ടൈറ്റാനിക്: നോവുന്ന ഓർമകളുടെ 109 വര്‍ഷങ്ങള്‍
Sunday, April 18, 2021 4:42 PM IST
ചരിത്രത്തിലേക്കൊരു യാത്ര
"ഈ കപ്പല്‍ മുക്കിക്കളയാന്‍ ദൈവത്തിന് പോലും സാധിക്കില്ല..'1912-ല്‍ വടക്കന്‍ അയര്‍ലൻഡിലെ ബെല്‍ഫാസ്റ്റ് തുറമുഖത്ത് തന്റെ അഭിമാനമായ കൂറ്റന്‍ കപ്പലിന്റെ ഡെക്കില്‍ നിന്ന് പത്രലേഖകരോട് സംസാരിക്കവെ ടൈറ്റാനിക്കിന്റെ മുഖ്യ ശില്പി തോമസ് ആന്‍ഡ്രൂസ് പറഞ്ഞ വാക്കുകളാണിത്.
അത്രയൊന്നും നീ അഹങ്കരിക്കേണ്ടെന്ന് ദൈവം കരുതിയോ, കന്നിയാത്രയില്‍ കപ്പലിനൊപ്പം തോമസ് ആന്‍ഡ്രൂസും, കപ്പിത്താന് എഡ്വേര്‍ഡ് സ്മിത്തും, കപ്പല്‍ കമ്പനിയുടെ ഉടമ ജെ ബ്രൂസ് ഇസ്മയ് എന്നിവര്‍ക്കും വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ അന്ത്യവിശ്രമം ഒരുങ്ങി.

109 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1912ല്‍ ഏപ്രില്‍ 12നാണ് 2224 മനുഷ്യരുടെ ജീവനും ജീവിത സ്വപ്നങ്ങളുമായി "ആര്‍എംഎസ് ടൈറ്റാനിക്' ഇംഗ്ലണ്ടിലെ സതാംപ്ടൺ തുറമുഖത്തു നിന്നും യാത്രതിരിച്ചത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലേക്കായിരുന്നു അവളുടെ കന്നിയാത്ര.
ശതകോടീശ്വരന്മാരുടെ കപ്പല്‍ എന്നാണ് ടൈറ്റാനിക് അറിയപ്പെട്ടത്. കാരണം യാത്രക്കാരെല്ലാം തന്നെ വമ്പന്‍ പണക്കാരായിരുന്നു. വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കാണ് ആ യാത്രയെന്ന് അന്നാരും അറിഞ്ഞില്ല.
അന്നുവരെ മനുഷ്യന് നിര്‍മ്മിച്ച ഏറ്റവും വലിയ സമുദ്രയാനമായിരുന്നു ടൈറ്റാനിക്. ഇംഗ്ലണ്ടിലെ "വൈറ്റ് സ്റ്റാര്‍ലൈന്‍' എന്ന ഷിപ്പിംഗ് കമ്പനിയായിരുന്നു കപ്പലിന്റെ ഉടമകള്‍. ഈ കമ്പനിയുടെ ഉടമ ജെ. ബ്രൂസ് ഇസ്മയ് എന്ന വ്യവസായിയും കന്നിയാത്രയില്‍ കപ്പലില്‍ ഉണ്ടായിരുന്നു.

ടൈറ്റാനിക്കും ഫറവോയുടെ ശാപവും
ടൈറ്റാനിക് ദുരന്തവുമായി ബന്ധപ്പെടുത്തി അനേകം അഭൂഹ കഥകളുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്, 19-ാം വയസ്സില്‍ മരണപ്പെട്ട പുരാതന ഈജിപ്തിലെ ഏറ്റവും ധനികനും എന്നാല്‍ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായിരുന്നു ഫറവോ തുത്തന്‍ ഖാമന്.
ഈജിപ്തിലെ ലക്സറിലുള്ള രാജക്കന്മാരുടെ താഴവരയില്‍ ഫറവോയുടെ മമ്മി അടങ്ങിയ പിരമിഡ് കണ്ടെത്തിയ ബ്രിട്ടീഷ് പൗരാണിക ശാസ്ത്രകാരന്മാര് ഈ കപ്പലില്‍ യാത്ര ചെയ്തിരുന്നു. ഫറവോയുടെ ശവപേടകത്തില്‍ നിന്നു മോഷ്ടിച്ച വലമതിക്കാനാവാത്ത സ്വര്‍ണവും വജ്രങ്ങളും അടങ്ങിയ നിധിപേടകം കപ്പലിന്റെ അടിത്തട്ടില്‍ സൂക്ഷിച്ചിരുന്നു എന്നാണ് മറ്റൊരു കഥ.

ക്രിസ്തുവിന് 3000 വര്‍ഷം മുമ്പ് ജീവിച്ചിരുന്നു എന്നു കരുതുന്ന ഫറവോയുടെ മമ്മിയടങ്ങിയ പേടകം ഇരുന്ന മുറിയുടെ കവാടത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: "ഫറവോ തുത്തന്‍ ഖാമന് പള്ളികൊള്ളുന്നു. നിദ്രയ്ക്ക് ഭംഗം വരുത്തുന്നവര്‍ ശിക്ഷിക്കപ്പെടും.. ശിക്ഷ മരണമായിരിക്കും.'
ഇതൊരു കഥയാണ് പിരമിഡുകളും കല്ലറകളും കൊള്ളയടിക്കുന്നവരെ പേടിപ്പിക്കാന്‍ ഉണ്ടാക്കിയ കഥയാകാം. നൂറ്റാണ്ടുകളായി വെളിച്ചവും കാറ്റും ഏല്ക്കാതെ അടഞ്ഞു കിടന്ന പിരമിഡുകളിലെ വിഷവാതകം ശ്വസിച്ചതാകാം പലരുടെയും മരണത്തിന് കാരണമായത്.
ഇംഗ്ലണ്ട്, അയര്‍ലൻഡ് എന്നി രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് പുതിയ ജീവിതം തേടിപ്പോയ വമ്പന്‍ വ്യവസായികളും ഉദ്യോഗസ്ഥരും എന്ജിനീയര്മാരുമായിരുന്നു യാത്രക്കാരില്‍ അധികം പേരും. കപ്പലിന്റെ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് ജോണ്‍ സ്മിത്തും കപ്പലിന്റെ മുഖ്യശില്പി തോമസ് ആന്‍ഡ്രൂസും ഉള്‍പ്പെടെ 1514 പേര് ലോകത്തെ നടുക്കിയ ദുരന്തത്തില്‍ മരിച്ചു.

വടക്കന്‍ അയര്‍ലൻഡിലെ ബെല്‍ഫാസ്റ്റ് എന്ന തുറമുഖ നഗരത്തിന് ടൈറ്റാനിക്കുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. കപ്പലിലെ ജീവനക്കാരായ 15 പേര് ഈ നാട്ടില്‍ നിന്നുള്ളവരായിരുന്നു. ബെല്‍ഫാസ്റ്റിലെ അറിയപ്പെടുന്ന കപ്പല്‍ നിര്‍മാതാക്കളായ "ഹാര്‍ലാൻഡ് ആന്‍ഡ് വൂള്‍ഫ്' എന്ന നിര്‍മാണ കമ്പനിയുടെ ആസ്ഥാനവും ഫാക്ടറിയും എല്ലാം ബെല്‍ഫാസ്റ്റില്‍ തന്നെയാണ്.
ഇന്ന് ഈ തുറമുഖത്ത് ടൈറ്റാനിക് മ്യൂസിയവും കപ്പലില്‍ നിന്നും ലഭിച്ച ചില വസ്തുക്കളും, ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങളും സൂക്ഷിച്ചിട്ടുണ്ട്. വൈറ്റ് സ്റ്റാര്‍ ലൈന്‍ കമ്പനിയുടെ ഫൈനാൻസറായിരുന്ന ശതകോടീശ്വരന്‍ ജെ.പി മോര്ഗന് ടൈറ്റാനിക്കിന്റെ കന്നിയാത്രയില്‍ ആഡംബര ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവസാന നിമിഷം ബിസിനസ് സംബന്ധമായ തിരക്ക് കാരണം അദ്ദേഹത്തിന് യാത്രപോകാന്‍ സാധിച്ചില്ല പകരം മറ്റൊരാളെ നിയോഗിച്ചു.
ഏപ്രില്‍ 15 ഞായര്‍ രാത്രി 11.20നാണ് ന്യൂ ഫൗണ്ട്ലാൻഡിന് സമീപം കപ്പല്‍ കൂറ്റന്‍ മഞ്ഞുമലയില്‍ ഇടിച്ചത്. അപ്പോള്‍ തന്നെ കപ്പലില്‍ നിന്നും അപായ സൂചന നല്കുന്ന റേഡിയോ സന്ദേശം അയച്ചു. സമീപപ്രദേശത്ത് മറ്റ് കപ്പലുകളൊന്നും ഉണ്ടായിരുന്നില്ല. സന്ദേശം ലഭിച്ച ഉടനെ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള ആര്‍എംഎസ് കാർപാത്തിയ എന്ന കപ്പലിന്റെ ക്യാപ്റ്റന്‍ ആര്‍തര്‍ റസ്ട്രോണ്, ന്യൂയോര്‍ക്കിലേക്കുള്ള തന്റെ കപ്പലിന്റെ യാത്ര മതിയാക്കി അപകടസ്ഥലത്തേയ്ക്ക് തിരിച്ചു വിടാന്‍ നാവികര്‍ക്ക് നിര്‍ദേശം നല്കി.

ടൈറ്റാനിക് ഉടമകളുടെ മുഖ്യ എതിരാളികളുടേതായിരുന്നു രക്ഷിക്കാനെത്തിയ ആര്‍എംഎസ് കാർപാത്തിയ എന്ന കപ്പല്‍. കാർപാത്തിയ ടൈറ്റാനിക്ക് മുങ്ങിയ പ്രദേശത്തെത്തിയപ്പോള്‍ രാവിലെ സമയം 2.20. തണുത്തു മരവിച്ച് മരണത്തോട് അടുത്ത 710 യാത്രക്കാരെയാണ് കടലില്‍ നിന്നും രക്ഷിക്കാന്‍ കാർപാത്തിയയുടെ ക്യാപ്റ്റൻ ആര്‍തര്‍ റസ്ടോണിനും സഹായികള്‍ക്കും സാധിച്ചു.
1514 മനുഷ്യ ജീവനുകളുമായിട്ടാണ് ടൈറ്റാനിക്ക് ആഴിയുടെ കാണാക്കയങ്ങളിലേക്ക് ആഴ്ന്നുപോയത്. നാലു മണിക്കൂറിനു ശേഷമാണ് ടൈറ്റാനിക്ക് അപകടത്തില്‍പ്പെട്ട സ്ഥലം കണ്ടെത്താന്‍ കാർപാത്തിയയുടെ ക്യാപ്റ്റനും സംഘത്തിനും സാധിച്ചത്.

ടൈറ്റാനിക്ക് യാത്രക്കാരെ രക്ഷിച്ച ആര്‍എംഎസ് കാർപാത്തിയ രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ അന്തര്‍വാഹിനിയായ യു-ബോട്ട് തൊടുത്തുവിട്ട മിസൈല്‍ ഇടിച്ച് മുങ്ങിപ്പോയി. പക്ഷെ യാത്രക്കാരെല്ലാം രക്ഷപ്പെട്ടു.
ആര്‍എംഎസ് എന്ന വാക്കിനര്‍ത്ഥം റോയല്‍ മെയില്‍ ഷിപ്പ് എന്നാണ്. അക്കാലത്ത് രാജ്യങ്ങളെയും ഭൂഖണ്ഡങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചത് കപ്പല്‍ ഗതാഗതമായിരുന്നു. ഇന്നത്തെ വിമാന കമ്പനികള്‍ പോലെ പണവും പ്രതാപവും കപ്പല്‍ മുതലാളിമാര്‍ക്കും ഉണ്ടായിരുന്നു.
ലോകമെമ്പാടും വ്യാപിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കത്തുകളും സര്‍ക്കാര്‍ അറിയിപ്പുകളും, തപാല്‍ ഉരുപ്പടികളും, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പോസ്റ്റല്‍ സംവിധാനവും എല്ലാം കൈകാര്യം ചെയ്തത് ഇംഗ്ലണ്ടിലെ റോയല്‍ മെയിലായിരുന്നു, അങ്ങനെയാണ് വമ്പന്‍ കപ്പലുകളുടെ പേരിനോട് ചേര്‍ന്ന് ആര്‍എംഎസ് എന്ന മൂന്നക്ഷരങ്ങളും കുറിക്കപ്പെട്ടത്.
ടൈറ്റാനിക്കിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് ഇപ്പോഴും തര്‍ക്കങ്ങളുണ്ട്. കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചപ്പോള്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് ജോണ്‍ സ്മിത്ത് എവിടെയായിരുന്നു എന്നും ആര്‍ക്കും തിട്ടമില്ല. ക്യാപ്റ്റന്‍ സ്മിത്തിന്റെ ശവശരീരം കണ്ടെത്തിയിട്ടുമില്ല. 40-വര്‍ഷം കടല്‍ത്തിരമാലകളോട് പൊരുതിയ സ്മിത്ത് ജീവിതത്തിലൊരിക്കലും തന്റെ ജോലിയില്‍ വിഴ്ചവരുത്തിയിട്ടില്ല.

അന്ത്യനിമിഷത്തില്‍ കൈയില്‍ കിട്ടിയ ഒരു കുട്ടിയെ വാരിയെടുത്ത് കപ്പല്‍ മുങ്ങിത്താഴുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റന്‍ സ്മിത്ത് കടലിലേക്ക് ചാടിയെന്നും പറയുന്നവരുണ്ട്. ക്യാപ്റ്റന്റെ മരണം സംബന്ധിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. ക്യാപ്റ്റൻ എഡ്വേര്‍ഡ് ജോണ്‍ സ്മിത്ത് തന്റെ കപ്പലിലെ അവസാന യാത്രക്കാരന് വരെ രക്ഷപ്പെടുന്നതുവരെ കാത്തു നിന്നു എന്നും അതല്ല അദ്ദേഹം ഏതോ രക്ഷാബോട്ടില് കയറി രക്ഷപ്പെട്ടെന്നും ശിഷ്ടജീവിതം അജ്ഞാതനായി തന്നെ ജീവിച്ചും എന്നും അഭ്യൂഹ കഥകളുണ്ട്.
ടൈറ്റാനിക്കിലെ അവസാനം ജീവിച്ച യാത്രക്കാരി മരിച്ചത് 2009-ലാണ് 97-ാം വയസ്സില്‍ മരിച്ച മിൽവിന ഡീൻ. കപ്പല്‍ അപകടത്തില്‍ പെടുമ്പോള്‍ അവര്‍ക്ക് 2-5 മാസം മാത്രം പ്രായം. ടൈറ്റാനിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരിയും അവളായിരുന്നു. മാതാപിതാക്കള്‍ക്കും ഏക സഹോദരനുമൊപ്പമാണ് അവള് അമേരിക്കയിലേക്ക് യാത്ര ചെയ്തത്.

ഇംഗ്ലണ്ടിലുള്ള വീടും വസ്തുവകകളും വിറ്റ് അമേരിക്കയില്‍ വ്യാപാരം തുടങ്ങാനായിരുന്നു ആ യാത്ര. ടൈറ്റാനിക്കിനൊപ്പം അവളുടെ പിതാവും കടലിന്റെ ആഴങ്ങളിലേക്ക് താഴ്ന്നുപോയി. അമ്മയും മക്കളും പിന്നീട് ഇംഗ്ലണ്ടിലേക്ക് തന്നെ മടങ്ങിപ്പോന്നു. ജീവന്രക്ഷാബോട്ടുകളില് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ആദ്യപരിഗണന നല്കപ്പെട്ടത്. അതിനാല്‍ മരണപ്പെട്ടവരില്‍ അധികവും പുരുഷന്മാരായിരുന്നു.
ടൈറ്റാനിക് എന്ന ആഡംബരക്കപ്പല്‍ ആഴിക്കടലില്‍ ഒരുക്കിയ സമാധിയില്‍ വിലയം പ്രാപിച്ചവരില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു അമേരിക്കന്‍ യുവതിയും ഉണ്ടായിരുന്നു. ആനി ക്ലെമര്‍ ഫങ്ക് എന്ന 38 കാരി. അമേരിക്കയിലെ പെന്‍സില്‍വേനിയ സംസ്ഥാനത്തു നിന്നും 1908-ല്‍ ഇന്ത്യയിലെത്തിയ ആനി മിഷന് പ്രവര്‍ത്തകയായിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയില്‍ ഛത്തീസ്ഗഡിലെ ജന്‍ജീര്‍ എന്ന ആദിവാസി മേഖലയിലെ പെണ്‍കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഏകാധ്യാപിക വിദ്യാലയം നടത്തുകയായിരുന്നു. വിവാഹം കഴിച്ച് തിരികെയെത്താനാഗ്രഹിച്ചാണ് അവര്‍ കപ്പലില്‍ കയറിയത്.
കപ്പല്‍ മുങ്ങിയ ഏപ്രില്‍ 14-ന് ആനിയുടെ 38-ാം ജന്മദിനം കൂടിയായിരുന്നു. രക്ഷാബോട്ടില് ആനിക്ക് ഇടം കിട്ടിയതാണ്, രണ്ടു പിഞ്ചു മക്കളുമായെത്തിയ ഒരമ്മയ്ക്കുവേണ്ടി ആനി ബോട്ട് ഉപേക്ഷിച്ച് തിരികെ മുങ്ങുന്ന കപ്പലിലേക്ക് കയറി.

109-വര്‍ഷം പിന്നിടുമ്പോഴും, ടൈറ്റാനിക് ഇന്നും നോവുന്ന ഓര്‍മ്മകളുടെ കടലിരമ്പം പോലെയാണ്. ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളും ബാക്കിയാവുകയാണ്. ടൈറ്റാനിക് ദുരന്തത്തിന് കാരണം എന്താണ്?
ക്രിസ്തുവിന് 3000 വര്‍ഷം മുമ്പ് പുരാതന ഈജിപ്തില്‍ ജീവിച്ചിരുന്ന ഫറവോ തുത്തന്‍ഖാമന്റെ ശാപമാണോ, അതോ സഹകപ്പിത്താന്റെ അപായസൂചന അവഗണിച്ച എഡ്വേര്‍ഡ് ജോണ്‍ സ്മിത്തെന്ന കപ്പിത്താന് സംഭവിച്ച വെറുമൊരു കൈപ്പിഴവാണോ..?

109-വര്‍ഷം പിന്നിടുമ്പോഴും ഇന്നും മനുഷ്യന്റെ ചിന്തകളെയും വികാരങ്ങളെയും പ്രചോദിപ്പിക്കുകയാണ് ടൈറ്റാനിക്.
ജോണ്‍ മാത്യു