വിദ്യാഭ്യാസം എന്നത് ഒരു നാടിന്‍റെ വികസനത്തിന്‍റെ മൂലക്കല്ലാണല്ലൊ. മഡഗാസ്കറിലുള്ള ഒരു മിടുക്കി അവിടെയുള്ള അഞ്ചിലൊരാള്‍ പോലും പ്രാഥമിക വിദ്യാഭ്യാസം നേടുന്നില്ല എന്നു മനസിലാക്കി അവിടെ സ്കൂളുകള്‍ പണിയുന്ന തിരക്കിലാണ്.

മാഗി ഗ്രൗട്ട് എന്ന ഇരുപത്തിരണ്ടുകാരിയാണ് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ഇത്തരത്തില്‍ ആളുകളെ അറിയിക്കുന്നത്. ചൈനയില്‍ ജനിച്ച മാഗിയെ അമേരിക്കയിലുള്ള ദമ്പതികള്‍ ദത്തെടുത്തതായിരുന്നു. മഡഗാസ്കറിലേക്ക് താമസംമാറിയെത്തിയ അവര്‍ അവിടുത്തെ സാക്ഷരതാ നിരക്കിന്‍റെ കുറവ് മനസിലാക്കുകയായിരുന്നു.


പരമ്പരാഗത ശൈലിയുപേക്ഷിച്ച് 3ഡി മുദ്രണ രീതിയിലാണ് മാഗി വിദ്യാലയങ്ങള്‍ പണിയുന്നത്. "തിങ്കിംഗ് ഹട്ട്സ്' എന്നൊരു എന്‍ജിഒ ഇതിനായി അവര്‍ തുടങ്ങിയിരുന്നു. 3ഡി പ്രിന്‍റിംഗ് സാങ്കേതിക വിദ്യ വഴി പണികഴിച്ച ലോകത്തിലെതന്നെ രണ്ടാമത്തെ സ്കൂളാണ് മാഗിയുടേത്.

വരും വര്‍ഷങ്ങളില്‍ മഡഗാസ്കറിന്‍റെ വിവിധ ഗ്രാമ പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ പണിയുകയാണ് തന്‍റെ ലക്ഷ്യമെന്ന് മാഗി പറയുന്നു.