ആഹാര സാധനങ്ങളും വില പിടിച്ച വസ്തുക്കളും തട്ടിയെടുത്ത് ഓടുന്ന കുരങ്ങുകളുടെ വീഡിയോ ആണ് സാധാരണയായി ഇന്‍റര്‍നെറ്റില്‍ കാണാറുള്ളത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് ബീഹാറിലെ ഒരു ഡോക്ടറെ കാണാനെത്തിയ ഒരു കുരങ്ങിന്‍റെ വീഡിയോ ആണ്.

ബിഹാറിലെ രോഹ്താസ് ജില്ലയിലുള്ള സസാരം നഗരത്തിലാണ് സംഭവം. ശരീരത്തില്‍ മുറിവുപറ്റിയ ഒരു കുരങ്ങന്‍ അടുത്തുള്ള ക്ലിനിക്കിലേക്ക് എത്തുകയായിരുന്നു. അവിടെ എത്തിയ കുരങ്ങ് തന്‍റെ മുറിവ് ഡോക്ടറെ കാണിച്ചു. ആശുപത്രിയിലെ ഡോക്ടറായ എസ് എം അഹമ്മദ് ഖുദ് കുരങ്ങിന് കൃത്യമായി ചികിത്സയും നല്‍കി.

ഡോക്ടര്‍ മരുന്നു വയ്ക്കുമ്പോഴൊക്കെ വളരെ അനുസരണയോടെയാണ് ഈ കുരങ്ങ് പെരുമാറിയത്. ഡോക്ടര്‍ കുരങ്ങിന് ചികിത്സ നല്‍കുന്ന വിവരമറിഞ്ഞ് നിരവധിപേരാണ് ക്ലിനിക്കിലേക്കെത്തിയത്.

ചികിത്സ ലഭിച്ച ശേഷം ഒന്നും തട്ടിയിടാതെ, ആരെയും ഉപദ്രവിക്കാതെ വളരെ ശാന്തനായാണ് ഈ കുരങ്ങ് മടങ്ങിയത്. സോഷ്യല്‍ മീഡിയ വഴി നിരവധിയാളുകളാണ് ഈ വീഡിയോ പങ്കുവെയ്ക്കുന്നത്.