ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു; സേവ് ദ ഡേറ്റ് വൈറൽ
Tuesday, May 10, 2022 11:02 PM IST
സ്വർണ്ണക്കടത്ത് -ക്വട്ടേഷൻ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. ഇരുവരുടെയും പ്രണയ വിവാഹമാണ്. വരുന്ന മേയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു... എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു... എന്ന് ആകാശ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ആകാശ് തില്ലങ്കേരി. ഈ കേസിൽ ആകാശിനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു. സ്വർണ്ണക്കടത്ത് - ക്വട്ടേഷൻ വിവാദ സമയത്ത് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ വാർത്ത സമ്മേളനത്തിൽ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു.
ആകാശ് അടങ്ങുന്ന ക്വട്ടേഷൻ സംഘത്തെ പാർട്ടി ഒരു ചുമതലയും ഏൽപ്പിച്ചിട്ടില്ല എന്നാണ് അന്ന് ജയരാജൻ വ്യക്തമാക്കിയത്. നേരത്തെ ഡിവൈഎഫ്ഐക്കെതിരേ ആകാശ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ നേതൃത്വം തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അത് തുടർന്നാൽ പരസ്യമായി രംഗത്തെത്തേണ്ടി വരുമെന്നുമായിരുന്നു ആകാശിന്റെ വെല്ലുവിളി.
മേയ് 12ന് വധു ഗൃഹത്തിൽ വച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമാണ്. കണ്ണൂർ സ്വദേശിനിയാണ് അനുപമ. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.