ടാസ്മാനിയന്‍ ചെന്നായ്ക്കളെ തിരിച്ചുകൊണ്ടുവരാനൊരുങ്ങി ശാസ്ത്ര ലോകം
Friday, May 27, 2022 3:06 PM IST
വംശനാശം സംഭവിച്ച ടാസ്മാനിയന്‍ ചെന്നായ്ക്കളെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകം. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ യൂണിവേഴ്സിറ്റിയിലുള്ള ജീവ ശാസ്ത്രകാരനായ ആന്‍ഡ്രൂ പാസ്കിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഈ പ്രയത്നത്തിന് പിന്നില്‍.
ജനിതക സംയോജന പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ചെറു സഞ്ചി മൃഗങ്ങള്‍ ഈ നീക്കത്തില്‍ നിര്‍ണായകമാകുമെന്നവര്‍ കരുതുന്നു.
ഏറ്റവും വലിപ്പം കൂടിയ സഞ്ചിമൃഗമായിരുന്നു ടാസ്മാനിയന്‍ ചെന്നായ്ക്കള്‍. ടാസ്മേനിയന്‍ കടുവകളെന്നും ഇവ അറിയപ്പെടുന്നു. തൈലസിനിഡേ കുടുംബത്തില്‍പ്പെടുന്നവയാണിത്.
പേരില്‍ കടുവയും, കാഴ്ചയില്‍ ചെന്നായയും എന്നു തോന്നിക്കുന്ന ഈ ജീവി യഥാര്‍ഥത്തില്‍ ഇവ രണ്ടുമല്ല. ഒരു വിഭാഗം എലികള്‍ മുതല്‍ കംഗാരുക്കള്‍ വരെ ഉള്‍പ്പെടുന്ന മാര്‍സുപിയല്‍ എന്ന വിഭാഗത്തില്‍ പെടുന്നവയാണിവ.
മുമ്പ് ഓസ്ട്രേലിയിലും, ടാസ്മാനിയയിലും, ന്യൂ ഗിനിയയിലുമാണ് ടാസ്മേനിയന്‍ ചെന്നായകളെ കണ്ടിരുന്നത്. എന്നാല്‍ മനുഷ്യന്‍റെ കടന്നുകയറ്റത്തോടെ ഇവയ്ക്ക് വംശ നാശം സംഭവിക്കുകയായിരുന്നു.
1936 ലാണ് ഏറ്റവും ഒടുവിലായി ടാസ്മാനിയന്‍ കടുവയെ ജീവനോടെ കണ്ടത്. ബെഞ്ചമിന്‍ എന്ന് പേരിട്ടിരുന്ന ഇതിന്‍റെ ജീവന്‍ 1936 സെപ്റ്റംബര്‍ ഏഴോടെ പൊലിഞ്ഞുപോയി.