വൈദികനായിട്ട് ഒന്പത് വർഷം; ഫാ. പോൾ കാർമികനായി ആദ്യ പെസഹ
Thursday, April 14, 2022 2:15 PM IST
വൈദികനായിട്ട് ഒന്പത് വർഷത്തിനു ശേഷം ഫാ. പോൾ കള്ളിക്കാടൻ ആദ്യമായി ഇന്നു കാൽകഴുകൽ ശുശ്രൂഷയ്ക്ക് കാർമികനാകുന്നു. വൈദിക പട്ടം സ്വീകരിക്കുന്നതിന് ഒന്നരവർഷം മുന്പ് ഫാ. പോളിന്റെ ഒരു കാഴ്ച നഷ്ടപ്പെട്ടിരുന്നു. വൈദിക പട്ടം സ്വീകരിക്കുന്ന ചടങ്ങിന് ഏതാനം ദിവസം മുനപ് രണ്ടാം കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. 2014 ജനുവരി ഒന്നിന് കാഴ്ചയില്ലാതെയാണ് വൈദിക പട്ടം സ്വീകരിച്ചു.
വായിക്കേണ്ട ബൈബിൾ ഭാഗവും കുർബാന മുഴുവനും റെക്കോർഡ് ചെയ്തു വീണ്ടും വീണ്ടും കേട്ടു പഠിച്ചു. നവവൈദികന് കാഴ്ചയില്ലാത്ത വിവരം പോളിന്റെ വീട്ടുകാർക്കും അടുത്ത ബന്ധുക്കൾക്കുമൊഴികെ ആർക്കും അറിയില്ലായിരുന്നു.
ആദ്യം നാലു മാസത്തോളം സഹവികാരിയായെങ്കിലും രണ്ടാം വർഷം മുതൽ ആരോഗ്യപ്രശ്നം രൂക്ഷമായി. ശരീരത്തിന്റെ പ്രതിരോധശേഷി അമിതമാകുന്ന ബേഷെറ്റ്സ് ഡിസീസ് എന്ന അപൂർവ രോഗമാണ് കാഴ്ച ഇല്ലാതാക്കിയത്. കാണാതെ കുർബാന ചൊല്ലുന്ന, കാണാതെ വചനം പറയുന്ന വൈദികൻ എന്ന വിശേഷണവും ഫാ. പോളിന് ഈ നാളുകളിൽ കിട്ടി. ‘ചലിക്കുന്ന ബൈബിൾ’ എന്ന അപരനാമവും ഇക്കഴിഞ്ഞ നാളുകളിൽ കുട്ടികൾ പോളച്ചന് ചാർത്തിക്കൊടുത്തു.
മൂന്നു വർഷത്തെ അന്ധതക്കൊടുവിൽ വലതു കണ്ണിന് കാഴ്ച തിരികെ കിട്ടി. പിന്നീട് ജൂബിലി ആശുപത്രിയിൽ സ്പിരിച്വൽ ഡയറക്ടർ സേവനം ചെയ്തു. രണ്ടുമാസം മുൻപാണ് തൃപ്രയാർ താന്ന്യം സെന്റ് പീറ്റേഴ്സ പള്ളിയിൽ വികാരിയായി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഫാ. പോളിനെ നിയമിച്ചത്. തൃശൂർ അതിരൂപതയിലെ അരിമ്പൂർ-വെളുത്തൂർ ഇടവകാംഗമായ ഫാ. പോൾ കള്ളിക്കാടൻ, ആന്റണി - റോസ്ലി ദന്പതികളുടെ മൂന്നു മക്കളിൽ രണ്ടാമനാണ്.