യാത്രക്കാര്‍ പാസ്പോര്‍ട്ടും വിസയും കൈവശം വയ്ക്കേണ്ട ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍...
Monday, October 7, 2024 2:47 PM IST
പാസ്പോര്‍ട്ട്, വിസ എന്നൊക്കെ കേള്‍ക്കുമ്പോഴെ നമ്മുടെ മനസില്‍ വരിക വിമാനയാത്ര, എയര്‍പോര്‍ട്ട് എന്നതൊക്കെ ആയിരിക്കുമല്ലൊ. എന്നാല്‍ വിമാനത്തില്‍ മാത്രമല്ല ചിലപ്പോള്‍ റെയില്‍വേയ്ക്കും ഇവ ഒക്കെ വേണ്ടിവരും.കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും സംഭവം സത്യമാണ്.
നമ്മുടെ രാജ്യത്തെ ചില റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ പാസ്പോര്‍ട്ടും വിസയും കൈവശം വയ്ക്കേണ്ടതുണ്ട്. ഇത് മറ്റെവിടെങ്ങുമല്ല മറ്റ് രാജ്യങ്ങളുമായി അതിര്‍ത്തി വരുന്ന ചില റെയില്‍വേ സ്റ്റേഷനുകളിലാണ്. അതായത് അന്താരാഷ്ട്ര യാത്രകള്‍ നടത്താന്‍ ഇവ ആവശ്യമാണ്. നമ്മുടെ രാജ്യത്ത് അത്തരത്തില്‍ ഏഴോളം റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ട്.
അതില്‍ പ്രസിദ്ധമായ ഒന്നാണ് പശ്ചിമ ബംഗാളിലെ പെട്രാപോള്‍ റെയില്‍വേ സ്റ്റേഷന്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനാണിത്. ഈ സ്റ്റേഷനില്‍ നിന്നുള്ള ട്രെയിനുകള്‍ ബ്രോഡ് ഗേജ് ലൈന്‍ വഴി ബംഗ്ലാദേശിലേക്ക് ബന്ധിപ്പിക്കുന്നു. ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍, നിങ്ങള്‍ക്ക് ഒരു ടിക്കറ്റും സാധുവായ പാസ്പോര്‍ട്ടും വിസയും ആവശ്യമാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഇത് ബംഗ്ലാദേശിലെ ഖുല്‍നയുമായി ചരിത്രപരമായ ബ്രോഡ്-ഗേജ് ലൈനിലൂടെ ബന്ധിപ്പിക്കുന്നു. ചരക്ക് ഗതാഗതത്തിനും ഈ സ്റ്റേഷന് നിര്‍ണായകമാണ്.
അതുപോലെ, പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനാജ്പുര്‍ ജില്ലയിലെ രാധികാപുര്‍ റെയില്‍വേ സ്റ്റേഷനും ഇത്തരത്തിലെ ഒന്നാണ്. അത് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഒരു പ്രധാന ചെക്ക് പോയിന്റാണ്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് 4.5 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളിലെ ഹല്‍ദിബാരി റെയില്‍വേ സ്റ്റേഷന് ചിലഹാത്തി സ്റ്റേഷന് വഴി ബംഗ്ലാദേശുമായി ബന്ധിപ്പിക്കുന്ന ഒന്നാണ്.
ബീഹാറിലെ മധുബനി ജില്ലയിലെ ജയനഗര്‍ റെയില്‍വേ സ്റ്റേഷന് ഇത്തരത്തിലുള്ള ഒന്നാണ്. ഇവിടെ നിന്നും നേപ്പാളിലെ ജനക്പുരിലേക്ക് നേരിട്ട് ട്രെയിന്‍ ലഭിക്കും. നേപ്പാളിലെ കുര്‍ത്ത റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഇവിടം ഏകദേശം 39 ട്രെയിനുകളുടെ ടെര്‍മിനലാണ്.
ബീഹാറിലെ ബിര്‍ഗഞ്ച് അതിര്‍ത്തിക്കടുത്തുള്ള റക്സൗള്‍ ജംഗ്ഷന് റെയില്‍വേ സ്റ്റേഷനും നേപ്പാളിലേക്കുള്ള ഒരു പ്രധാന പ്രവേശന കേന്ദ്രമാണ്. അഞ്ച് പ്ലാറ്റ്ഫോമുകളുള്ള ഈ സ്റ്റേഷന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ നേപ്പാളുമായി ബന്ധിപ്പിക്കുന്നു. ബീഹാറിലെ ജോഗ്ബാനി റെയില്‍വേ സ്റ്റേഷനും ഇന്ത്യയെ നേപ്പാളുമായി ബന്ധിപ്പിക്കുന്നുണ്ട്.
ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന് എന്നറിയപ്പെടുന്ന ഡല്‍ഹി ജംഗ്ഷന് പാക്കിസ്ഥാനിലേക്കുള്ള കണക്ഷനുകള്‍ ഉള്‍പ്പെടെ ആഭ്യന്തര, അന്തര്‍ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളുടെ ഒരു പ്രധാന കേന്ദ്രമാണ്.
അന്താരാഷ്ട്ര യാത്രകളുടെ പേരില്‍ ഏറ്റവും പ്രസിദ്ധമായ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന് അട്ടാരിയാണ്. ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനാണിത്. ഒരു കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പ്രധാന കണ്ണിയായിരുന്നു ഈ സ്റ്റേഷന്. ഇവിടെനിന്ന് സംഝോത എക്സ്പ്രസ് പാക്കിസ്ഥാനിലേക്ക് ഓടിയിരുന്നു. എന്നാല്‍ 2019 മുതല്‍ ആ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്...