ടില്ലിക്ക് ഇതൊക്കെ സില്ലിയല്ലേ? യജമാനന്മാരുടെ നേരെയെത്തിയ സ്രാവിനെ നേരിട്ട് വളർത്തുനായ; വീഡിയോ വൈറൽ
Wednesday, November 18, 2020 7:23 PM IST
നന്ദിയുള്ള മൃഗമായിട്ടാണ് നായയെ ആളുകൾ കാണുന്നത്. അതുകൊണ്ടുതന്നെ വളരെയധികം ആളുകൾ നായയെ വീട്ടിൽ വളർത്തുണ്ട്. അപകടങ്ങളിൽ നിന്നും തന്റെ യജമാനനെ രക്ഷിച്ച നായകളുടെ വാർത്തകൾ പലപ്പോഴും വൈറലായിട്ടുണ്ട്.
തന്റെ ജീവൻ കൊടുത്തും നായകൾ യജമാനനെ രക്ഷിച്ച കഥകളുണ്ട്. തന്റെ യജമാനനുവേണ്ടി സ്രാവിനെ നേരിടുന്ന നായയുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ.
ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ആണ് സംഭവം നടന്നത്. ഹാഗർസ്റ്റോൺ ഐലൻഡ് റിസോർട്ടിൽ താമസത്തിനെത്തിയതായിരുന്നു ജാക്ക് സ്ട്രിക്ലാൻഡും സുഹൃത്തും. ടില്ലി എന്ന വളർത്തു നായയും ഇവർക്കൊപ്പമുണ്ടായിരുന്നു. ബീച്ചിലെ കാഴ്ചകൾ കണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി വലിയ ഒരു സ്രാവ് കരയോടടുത്തുവന്നു.
ഉടമസ്ഥരെ ആക്രമിക്കാനെത്തുകയാണ് സ്രാവ് എന്നുകരുതിയ ടില്ലി, നേരെ കടലിലേക്ക് ചാടി. ടില്ലി കടലിലേക്ക് ചാടിയതോടെ സ്രാവ് കടലിലേക്ക് തിരികെ പോയി. നായ വെള്ളത്തിലേക്ക് ചാടിയതോടെ സ്രാവ് ഭയന്ന് മറ്റൊരു ദിശയിലേക്കു തിരിഞ്ഞ് നീന്തി പോവുന്നതും വീഡിയോയില് കാണാം.
പിന്നീട് എവിടെയെങ്കിലും സ്രാവ് പൊങ്ങിവരുന്നുണ്ടോയെന്ന് ശ്രദ്ധിക്കുന്ന ടില്ലിയെയും വീഡിയോയിൽ കാണാം. സ്രാവ് പോയെന്ന് ഉറപ്പുവരുത്തിയിട്ടാണ് ടില്ലി പിന്മാറിയത്. ടില്ലിയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടാണ് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
ടില്ലി ചെയ്ത്ത് ധീരതയാണെങ്കിലും രക്ഷപ്പെട്ടത് അദ്ഭുതമാണെന്നാണ് ചിലർ കുറിക്കുന്നത്. സ്രാവുകൾ സാധാരണഗതിയിൽ തിരിച്ച് ആക്രമിക്കേണ്ടതാണെന്നാണും ടില്ലി ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നുമാണ് ചിലരുടെ അഭിപ്രായം.