ഉളി, വാക്കത്തി, കൈക്കോടാലി... ജെയ്മോന്റെ ബൈക്ക് റെഡി!
Friday, November 20, 2020 7:43 PM IST
കൂറ്റൻ നക്ഷത്രത്തിന് പിന്നാലെ തടി കൊണ്ട് ബൈക്ക് നിർമിച്ചും ജെയ്മോൻ വിസ്മയം തീർത്തു. കോവിഡ് കാലത്ത് ലഭിച്ച സമയം പ്രയോജനപെടുത്തിയാണ് ജെയ്മോൻ തടികൊണ്ട് ബെെക്കുണ്ടാക്കിയെടുത്തത്.
ബൈക്ക് പ്രേമിയായ അറുനൂറ്റിമംഗലം കൊല്ലംകുഴിയിൽ ജെയ്മോൻ ജോസഫാണ് തടിയിൽ ബൈക്ക് ഉണ്ടാക്കിയെടുത്തത്. പൂർണമായും തടി കൊണ്ട് ഉണ്ടാക്കിയ ബൈക്ക് സ്ക്രൂ ഉപയോഗിച്ചാണ് ഉറപ്പിച്ചെടുത്തത്. 120 കിലോയോളം തൂക്കം വരും ജയ്മോന്റെ തടി ബൈക്കിന്. ഉളി, വാക്കത്തി, കൈ കോടാലി എന്നിവ ഉപയോഗിച്ചു നിർമിച്ച ബൈക്കിനായി മഹാഗണി, റബർ തുടങ്ങിയ മരങ്ങളുടെ തടിയാണ് ഉപയോഗിച്ചത്.
ടയർ, എൻജിൻ തുടങ്ങിയ എല്ലാ ഭാഗങ്ങളും തടിയാണ്. മൂന്ന് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 2001 ൽ ജയ്മോൻ വാങ്ങിയ ബൈക്കിനോടുള്ള ഇഷ്ടത്തെ തുടർന്നാണ് ഇതിന്റെ മോഡലിൽ തടി ബൈക്ക് നിർമിക്കാൻ ജെയ്മോനെ പ്രേരിപ്പിച്ചത്.
തടി കൊണ്ടാണ് നിർമിച്ചതെങ്കിലും ഈ ബൈക്ക് തള്ളി ഓടിക്കാൻ കഴിയും. കൂടാതെ ബൈക്കിന്റെ സീറ്റ് ഉൗരി മാറ്റിയാൽ വിസിറ്റിംഗ് റൂമിൽ ടീ പോയിയായിട്ടും ഇതു ഉപയോഗിക്കാമെന്ന പ്രത്യേകതയുണ്ട്.
കഴിഞ്ഞ ക്രിസ്മസിന് പൂഴിക്കോൽ സെന്റ് ആന്റണീസ് പള്ളിയിൽ 108.9 അടി ഉയരമുള്ള കൂറ്റൻ നക്ഷത്രം സ്ഥാപിച്ച് ജെയ്മോന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും അറേബ്യൻ വേൾഡ് റിക്കോഡും ലഭിച്ചിരുന്നു. ഈ നക്ഷത്രം ഗിന്നസ് റെക്കോഡ് പരിഗണനയിലാണ്. പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂളിലെ ജീവനക്കാരനാണ് ജെയ്മോൻ. ഭാര്യ ജിൻസി നഴ്സാണ്. സാം ക്രിസ്റ്റി ഏക മകനാണ്.