സിനിമ കാണാൻ 30 വർഷത്തിനു ശേഷം തിയറ്ററിലേക്ക് ഒരമ്മ!
Tuesday, November 23, 2021 8:33 PM IST
മുപ്പത് വർഷത്തിനു ശേഷം തിയറ്ററിൽ സിനിമ കണ്ട മുത്തശ്ശിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ആസിഫ് അലി നായകനായ എല്ലാം ശരിയാകും എന്ന സിനിമയാണ് നളിനാക്ഷിയമ്മ തിയറ്ററിൽ പോയി കണ്ടത്. 1990-ൽ ഇറങ്ങിയ സസ്നേഹം എന്ന സിനിമയാണ് നളിനാക്ഷിയമ്മ അവസാനം തിയറ്ററിൽ കണ്ടതെന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചുകൊണ്ട് ഗായകൻ രാഹുൽ ആർ നാഥ് കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
എല്ലാം ശരിയായോ? ഒന്ന് നോക്കാം!
മുപ്പത് വർഷത്തിനു ശേഷം ഒരു സിനിമ തിയേറ്ററിൽ പോയി കാണുക എന്നത് നളിനാക്ഷിയമ്മയെ സംബന്ധിച്ച് വളരെ ചലഞ്ചിങ് ആയ ഒരു ദൗത്യം തന്നെയായിരുന്നുവെന്ന് പറയാം. അപ്പോൾ നിങ്ങൾ ചോദിക്കുമായിരിക്കും, ഈ അമ്മൂമ്മയ്ക്ക് മക്കളില്ലേ, കൊച്ചുമക്കളില്ലേ, അവർക്കൊന്നു കൊണ്ടു പൊയ്ക്കൂടേ? എന്ന്. ചോദിക്കാൻ വരട്ടെ!
മക്കളുടെ വിദ്യഭ്യാസത്തിനു ശേഷം അവരും അമ്മൂമ്മയെ കൊണ്ടു പോയിട്ടുണ്ട്. കുടുംബത്തിന്റ ഉത്തരവാദിത്തങ്ങൾക്കായി ജീവിതം മാറ്റി വെച്ചപ്പോൾ, കാലം അല്പം കടന്നുപോയെന്നു മാത്രം.
അവസാനം കണ്ട സിനിമ 1990-ൽ ഇറങ്ങിയ സസ്നേഹം. അതിനു മുൻപ് പണ്ടത്തെ സിനിമാ കൊട്ടകയിലിരുന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കണ്ടിരുന്നത് ഇടയ്ക്കൊന്നയവിറക്കി. മുപ്പതു വർഷങ്ങൾക്കു ശേഷം, ഇന്നിപ്പോൾ ആദ്യമായി ഒരു ഡിജിറ്റൽ തിയേറ്ററിൽ ഇരുന്ന്, ശ്രീ.ജിബുജേക്കബ്ബ് സംവിധാനം നിർവ്വഹിച്ച് ആസിഫ് അലി, രജിഷാ വിജയൻ, സിദ്ദിക്ക് എന്നിവർ തകർത്തഭിനയിച്ച 'എല്ലാം ശരിയാകും' എന്ന സിനിമ കണ്ടിറങ്ങിയപ്പോൾ കഥാപ്രമേയവും, കഥാപാത്രങ്ങളും, ഗാനങ്ങളും ഒന്നിനൊന്ന് മെച്ചമെന്ന് പറയുന്നതിനിടയ്ക്ക് ഞാൻ വെറുതെയൊന്ന് ചോദിച്ചു.
"എന്നിട്ടെല്ലാം ശരിയായോ അമ്മൂമ്മേ ? ".
ഒരു ചെറു പുഞ്ചിരിയോടു കൂടിയുള്ള അമ്മൂമ്മയുടെ മറുപടി.
" ജീവിതത്തിൽ പ്രശ്നങ്ങൾ വരും, പോകും. എല്ലാം ശരിയാകും എന്ന പ്രതീക്ഷയോടു കൂടി മുന്നോട്ട് ജീവിക്കുക!"