വാക്സിന് ചലഞ്ച് ഏറ്റെടുത്ത് മലയാളി; ഒറ്റ ദിവസം ലഭിച്ചത് 22 ലക്ഷം രൂപ
Thursday, April 22, 2021 7:50 PM IST
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന് നയത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച വാക്സിന് ചലഞ്ച് വൈറലാകുന്നു. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ വാക്സിന് സ്വീകരിച്ചവര്‍ വാക്സിനേഷന് വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസാ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ക്യാമ്പയിന്. രണ്ട് ഡോസ് കോവിഡ് വാക്സിന് കുറഞ്ഞത് 800 രൂപയാണ് തുക വരുന്നത്.
സൗജന്യ വാക്സിന് സ്വീകരിച്ചവര്‍ ഈ തുക എല്ലാവര്ക്കും വാക്സിന് ലഭ്യത ഉറപ്പുവരുത്താന്‍ സംഭാവന ചെയ്യണമെന്നാണ് ക്യാമ്പയിനില്‍ പറയുന്നത്. ക്യാന്പയിൽ ആരംഭിച്ച വ്യാഴാഴ്ച ഒറ്റ ദിവസം കൊണ്ട് 22 ലക്ഷത്തിലധികം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. വൈകുന്നേരം നാലുവരെയുള്ള കണക്കാണിത്. പ്രതിസന്ധിഘട്ടങ്ങളിൽ സർക്കാരിനൊപ്പം നിൽക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വാക്സിന് ചലഞ്ച് എന്ന ഹാഷ് ടാഗ് വൈറലാവുകയും ചെയ്തിതിട്ടുണ്ട്. തുക സംഭാവന ചെയ്ത ശേഷം അതിന്റെ രസീത് വാക്സിൻ ചലഞ്ച് എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.