വെെദ്യശാസ്ത്രം പുരോഗമിച്ച കാലമാണല്ലൊ ഇത്. അത്യാധുനിക ഉപകരണങ്ങളും മറ്റും മനുഷ്യരുടെ ആരോഗ്യത്തിനും ജീവനുമായി ഇന്ന് ആ രംഗത്തുണ്ട്. എന്നിരുന്നാലും ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട ഒന്നാണല്ലൊ തലച്ചോറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍.

ഇപ്പോഴിതാ ബ്രെയിന്‍ ട്യൂമര്‍ സര്‍ജറി നടത്തുമ്പോള്‍ ജൂനിയര്‍ എന്‍ടിആറിന്‍റെ കോമഡി രംഗങ്ങള്‍ കാണുന്ന ഒരു സ്ത്രീ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ആന്ധ്രാപ്രദേശിലെ കാക്കിനാഡ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. കോട്ടപ്പള്ളിയില്‍ നിന്നുള്ള 55 കാരിയായ അനന്തലക്ഷ്മിയാണ് ഈ കാഴ്ചക്കാരി.

അനന്തലക്ഷ്മിക്ക് കൈകാലുകളില്‍ മരവിപ്പും തലവേദനയും അനുഭവപ്പെട്ടിരുന്നു. പരിശോധനയില്‍ തലച്ചോറിന്‍റെ ഇടത് വശത്ത് ഒരു ട്യൂമര്‍ വളരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രികളിലെ ഉയര്‍ന്ന ബില്ല് കാരണം അനന്തലക്ഷ്മി സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു.

"എവേക്ക് ക്രാനിയോട്ടമി' എന്ന സാങ്കേതികവിദ്യ വഴിയുള്ള ഓപ്പറേഷന്‍ ആണ് നടത്തിയത്. ഈ ഓപ്പറേഷന്‍ സമയത്ത് രോഗി ബോധത്തിലായിരിക്കണം. അതിനാല്‍ തന്നെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ രോഗിയെ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നു.

രണ്ടരമണിക്കൂറോളം ശസ്ത്രക്രിയ നീണ്ടു. അനന്തലക്ഷ്മി ഈ സമയം തന്‍റെ പ്രിയപ്പെട്ട ചിത്രമായ അദുര്‍സിലെ ജൂനിയര്‍ എന്‍ടിആറും ബ്രഹ്മാനന്ദവും തമ്മിലുള്ള കോമഡി രംഗങ്ങള്‍ കണ്ടിരുന്നു. ഈ സമയം ഡോക്ടര്‍മാര്‍ ട്യൂമര്‍ വിജയകരമായി നീക്കുകയും ചെയ്തു.മാത്രമല്ല അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ രോഗിയെ ഡിസ്ചാര്‍ജും ചെയ്തു.


ശസ്ത്രക്രിയാ വേളയില്‍ രോഗി സിനിമ കാണുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. കഴിഞ്ഞ ജനുവരിയില്‍ സമാനമായൊരു ശസ്ത്രക്രിയാ വീഡിയോ പുറത്തുവന്നിരുന്നു. അന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ രോഗി ഗിറ്റാര്‍ വായിക്കുകയായിരുന്നു.