വൈറലായി ‘വിവാഹപത്രം’; സൂപ്പറാണെന്ന് സോഷ്യൽ മീഡിയയിൽ
Saturday, November 13, 2021 9:39 PM IST
സോഷ്യൽ മീഡിയയിൽ വൈറലായി ‘വിവാഹപത്രം’. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അർജുനൻ ചെട്ടിയാർ-ഉഷ ദമ്പതികളുടെ മകൻ ദീപേഷിന്റെയും കരുനാഗപ്പള്ളി സ്വദേശി ആർ.ശശികുമാർ-അനിത ദമ്പതികളുടെ മകൾ കാവ്യയുടെയും വിവാഹക്ഷണക്കത്താണ് വൈറലാകുന്നത്. ഖത്തറിലെ ഗൾഫ് ടൈംസ് പത്രത്തിന്റെ ഡിജിറ്റൽ മാർക്കറ്റിങ് ഹെഡ് ആയി പ്രവർത്തിക്കുന്ന വരൻ ദീപേഷിന്റെ ആശയമായിരുന്നു ഇത്തരമൊരു ക്ഷണക്കത്ത്.
തുടർന്ന് സഹപ്രവർത്തകരുടെ സഹായത്തോടെ ക്ഷണക്കത്ത് ഡിസൈൻ ചെയ്യുകയായിരുന്നു.പത്രത്തിന്റെ മാതൃകയിൽ ഒരുക്കിയ നാലു പേജുകളുള്ള ക്ഷണക്കത്തിൽ ആദ്യ പേജിൽ ഇരുവരും ആദ്യമായി കണ്ടുമുട്ടിയ കാര്യമാണുള്ളത്. തുടർന്ന് വിവാഹത്തിനുള്ള ക്ഷണം, വേദിയും മുഹൂർത്തവും സംബന്ധിച്ചുള്ള കാര്യങ്ങൾ, ചടങ്ങുകൾ തത്സമയം കാണാനുള്ള ക്യൂആർ കോഡ്, വധൂവരന്മാരുടെ കുടുംബ വൃക്ഷം എന്നീ കാര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
വ്യത്യസ്തമായ ഈ ക്ഷണക്കത്ത് ഇഷ്ടപ്പെട്ടതോടെ വധുവിന്റെ വീട്ടുകാർ ചെറിയ മാറ്റങ്ങൾ വരുത്തി ഇതു തന്നെ പ്രിന്റ് ചെയ്തു. നവംബർ 21 ഞായറാഴ്ച കരുനാഗപ്പള്ളിയിൽ വച്ചാണ് ഇവരുടെ വിവാഹം.