27 വര്‍ഷം അവധിയില്ലാതെ പണിയെടുത്ത ജീവനക്കാരന് കമ്പനി വക സിനിമ ടിക്കറ്റ് മാത്രം; നെറ്റിസണ്‍സ് ചെയ്തത്...
Tuesday, August 27, 2024 12:09 PM IST
ആത്മാര്‍ഥതയുള്ള ജോലിക്കാരാണല്ലൊ ഒരു കമ്പനിയുടെ വളര്‍ച്ചയുടെ നട്ടെല്ല്. പലരും അത്തരത്തില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ പലപ്പോഴും പല മുതലാളിമാരും അത് വിലമതിക്കാറില്ല. അത്തരമൊന്നാണ് "ബര്‍ഗര്‍ കിംഗി'ല്‍ ജീവനക്കാരനായ കെവിന് ഫോര്‍ഡിന് സംഭവച്ചത്.
യുഎസിലെ ലാസ് വേഗാസ് സ്വദേശിയായ ഇദ്ദേഹം 27 വര്‍ഷം ഒരു അവധി പോലും എടുക്കാതെയാണ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്തത്. അധികമാര്‍ക്കും സാധിക്കാത്ത ഒരു കാര്യമാണല്ലൊ ഇത്.
എന്നാല്‍ ഇത്ര കൊല്ലം അവധി എടുക്കാത്ത ജീവനക്കാരന് ഈ കമ്പനി നല്കിയ സമ്മാനം കേള്‍ക്കേണ്ട ഒന്നാണ്. മറ്റൊന്നുമല്ല സിനിമാ ടിക്കറ്റും ലഘുഭക്ഷണങ്ങളും സ്റ്റാര്‍ബക്സ് ഡ്രിങ്കും രണ്ട് ലൈറ്ററുകളും കുറച്ച് താക്കോലുകളും മാത്രം. കെവിന് ഫോര്‍ഡ് തന്നെ ഇക്കാര്യം ഒരു വീഡിയോ ആയി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ഇക്കാര്യം നെറ്റിസണ്‍സിനെ കലിപ്പിച്ചു. കെവിന്റെ മകള്‍ സെറീനയ്ക്ക് സങ്കടവുമായി. അവള് പിതാവിനായി ഗോഫണ്ട്മീയില്‍ ഒരു ഫണ്ട് റെയിസിംഗ് നടത്തി. പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ആളുകളില്‍ നിന്നുമുണ്ടായത്.
കെവിന്റെ ആത്മാര്‍ഥമായ സേവനം മനസിലാക്കിയവര്‍ എല്ലാവരും ചേര്‍ന്ന് 3.85 കോടി രൂപയോളമാണ് നല്‍കിയത്. ഒടുവില്‍ ഈ പൈസ കൊണ്ട് കെവിന് ഒരു വീട് വാങ്ങി. മാത്രമല്ല ഒരു ഫുഡ് ട്രക്കും വാങ്ങി. ഒക്ടോബറില്‍ സ്വന്തമായി ബിസിനസ് സംരംഭം തുടങ്ങാന്‍ തയാറെടുക്കുകയാണ് കെവിന്.
"എന്തായാലും ബര്‍ഗര്‍ കിംഗ് നഗ്നനാണെന്ന സത്യം അവര്‍ക്ക് വലിയ നാണക്കേടുണ്ടാക്കി' എന്നാണൊരാള്‍ കുറിച്ചത്.