മഞ്ഞുപെയ്യും രാവിൽ തേജസ് വൈറലായി
Sunday, December 23, 2018 1:02 PM IST
"മഞ്ഞു പെയ്യും രാവിൽ മാലാഖമാർ പാടി' യെന്ന കാരൾഗാന മത്സര വേദികളിലെ തരംഗമായ ഈ ഗാനത്തിനു പിന്നിൽ ഒരു വിദ്യാർഥിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കോട്ടയം മുട്ടന്പലം സ്വദേശി തേജസ് എബി ജോസഫ് എന്ന പതിനാലുകാരനാണ് ദേവതേജസ് എന്ന ആൽബത്തിലെ ഈ ഗാനത്തിനു പിന്നിൽ. "മഞ്ഞു പെയ്യും രാവിൽ മാലാഖമാർ പാടി' എന്നു തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും ആലാപനവും ഈ പാട്ടിനാവശ്യമായ എല്ലാ സംഗീത ഉപകരണങ്ങളും വായിച്ചിരിക്കുന്നതും ഗാനം റെക്കോർഡ് ചെയ്തു മിക്സ് ചെയ്തിരിക്കുന്നതും ഒന്പതാം ക്ലാസ് വിദ്യാർഥിയായ തേജസ് തന്നെയാണ്.
തേജസിന്റെ സംഗീത സംവിധാനത്തിൽ പിറന്ന എട്ടാമത്തെ ഗാനമാണ്. ദേവതേജസ് എന്ന ആൽബത്തിലെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഉണ്ണി രമേഷും എഡിറ്റിംഗ് നിഖിൽ മറ്റത്തിൽ മഠവും ചേർന്നാണ്. നാലാം ക്ലാസ് മുതൽ പിയാനോ വായിച്ചാണ് തേജസ് എബി ജോസഫ് സംഗീത രംഗത്തു ചുവടുറപ്പിച്ചത്. തുടർന്നു ഗാനരചനയും ആരംഭിക്കുകയായിരുന്നു.
തേജസ് 11-ാം വയസിൽ സംഗീതം നിർവഹിച്ച് ആലപിച്ച "പാൽനിലാപുഞ്ചിരി തുകുന്ന വാനം' എന്ന ഗാനം മലയാള മനസുകൾ നെഞ്ചിലേറ്റിയ ക്രിസ്മസ് ഗാനമാണ്. നിരവധിയാളുകൾ ഈ ഗാനം ക്രിസ്മസ് കരോൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കു ഇപ്പോഴും ആലപിക്കുന്നുണ്ട്.
പീന്നിട് സംഗീത സംവിധാനം നിർവഹിച്ച ആവണിപ്പൂ എന്ന ആൽബത്തിലെ പാട്ടുകളും ഹിറ്റാണ്. ഈ ആൽബത്തിലെ "പൂമരങ്ങൾ പൂങ്കാറ്റിനോട് ചൊല്ലി' എന്ന ഓണപ്പാട്ട് സംഗീത സംവിധായകൻ ശരത്ത് ആണ് ആലപിച്ചത്. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ആലപിച്ച "ഹരിഹരസുതനേ അയ്യപ്പാ' എന്നു തുടങ്ങുന്ന അയ്യപ്പ ഭക്തിഗാനവും തേജസ് സംഗീതം നല്കിയ ഗാനമാണ്.
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലികൾ ആർപ്പിച്ചു "അമ്മ ഉനക്കായ്' എന്ന ആൽബത്തിലെ തായകം താണ്ടി എന്നു തുടങ്ങുന്ന ഗാനം തമിഴ്നാട്ടുകാർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നതു തേജസിന്റെ മാതാപിതാക്കളായ എബിയും ദീപയും ചേർന്നാണ്. സ്വന്തം മാതാപിതാക്കളെ തന്റെ സംഗീത സംവിധാനത്തിൽ പാടിക്കാൻ കഴിഞ്ഞതു തേജസിനു ലഭിച്ച ഭാഗ്യങ്ങളിലൊന്നാണ്.
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ 100-ാം പിറന്നാൾ ആഘോഷ വേളയിൽ അദ്ദേഹത്തിനായി സ്നേഹപുഷ്പം എന്ന പേരിൽ ആശംസാ ഗാനം ഒരുക്കിയതും തേജസ് എന്ന കൊച്ചുമിടുക്കനാണ്.
പിതാവ് എബി ജോസഫിനൊപ്പം സമസ്ത എന്ന മ്യൂസിക് ബാൻഡിലെ കീബോർഡിസ്റ്റായും സ്റ്റേജ് ഷോകളിലും തേജസ് സജീവമാണ്. മലയാളത്തിലെ സീനിയർ സംഗീത സംവിധായകരെ കൊണ്ടു സ്വന്തം ഗാനം പാടിപ്പിച്ച പ്രായം കുറഞ്ഞ സംഗീത സംവിധായകനും തേജസാണ്.
ചെറിയ പ്രായത്തിൽ തന്നെ സംഗീത സംവിധായകൻ ഇളയരാജയുടെ മുന്പിൽ പിയാനോ വായിക്കാനും അദ്ദേഹത്തിന്റെ പ്രശംസ പിടിച്ചുപറ്റാനും തേജസിനു കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ വിസ്കോണ്സിൽ പാർക്ക്സൈഡിലെ സംഗീത വിഭാഗം മേധാവിയായ കെയ്ത് ഗ്രഫിൻ തേജസിന്റെ ഓണപ്പാട്ട് അവിടെയുള്ള സംഗീത വിദ്യാർഥികളെ പഠിപ്പിച്ച് അവരും ആൽബം പുറത്തിറക്കിയിട്ടുണ്ട്.
പുല്ലാങ്കുഴൽ വിദ്വാനായ പ്ലാപ്പറന്പിൽ എബി ജോസഫിന്റെയും നിരവധി ആൽബങ്ങളിലുടെ പ്രശ്സതയായ ഗായിക ദീപ എബിയുടെയും മകനാണ് തേജസ്. കോട്ടയം കഞ്ഞിക്കുഴി സെന്റർ ഫോർ എക്സലൻസ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയായ തേജസിനു ലണ്ടൻ റോയൽ മ്യൂസിക് കോളജിൽ നിന്നു പിയാനോയിൽ അഞ്ചാം ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
ജെവിൻ കോട്ടൂർ