ഊഞ്ഞാലിലാടി ടിക്ടോക്ക്; പതിനാലുകാരിക്ക് കിട്ടിയത് എട്ടിന്റെ പണി!
Thursday, July 16, 2020 5:13 PM IST
ഒരു ടിക്ക് ടോക്ക് വീഡിയോ ഇത്രയും പൊല്ലാപ്പ് ഉണ്ടാക്കുമെന്ന് യുകെ സ്വദേശിയായ ലയാനി മക് ലീൻ ഓർത്തിട്ടുണ്ടാവില്ല, തീർച്ച.
സംഭവം ഇങ്ങനെയാണ്. കൂട്ടുകാരോടൊപ്പം ഒരു ടിക് ടോക്ക് വീഡിയോ ചെയ്യാനാണ് പതിനാലുകാരിയായ ലയാനി സമീപത്തുള്ള കുട്ടികളുടെ പാർക്കിൽ എത്തിയത്. കുട്ടികൾക്ക് കളിക്കാനായി തയാറാക്കിയിരുന്ന ഉൗഞ്ഞാലിൽ കയറിയുള്ള വീഡിയോ മനോഹരമാകുമെന്ന് ലയാനിക്ക് തോന്നി. പിന്നെ വൈകിയില്ല, കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും അതിൽ കയറി വീഡിയോ ചെയ്തു.
വീഡിയോ ചെയ്തുകഴിഞ്ഞപ്പോഴാണ് ശരിക്കും വൈറലായ സംഭവം അരങ്ങേറുന്നത്. ഉൗഞ്ഞാലിലെ കസേരയിൽനിന്ന് എഴുന്നേൽക്കാൻ പറ്റുന്നില്ല. കസേരയിലെ പശയിൽ ഒട്ടിപ്പോകുന്ന വന്ദനം സിനിമയിലെ മോഹൻലാലിനെ ഓർമയില്ലേ? ഏതാണ്ട് ആ ഒരു അവസ്ഥ.
ഒന്നര മണിക്കൂറോളം ലയാനി കസേരയിൽ കുടുങ്ങിക്കിടന്നു. രക്ഷപെടാൻ പല ശ്രമങ്ങളും നടത്തിയിട്ടും വിജയിച്ചില്ല. ഒടുവിൽ വിവരമറിഞ്ഞെത്തിയ അമ്മ വിളിച്ചിട്ട് ഫയർഫോഴ്സ് എത്തി. രക്ഷാപ്രവർത്തകർ ഗ്യാസ് കട്ടർ ഉപയോഗിച്ച് ഉൗഞ്ഞാൽ മുറിച്ചാണ് ലയാനിയെ രക്ഷ പെടുത്തിയത്.
കാര്യങ്ങൾ ഇത്രത്തോളം ഗുരുതരമാണെന്ന് സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് മനസിലായതെന്ന് ലയാനിയുടെ അമ്മ ചാർളി പറയുന്നു. ഏതായാലും ലയാനി ഷൂട്ട് ചെയ്ത വീഡിയോയെക്കാൾ വൈറലായത് കസേരയിൽ കുടുങ്ങിയ ലയാനിയുടെ വീഡിയോയാണ്.