നല്ല "വിധി'തന്നെ; പക്ഷേ ആ "കോടതി' വ്യാജമായിരുന്നു
Wednesday, October 23, 2024 3:28 PM IST
നമ്മുടെ നാട്ടില്‍ വ്യാജന്മാര് അത്ര പുതുമയുള്ള കാര്യമല്ലല്ലൊ. വ്യാജ ഡോക്ടര്‍, വ്യാജ പോലീസ്, വ്യാജ അധ്യാപകന് എന്നിങ്ങനെ നീളും ആ ലിസ്റ്റ്. എന്നാല്‍ "തീക്കട്ടയില്‍ ഉറുമ്പരിച്ച' പോലത്തെ ഒരു സംഭവമാണ് ഈ വ്യാജം.
അത് മറ്റൊന്നുമല്ല സാക്ഷാല്‍ കോടതിക്ക്വരെ ഡ്യൂപ്പിട്ടിരിക്കുകയാണ് ചില തട്ടിപ്പുവീരന്മാര്. സംഗതി അങ്ങ് ഗുജറാത്തിലാണ്. ഗാന്ധിനഗറില്‍ ഒരു "കോടതി'യുണ്ടായിരുന്നു. ഏത് ഭൂമി തര്‍ക്കക്കേസിലും പരിഹാരമുണ്ടാക്കും. 2019 മുതല്‍ പ്രദേശത്തെ ഭൂമി ഇടപാടുകളില്‍ ഈ "കോടതി '"വിധി' പുറപ്പെടുവിക്കുമായിരുന്നു.
പോലീസ് പറയുന്നതനുസരിച്ച്, മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാളാണത്രെ ഈ "കോടതി'ക്ക് പിന്നിലെ പ്രധാനി. ഇയാളായിരുന്നു ഈ "കോടതി'യിലെ "ജഡ്ജി'. ഇയാളുടെ സംഘത്തില്‍പ്പെട്ട പലരും വക്കീലായും ഗുമസ്തനായും എഴുത്തുകാരനായും പോലീസായുമൊക്കെ കോടതി പരിസരത്ത് കാണപ്പെട്ടു. ഒരു കെട്ടിടത്തില്‍ കോടതി പോലെ തന്നെയുള്ള സജ്ജീകരണവും ഒരുക്കി. കേസുകള്‍ തീര്‍പ്പാക്കുന്നതിനും വിധി അനുകൂലമാക്കുന്നതിനും വേണ്ടി ഇടപാടുകാരില്‍ നിന്നും ഇയാളും സംഘവും പണം വാങ്ങിയിരുന്നു.
2019-ല്‍, ക്രിസ്റ്റ്യന്‍ തന്റെ ക്ലയ്ന്റിന് അനുകൂലമായി ഒരു ഓര്‍ഡര്‍ പാസാക്കി. ജില്ലാ കളക്ടറുടെ കീഴിലുള്ള സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ടതാണ് കേസ്. ജില്ലാ കളക്ടറുടെ കീഴിലുള്ള ഒരു സര്‍ക്കാര്‍ഭൂമിയുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്ക കേസില്‍ ഈ വ്യാജകോടതി "വിധി' പുറപ്പെടുവിച്ചതോടെയാണ് കള്ളിവെളിച്ചത്തായത്.
ഉത്തരവ് നടപ്പാക്കാന്‍ മറ്റൊരു അഭിഭാഷകന് മുഖേന ക്രിസ്റ്റ്യന്‍ സിറ്റി സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കുകയും താന്‍ നല്കിയ വഞ്ചനാപരമായ ഉത്തരവ് അറ്റാച്ച് ചെയ്യുകയും ചെയ്തു. കോടതി രജിസ്ട്രാര്‍, ഹാര്‍ദിക് ദേശായി, ക്രിസ്റ്റ്യന്‍ ഒരു മധ്യസ്ഥനല്ലെന്നും ട്രിബ്യൂണലിന്റെ ഉത്തരവ് യഥാര്‍ഥമല്ലെന്നും കണ്ടെത്തുകയായിരുന്നു.
അതോടെ ഈ "ജഡ്ജി' അറസ്റ്റിലായി. ഇതോടെ ഈ കോടതി യഥാര്‍ഥമാണെന്ന് കരുതി അനൂകൂല വിധി നേടിയവരും കേസ് നടത്തിക്കൊണ്ടിരിക്കുന്നവരും ഞെട്ടിയിരിക്കുകയാണ്. ആള് അകത്തായെങ്കിലും സകലരെയും ഞെട്ടിക്കുന്ന കാര്യം മറ്റൊന്നാണ്. അഞ്ചുവര്‍ഷമായി ഒരു വ്യാജ കോടതി ഇന്നാട്ടില് എങ്ങനെ വിജയകരമായി പ്രവര്‍ത്തിച്ചു എന്നതാണത്. എല്ലാം "വിധി' എന്നാണ് നെറ്റിസണ്‍സ് പറയുന്നത്...