41 ലക്ഷം രൂപ, ആഭരണങ്ങൾ, എസ്യുവിയുടെ താക്കോൽ; സ്ത്രീധനം പ്രദർശിപ്പിച്ച് കുടുംബം
Tuesday, June 29, 2021 12:17 PM IST
സ്ത്രീധനമായി കിട്ടിയ പണവും സ്വർണവും പ്രദർശനത്തിന് വച്ച് വരൻ. ഉത്തര്‍പ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. 41 ലക്ഷത്തോളം രൂപയുടെ നോട്ടുകൾ പാത്രങ്ങളിൽ അടുക്കിവെച്ചാണ് പ്രദർശിപ്പിച്ചത്. ഒപ്പം ആഭരണങ്ങളും എസ്യുവിയുടെ താക്കോലും ഉണ്ടായിരുന്നു.
ഷംലി സ്വദേശിയും സൂറത്തിലെ വസ്ത്ര വ്യാപാരിയുമായ ആളുടെ മകളുടെ വിവാഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. നിറയെ ആഭരണങ്ങളണിഞ്ഞുള്ള ഇരുപതുകാരിയായ വധുവിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കർണാടകയിൽ വസ്ത്രവ്യാപാരം നടത്തുന്ന ഷംലി സ്വദേശിയാണ് വരൻ. ഏകദേശം ഒരുകോടിയോളം സ്ത്രീധനം ഇയാൾ വാങ്ങിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പ്രദേശത്ത് ഇത്തരം രീതികൾ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്തരത്തിലുള്ള മൂന്ന് വിവാഹങ്ങൾക്കൂടി നടന്നിരുന്നത്രേ. വീഡിയോ വൈറലായതിനു പിന്നാലെ പോലീസും ഇൻകം ടാക്സ് വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.