കുറുമ്പ് കാട്ടി വൈറലായ കണ്ണനും ഫോട്ടോഗ്രാഫറും ദാ, ഇവിടെ
Thursday, April 21, 2022 3:53 PM IST
വിഷു ചിത്രങ്ങൾ പകർത്താനുള്ള ഫോട്ടോഗ്രാഫറുടെ ശ്രമങ്ങളും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന കണ്ണനും ഒടുവിൽ ഏറെപണിപ്പെട്ടെടുത്ത ചിത്രങ്ങളും വീഡിയോയും വൈറലായപ്പോൾ ആഹ്ലാദം ഇരട്ടിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമുയർത്തിയ ചിത്രങ്ങളായിരുന്നു കണ്ണന്റേതായി പങ്കുവയ്ക്കപ്പെട്ടത്.
ഫോട്ടോഷൂട്ടിനായി വാങ്ങിയ വിഷുക്കണിയിലെ പഴങ്ങൾ ഓരോന്നായി കണ്ണൻ വെള്ളത്തിലേക്ക് വലിച്ചെറിയുന്നതാണ് വിഡിയോയിൽ. കണ്ണനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയുടെയും സുഹൃത്ത് അഭിലാഷിന്റെയും നിസഹായാവസ്ഥയും ഫോട്ടോഗ്രാഫറുടെ ബുദ്ധിമുട്ടും വീഡിയോയിലൂടെ വ്യക്തമാണ്. എന്നിരുന്നാലും അവസാനം എടുത്ത മനോഹരമായ ചിത്രങ്ങൾ കൂടെ വീഡിയോയിൽ കാണാം.
കണ്ണനെ അമ്പാടി കണ്ണനോട് ഉപമിച്ചാണ് വീഡിയോയ്ക്കു ലഭിച്ച കമന്റുകളേറെയും. ലക്ഷക്കണക്കിനാളുകളാണ് കുറഞ്ഞ സമയംകൊണ്ട് വീഡിയോ കണ്ടത്. എന്തായാലും ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.
അടൂർ തെങ്ങുംതാരയിൽ പ്രേം ഗോപാൽ - രാധിക ദമ്പതികളുടെ മകനാണ് കണ്ണൻ. തെങ്ങുംതാര ജംഗ്ഷനിൽ തന്നെ ഫോട്ടോസ്റ്റുഡിയോ നടത്തുന്ന ബിനേഷ് എസ്. കുമാറാണ് ഫോട്ടോഗ്രാഫർ. വിഷുച്ചിത്രം പകർത്തണം എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളന്നും ഇപ്പോൾ വീഡിയോ വൈറൽ ആയതിൽ ഒരുപാട് സന്തോഷം ഉണ്ടന്നും ഫോട്ടോഗ്രാഫർ ബിനേഷ് പറഞ്ഞു.