ചൈനയിലെ "ചൗ ചൗ പാണ്ടകള്‍'; വാസ്തവം ഇതാണ്
Saturday, May 11, 2024 12:25 PM IST
എന്തിനും ഡൂപ്ലിക്കേറ്റ് ഇറക്കുന്നവരാണ് ഈ ചീനക്കാര്‍ എന്നാണ് വെയ്പ്പ്. അക്കാര്യം തെളിയിക്കുന്ന പല കാര്യങ്ങളും അവര്‍ ചെയ്യാറുണ്ട്. ലോകോത്തര കാറായാലും ഫോണായാലും ആരെവിടെ ഇറക്കിയാലും ഉടനടി അതിന്റെ ചൈനീസ് മോഡലും എത്തും.
എന്നാല്‍ തങ്ങളുടെ ഡൂപ്ലിക്കേറ്റ് പരീക്ഷണം ഇക്കാര്യങ്ങളില്‍ മാത്രമല്ലെന്ന് കാട്ടി എയറിലായിരിക്കുകയാണ് ചൈനയിലെ ഒരു മൃഗശാല അധികൃതര്‍. കഴിഞ്ഞദിവസം എക്സിലെത്തിയ ഒരു വീഡിയോ കണ്ട് ആളുകള്‍ ആകെ അമ്പരന്നു. കിഴക്കന്‍ ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലെ തായ്ജൂ മൃഗശാലയില്‍ നിന്നുള്ള ഒരു വീഡിയോ ആയിരുന്നത്.
വീഡിയോയില്‍ രണ്ട് "പാണ്ടകള്‍' വഴിയിലൂടെ നടക്കുകയാണ്. എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചുനോക്കുമ്പോള്‍ ഈ "പാണ്ടകളെ' കണ്ടാല്‍ നായകളെ പോലെ ഇരിക്കുന്നു. ഇതോടെ ഇക്കാര്യത്തിന് പിന്നിലെ രഹസ്യം ആളുകള്‍ ചികഞ്ഞു.
വാസ്തവത്തില്‍ ചൗ ചൗ ഇനത്തിലെ നായകളായിരുന്നു അത്. സന്ദര്‍ശകരെ ആകര്‍ഷിക്കാനും അവര്‍ക്ക് സന്തോഷം നല്കാനുമായി മൃഗശാലക്കാര് തീര്‍ത്ത മാര്‍ഗമാണത്രെ ഈ "ചൗ ചൗ പാണ്ടകള്‍'. അവര്‍ ഈ നായകളെ പാണ്ടകളോട് സാമ്യമുള്ള രീതിയില്‍ ട്രിം ചെയ്യുകയും ചായം പൂശുകയും ചെയ്തു. മാത്രമല്ല പാണ്ടകളായി ജീവിക്കാന്‍ ട്രെയിനിംഗും നല്കി.
എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ നിരവധിപേര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പെയിന്റും ഡൈയും നായകള്‍ക്ക് ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ നായ്ക്കളെ പെയിന്റ് ചെയ്യാനും പാണ്ടകളായി പ്രദര്‍ശിപ്പിക്കാനുമുള്ള തങ്ങളുടെ തീരുമാനത്തെ മൃഗശാല അധികൃതര്‍ ന്യായീകരിച്ചു. ചായങ്ങള്‍ ദോഷകരമല്ലെന്നാണ് അവര്‍ അവകാശപ്പെടുന്നത്.