സഞ്ചാരികൾക്കൊപ്പം കൂട്ടുകൂടി, കളിച്ച് പുള്ളിപ്പുലി; അന്തംവിട്ട് സോഷ്യൽ മീഡിയ
Friday, January 15, 2021 9:23 PM IST
വിനോദസഞ്ചാരികൾക്കൊപ്പം കളിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഹിമാചൽ പ്രദേശിലെ തിർഥാൻ താഴ്വരയിൽ നിന്നുള്ളതാണ് ദൃശ്യം.
വഴിയരികിൽ നിൽക്കുന്ന ഒരു സംഘം യുവാക്കളുടെ അരികിലേക്ക് വരുന്ന പുള്ളിപ്പുലിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പുലി അടുത്തേക്കെത്തുന്നതു കണ്ട് രണ്ടു പേർ മൊബൈലിൽ വീഡിയോ പകർത്താനായി അവിടെ നിന്നു. ഇതിൽ ഒരാളുടെ ശരീരത്തിലേക്ക് പുലി ചാടിക്കയറുന്നതും കൈകളിൽ തൂങ്ങുന്നതും പിന്നീട് അടുത്ത യുവാവിന്റെ അടുത്തെത്തി പുള്ളിപ്പുലി കളിക്കുന്നതും വീഡിയോയിൽ കാണാം.
വന്യജീവിയുടെ വിചിത്രമായ ഈ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വന്യജീവിക്കൊപ്പം കളിക്കുന്ന യുവാക്കളെ ചിലർ വിമർശിക്കുന്നുമുണ്ട്. അതേസമയം ആരോ വളർത്തുന്ന പുലിയാണിതെന്നും റിപ്പോർട്ടുണ്ട്. അതുകൊണ്ടാണത്രേ പുള്ളിപ്പുലി ഇണക്കത്തോടെ പെരുമാറിയത്.