പരിഹാസവും അവഗണനയും നേരിട്ടാണ് ഒരു കൂലിപ്പണിക്കാരന്റെ മകന് ഇവിടെയെത്തിയത്; ഷെഫ് സുരേഷ് പിള്ള
Wednesday, July 27, 2022 1:34 PM IST
ഷെഫ് പിള്ള എന്ന പേരിനെ സൂചിപ്പിച്ച് സമൂഹമാധ്യമത്തില്‍ വന്ന കുറിപ്പിന് മറുപടിയുമായി പാചകവിദഗ്ദന്‍ സുരേഷ് പിള്ള. ഡോ.നിഷ സുബൈര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് പങ്കുവച്ചാണ് സുരേഷ് പിള്ള മറുപടി പറഞ്ഞത്.
പേരിന്റെ വാലിനെ ചൊല്ലിയുള്ള നിങ്ങളുടെ വിഷമം മനസിലാക്കുന്നുവെന്നും ഔദ്യോഗിക നാമത്തിന്റെ 'പൊളിറ്റിക്കല്‍ കറക്ട്നസ്' തിരയുന്നവരോട് തല്ക്കാലം ഷെഫ് പിള്ളയും റസ്റ്ററന്റ് ഷെഫ് പിള്ളയും അതു പോലെ തന്നെ തുടരും എന്നും അദ്ദേഹം പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഷെഫ് സുരേഷ് എന്ന് പറഞ്ഞാല്‍ അയാളുടെ രസക്കൂട്ടുകള്‍ ആഹാരപ്രേമികള്‍ തള്ളിക്കളയുമോ എന്നും ജാതിവാല് മുറിച്ചു മാറ്റാന്‍ ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും ഡോക്ടര്‍ നിഷ സുബൈര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചതിന് പിന്നാലെയാണ് ഷെഫിന്റെ വിശദീകരണം.
കുറിപ്പിന്റെ പൂർണരൂപം
പ്രിയ ഡോക്ടര്‍,
എന്റെ പാചക വിഡിയോകളും പാട്ടും ഇഷ്ടമാണന്നറിഞ്ഞതില്‍ വളരെ സന്തോഷം. എന്റെ പേരിന്റെ വാലിനെ ചൊല്ലിയുള്ള അങ്ങയുടെ വിഷമം മനസിലാക്കുന്നു. ഒന്നാം ക്ലാസില്‍ ചേര്‍ത്തപ്പോള്‍ അച്ഛന് പറഞ്ഞു കൊടുത്ത പേരാണ് സുരേഷ് എസ്.
ആ 'എസ്' എന്താണന്ന് എസ്എല്‍എല്‍സി ബുക്കിലെ അച്ഛന്റെ പേരും ജോലിയും എഴുതിയ കോളം നോക്കിയാല്‍ മതി - ശശിധരന് പിള്ള - കൂലി. സുരേഷ് പിള്ള പേര് ഞാനായിട്ട് ഇട്ടതല്ല പിന്നീട് കൂട്ടിച്ചേര്‍ത്തതുമല്ല.
ശൈശവത്തില്‍ നമ്മുടെ പേര് ഇടുന്നതില്‍ നമുക്ക് ഒരു റോളും ഇല്ല എന്ന് ഡോക്ടര്‍ക്ക് അറിയാമെന്നു കരുതുന്നു. എന്റെ പേരിനൊപ്പം ഞാനായിട്ട് ഒന്നും തുന്നിച്ചേര്‍ത്തിട്ടില്ല. യുകെയിലെ ജോലിക്കാലത്ത് വീണ സര് നെയിമാണ് 'ഷെഫ് പിള്ള'. അവിടെ അങ്ങിനാണല്ലോ ഓരോ പേരും അറിയപ്പെടുന്നത്.
2005ല്‍ ഏതോ ഭാഗ്യത്തിന് ഇംഗ്ലണ്ടിലേക്ക് പോകാന്‍ ഒരവസരം കിട്ടിയപ്പോള്‍ എടുത്ത പാസ്പോര്‍ട്ടിലേക്കും വര്‍ക് പെര്‍മിറ്റിന്റെ അപേക്ഷയിലേക്കും അച്ഛന്റെ പേര് മുഴുവനായി ചേര്‍ക്കേണ്ടി വന്നു. അതൊരു മതപരമായ അടയാളപ്പെടുത്തലായി തോന്നുന്നവരോട് സ്നേഹം മാത്രം.
2005 മുതല്‍ ഇംഗ്ലണ്ടില്‍ വന്നപ്പോള്‍ ആരംഭിച്ച എഫ്ബി അക്കൗണ്ടിലും സുരേഷ് പിള്ള എന്നു തന്നെയായിരുന്നു. അന്നൊന്നും നമ്മള് ബ്രാന്‍ഡ് ആവുമെന്നോ സംരംഭകനാവുമെന്നോ നോക്കിയല്ല പേരെഴുതിയത്.
എന്റെ ഔദ്യോഗിക നാമത്തിന്റെ 'പൊളിറ്റിക്കല്‍ കറക്ട്നസ്' തിരയുന്ന വിശാല മനസ്കരോട് ഇത്രമാത്രം, അതു കൊണ്ട് തല്ക്കാലം ഷെഫ് പിള്ളയും റസ്റ്ററന്റ് ഷെഫ് പിള്ളയും അതു പോലെ തന്നെ തുടരും എന്നറിയിക്കുന്നു. പിന്നെ 'പൊളിറ്റിക്കല്‍ കറക്ടസ്' തുടങ്ങിയ ഏര്‍പ്പാടുകളൊന്നും നമുക്ക് വലിയ പിടിയില്ല. സ്നേഹം നിറച്ച് രുചികള്‍ വാരി വിളമ്പുന്ന ഒരു പാവം കൊല്ലംകാരനാണേ...??
പിന്നെ കല്ലിലരച്ച കറിക്കൂട്ടുകളാണ് പാക്കറ്റ് പെടികളേക്കാള്‍ എന്റെ രുചിക്കൂട്ട്. പല പരിഹാസവും അവഗണയും തിരസ്കാരവും അകറ്റിനിര്‍ത്തലും നേരിട്ടാണ് ഈ കൂലിപ്പണിക്കാരന്റെ മകന്റെ രുചി യാത്ര ഇവിടെവരെയെത്തിയത്. ഇടയ്ക്ക് ചിലരെല്ലാം ഈ അവഗണന ഓര്‍മിപ്പിക്കാറുമുണ്ട്.
ഇതെല്ലാം നേരിട്ടു വന്നതു കൊണ്ട് ഇതൊക്കെ പുഞ്ചിരിയോടെ ഉള്‍ക്കൊള്ളുന്നു????ഒരു പാട് സമയമുള്ളവരുടെ ഓരോ നേരമ്പോക്കുകളേ എന്നല്ലാതെന്താ ഇതിനൊക്കെ പറയുക. പ്രിയ ഡോക്ടര്‍ എന്നോടുള്ള വിദ്വേഷം കളഞ്ഞ് ഒരു ദിവസം കുടുംബമായി വരൂ, നമുക്ക് നിര്‍വാണ കഴിച്ച് രുചിയെക്കുറിച്ച് സംസാരിക്കാം.