അമിതവണ്ണമാണെന്ന് ഭർത്താവിന്റെ പരിഹാസം; വിവാഹമോചനത്തിനൊരുങ്ങി യുവതി
Friday, August 30, 2019 1:58 PM IST
ഭർത്താവിന്റെ പരിഹാസം അസഹനീയമായ യുവതി വിവാഹബന്ധം വേർപെടുത്തുവാനൊരുങ്ങുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ 27 വയസുകാരിയാണ് പരാതിക്കാരി.
തനിക്ക് അമിത വണ്ണമാണെന്ന് പറഞ്ഞ് ഭർത്താവ് സ്ഥിരമായി പരിഹസിക്കുന്നുണ്ടെന്നും ഇത് മാനസികമായി തനിക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും യുവതി പറയുന്നു. 2014ലാണ് ഇവർ വിവാഹിതരാകുന്നത്.
സോഫ്റ്റ് വെയർ എൻജിനീയറായ ഭർത്താവ് നോയിഡയിലാണ് ജോലി ചെയ്യുന്നത്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. 2016ലേക്ക് ഇവർ ഗാസിയാബാദിലേക്ക് താമസം മാറുകയും ചെയ്തു.
തുടർന്ന് ഗാസിയാബാദിൽ എത്തിയതിനു ശേഷം ഭർത്താവ് സ്ഥിരമായി പാർട്ടികളിലും മറ്റും പങ്കെടുക്കുമായിരുന്നു. എന്നാൽ അമിത വണ്ണമാണെന്ന് കുറ്റപ്പെടുത്തി തന്നെ കൂടെ കൊണ്ടുപോകില്ലെന്നും ഇവർ പറയുന്നു. മാത്രമല്ല പാർട്ടികളിലും മറ്റും പങ്കെടുക്കുന്നതിൽ നിന്നും തന്നെ നിരുത്സാഹപ്പെടുത്തുമായിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.
തനിക്ക് അമിത വണ്ണമാണെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുന്നിൽ വച്ച് തന്നെ പരിഹസിക്കുമായിരുന്നുവെന്നും മദ്യപിക്കുവാൻ തന്നെ നിർബന്ധിക്കുമായിരുന്നുവെന്നും വിസമ്മതിക്കുമ്പോൾ തന്നെ ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
പരാതി സ്വീകരിച്ച കോടതി ഇരുവരുടെയും മൊഴി രേഖപ്പെടുത്തുവാൻ നിർദ്ദേശിച്ചിട്ടുണ്ട്.