാനാണ് ഞാൻ എന്നെ പ്രിൻസസ് ഓൺ വീൽസ് എന്നു വിളിക്കുന്നത്.'
പച്ചമരുന്നിന്റെ മണമുള്ള രാത്രികൾ
സ്വപ്നങ്ങൾക്കു പിന്നാലെയുള്ള പാച്ചിലിൽ വേദനകളെ മറക്കാനാണിഷ്ടം എന്നു പറയുന്പോഴും ചില രാത്രികളിൽ പോയകാലത്തിന്റെ നോവുകൾ തലപൊക്കിനോക്കുമെന്ന് ഫാത്തിമ പറയുന്നു.
"ഇടയ്ക്കിപ്പോഴും ശരീരത്തിൽ നേർത്ത വേദന അനുഭവപ്പെടാറുണ്ട്. വേദന നേർത്തതാണെങ്കിലും ഓടിവുണ്ടാകുമോ എന്ന പേടിക്ക് നല്ല ഭാരമുണ്ടാകും. പല രാത്രികളും ഉറങ്ങാതെ നേരം വെളുപ്പിച്ചിട്ടുണ്ട്. ഉറക്കത്തിൽ പച്ചമരുന്നിന്റെ മണം എന്നെ തേടി വരും. ശരീരത്തിലെവിടെയൊക്കെയോ ഓടിവുകളുണ്ടെന്നു തോന്നും. വായ മൂടിപ്പിടിച്ച്, ശബ്ദമുണ്ടാക്കാതെ കരയും. അന്നേരമുള്ളിൽ പടച്ചവനോടുള്ള പ്രാർഥന മാത്രമാണ് ഉണ്ടാവുക.
ഇടയ്ക്കെപ്പൊഴോ ഞെട്ടിയുണർന്നു നോക്കുന്പോൾ മനസിലാകും എല്ലാം ദുഃസ്വപ്നമാണെന്ന്. നെടുവീർപ്പിട്ട്, വീണ്ടും കിടക്കുമെങ്കിലും ഉറക്കം വരില്ല. കണ്ടത് ദുഃസ്വപ്നമാണെങ്കിലും അത്തരം ദിവസങ്ങളിലൂടെയാണ് എന്റെ കുട്ടിക്കാലമത്രയും കടന്നു പോയത്.
ഭയം കീഴ്പ്പെടുത്തുന്ന, വേദനകൾ തളർത്തുന്ന ദിവസങ്ങൾ. ആ ഓർമകളെയെല്ലാം ചിരികളായി അടയാളപ്പെടുത്താനുള്ള ശ്രമത്തിലാണു ഞാനിപ്പോൾ. കടന്നു പോകുന്ന ഓരോ ദിവസത്തേയും ഞാൻ കാണുന്നത് അതിജീവനത്തിന്റെ നാഴികക്കല്ലുകളായാണ്. ’
കൂട്ടായ് അവർ
ഏതു വേനലിലും ഓടിക്കയറാവുന്ന തണലാണ് ഫാത്തിമയ്ക്ക് കുടുംബം. അപ്പ അബ്ദുൾ നാസറും ഉമ്മിച്ചി ആമിനയും സഹോദരങ്ങളായ അസ്ലമും അഫ്സലും ആയിഷയും ചേരുന്നതാണ് ഫാത്തിമയുടെ ചെറിയ വലിയ ലോകം.
"തുടര്‍ച്ചയായി ഒടിവുകള്‍ സംഭവിച്ചിരുന്നതിനാല്‍ പതിവായി ക്ലാസുകള്‍ മുടങ്ങിയിരുന്നു. എന്നാല്‍, പഠിക്കാനുള്ള എന്റെ ആഗ്രഹം മനസിലാക്കി ഉമ്മിച്ചി എന്നേയും തോളിലേറ്റി കിലോമീറ്ററുകള്‍ അകലെയുള്ള സ്കൂളിലേക്കു നടക്കും. എല്‍പി സ്കൂളിലേക്ക് ഉമ്മയുടെ തോളിലിരുന്നു പോയത് എനിക്കിപ്പോഴും ഓര്‍മയുണ്ട്.
അപ്പയും ഉമ്മിച്ചിയും ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്തേനെ എന്നു പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. സാന്പത്തികമായോ വിദ്യാഭ്യാസപരമായോ ഉയർന്നവരല്ലെങ്കിലും ഞാൻ സ്വപ്നം കണ്ടു എന്നതുകൊണ്ടു മാത്രം എന്നെ ഡോക്ടറാക്കിയവരാണ് രണ്ടാളും. താമരശേരിയിലെ വീട്ടിൽ നിന്ന് എന്നെയുംകൂട്ടി കോഴിക്കോട്ടേക്കും കോട്ടയത്തേക്കും വന്നത് എന്റെ സ്വപ്നം യാഥാർഥ്യമാക്കാനാണ്. ഇക്കാക്കയും അനിയനും അനിയത്തിയുമെല്ലാം അങ്ങനെ തന്നെയാണ്. ’
അഞ്ജലി അനിൽകുമാർ