ഭക്ഷണം പാവങ്ങൾക്ക് നൽകി യുവതി; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
Sunday, December 5, 2021 9:01 PM IST
വിവാഹ സത്കാര ചടങ്ങിനൊടുവിൽ ഭക്ഷണം ബാക്കിവരുന്നത് പതിവു കാര്യമാണ്. അപൂർവമായി ഭക്ഷണം തികയാതെ വരുന്ന സംഭവങ്ങളുമുണ്ട്. എന്നാൽ ഭക്ഷണം ബാക്കി വരുന്നതാണ് വലിയ വിവാഹ ചടങ്ങുകളിലും സംഭവിക്കാറുള്ളത്. ചിലർ ബന്ധുക്കൾക്കും അയൽക്കാർക്കുമൊക്കെ ബാക്കി വരുന്ന ഭക്ഷണം നൽകാറുണ്ട്.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വിവാഹ വിരുന്നിന് മിച്ചം വന്ന ഭക്ഷണം പാവപ്പെട്ടവര്‍ക്ക് എത്തിച്ച യുവതിയാണ് താരമായിരിക്കുന്നത്. സഹോദരന്റെ വിവാഹത്തിന് മിച്ചം വന്ന ഭക്ഷണം ആണ് യുവതി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തത്. ബാക്കിവന്ന ഭക്ഷണം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുകയായിരുന്നു.
പാപിയ കര് എന്ന യുവതിയാണ് ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയത്. നീലാഞ്ജര് മണ്ഡല് എന്ന വെഡ്ഡിങ് ഫോട്ടോഗ്രഫറാണ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത വേഷം അണിഞ്ഞുകൊണ്ടായിരുന്നു പാപിയയുടെ ഭക്ഷണവിതരണം. പാപിയയുടെ ഭക്ഷണം വാങ്ങുന്നതിനായി പ്രായമായ സ്ത്രീകളും കൊച്ചുകുട്ടികളും റിക്ഷാവലിക്കാരുമൊക്കെ പാപിയയുടെ പക്കല്‍ നിന്ന് ഭക്ഷണം വാങ്ങുന്നുണ്ട്.