സ്കൂള്‍ മോഷ്ടിച്ച കള്ളന്മാര്‍; മുഴുവന്‍ കെട്ടിടവും കൊണ്ടുപോയതിങ്ങനെ
Friday, November 4, 2022 3:48 PM IST
"പള്ളിക്കൂട കള്ളന്‍' എന്നൊരു വാചകം പണ്ട് സുപരിചിതമായിരുന്നു. സ്കൂളില്‍ പോകാന്‍ മടിപിടിക്കുന്ന കുട്ടികളെ ഉദ്ദേശിച്ചാണ് ഇത്തരത്തില്‍ ഒരു വാചകം ഉണ്ടായത്.

എന്നാല്‍ അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഒരു മോഷണം വൈറലായത് സ്കൂള്‍ മോഷ്ടിച്ചതിന്‍റെ പേരിലായിരുന്നു.

സാധാരണ സ്വര്‍ണം, പണം, വിലപിടിപ്പുള്ള വസ്തുക്കള്‍എന്നിവയൊക്കെ ആണല്ലൊ മോഷ്ടിക്കാറ്. എന്നാല്‍ കേപ് ടൗണില്‍ കള്ളന്‍മാര്‍ കൊണ്ടുപോയത് ഒരു സ്കൂള്‍ കെട്ടിടം മൊത്തത്തിലാണ്.

കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നാം. കാരണം ഒരു കെട്ടിടം മുഴുവനായി എങ്ങനെ കൊണ്ടുപോകാനാണ്. പക്ഷെ 2019ല്‍ പൂട്ടിപ്പോയ ഒരു സ്കൂള്‍ ഘട്ടംഘട്ടമായിട്ടാണ് ഇവര്‍ കട്ടത്.

കെട്ടിടത്തിന്‍റെ ഇഷ്ടികകള്‍, ജനലുകള്‍, വാതിലുകള്‍ എന്നിങ്ങനെ ഒരോ ഭാഗമായി പൊളിച്ചുകൊണ്ടു പോയവര്‍. കറണ്ട് കമ്പികള്‍, വയറുകള്‍, എന്തിനേറെ കക്കൂസ് വരെ ഈ വിരുതന്മാര്‍ കടത്തി.

ചുരുക്കത്തില്‍ തറ മാത്രം ബാക്കിവച്ചു. ലഹരിമരുന്ന് സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഏതായാലും ഈ മോഷണം നെറ്റിസണ്‍ ലോകത്തും തരംഗമായി. രസകരമായ അഭിപ്രായങ്ങളും ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്. "അത് പൊളിച്ചു' എന്നാണൊരു ഉപഭോക്താവിന്‍റെ കമന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.