മനോവിഷമമുള്ള ഒരാള്‍ കരയുക എന്നത് സര്‍വ സാധാരണമായൊരു കാര്യമാണല്ലൊ. പ്രത്യേകിച്ച് രോഗാവസ്ഥയിലുള്ള ഒരാള്‍. എന്നാല്‍ അമേരിക്കയില്‍ ഡോക്ടര്‍ക്ക് മുന്നില്‍ കരഞ്ഞ യുവതി തനിക്ക് കിട്ടിയ ആശുപത്രി ബില്ല് കണ്ട് ഒന്നുഞെട്ടി. കരച്ചിലിന്റെ പേരില്‍ 40 ഡോളര്‍ എഴുതിയിരിക്കുന്നു!


ന്യൂയോര്‍ക്കിലുള്ള കമിലെ ജോണ്‍സണ്‍ എന്ന യൂട്യൂബർ തന്‍റെ ഇളയ സഹോദരിക്കുണ്ടായ ഈ ദുരനുഭവം ട്വിറ്റര്‍ വഴി പങ്കുവച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

രക്തം പരിശോധിച്ചതിനും ഹീമോഗ്ലോബിന്‍ അളവ് നോക്കിയതിനും ഈടാക്കിയ തുകയിലുമധികമാണ് കണ്ണീര്‍തുള്ളിയ്ക്കായി ആശുപത്രക്കാര്‍ ഇട്ടിരിക്കുന്നത്.


അപൂര്‍വ രോഗത്തിനുടമയായ യുവതി ഡോക്ടര്‍ക്ക് മുന്നിലെത്തിയപ്പോള്‍ പെട്ടെന്നുണ്ടായ സങ്കടത്തില്‍ കരയുകയായിരുന്നു. യുവതി എന്തിനാണ് കരഞ്ഞതെന്നുപോലും തിരക്കാതെ ബില്ലിട്ട ആശുപത്രി അധികൃതരുടെ മനോഭാവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.


ഇതിനോടകംതന്നെ ഈ സംഭവം 54,000 പേര്‍ റീട്വീറ്റ് ചെയ്യുകയും 425,000 പേര്‍ ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയില്‍ കഴിഞ്ഞവര്‍ഷം മറ്റൊരു യുവതിക്കും സമാനമായ രീതിയില്‍ 11 ഡോളര്‍ കരച്ചില്‍ ബില്‍ കിട്ടിയിരുന്നു.